കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും, കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെവി തോമസും പങ്കെടുത്തു. വയനാട് ദുരന്തസഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായി എന്നും ആശ വര്‍ക്കര്‍മാരുടെ പ്രതിസന്ധി മുഖ്യമന്ത്രി ഉന്നയിച്ചില്ലെന്നുമാണ് വിവരം. വയനാട്ടിലെ ദുരന്ത സഹായ വായ്പയുടെ കാലാവധി നീട്ടണമെന്നും ദുരന്ത സഹായം പൂര്‍ണ്ണമായും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ വികസനത്തിനും കേന്ദ്രത്തിന്റെ കൂടുതല്‍ ഇടപെടല്‍ തേടി. ഉപാധികളില്ലാതെ കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യവും മുന്പോട്ട് വച്ചെന്നാണ് വിവരം.
1925ൽ മഹാത്മാഗാന്ധിയും ശ്രീനാരയണ ഗുരുവും നടത്തിയ സമാഗമം ഒരു ജനതയുടെയാകെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേര് നേരിനെ കൈ പിടിച്ചണച്ച, ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ ഏറ്റവും പ്രധാനമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും ശിവഗിരിയിൽ നടന്ന ചരിത്രപ്രസിദ്ധമായ ഗാന്ധി-ഗുരു സംഭാഷണത്തിന്റെ നൂറാം വാർഷിക ദിനത്തിൽ വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും വിപുലമായ പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്നത്.
മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്. ദേശീയ പാതയുടെ കാര്യത്തിൽ അടക്കം എന്റെ തല എന്റെ മരുമകൻ എന്ന സമീപനം ആണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വികസനത്തിന് കൂടുതൽ സഹായം കേരളത്തിന് കിട്ടണം അത് ചോദിക്കുന്നതിൽ തെറ്റില്ല അതിനു പകരം കേരളത്തെ ഞെക്കി പിഴിയുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങള്‍ ആരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. രഞ്ജി ടീമിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, കായിക സംഘടനകള്‍ക്കെതിരെ മന്ത്രി നിയമസഭയിലും വിമര്‍ശനം തുടര്‍ന്നു.
കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയിൽ ഇളവ് പിണറായിക്ക് മാത്രം നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിബിയിൽ നിലനിർത്തും. പ്രായപരിധിയിൽ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയിൽ നിന്ന് ഒഴിവാകും.
കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർത്ഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി. മാറ്റം ആവശ്യപ്പെട്ടത് 3000 പേരാണെന്നും കൂടുതൽ അപേക്ഷകൾ വന്നാൽ നറുക്കെടുപ്പിലൂടെ തീർത്ഥാടകരെ തെരഞ്ഞെടുക്കുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് 40,000 രൂപ അധികം നൽകേണ്ടി വരുന്നുണ്ട്.
എറണാകുളം കളമശ്ശേരിയിൽ കുട്ടികളിലെ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കണ്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു. 3 കുട്ടികൾക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായി സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും മുഖ്യമന്ത്രിക്കുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ദില്ലിയില്‍ സംഘടിപ്പിച്ച വിരുന്നിനെ പുകഴ്ത്തി ശശി തരൂർ. അസാധാരണ നടപടിയാണിതെന്നും രാഷ്ട്രീയ വ്യത്യാസം മറന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമങ്ങൾ ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കും ഗവർണർക്കും ഒപ്പമുള്ള സെൽഫിയും തരൂർ സമുഹമാധ്യമത്തില്‍ പങ്കുവച്ചു.
സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിലെത്തി. മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് അവർ മടങ്ങിയത്. അതിനിടെ കുടൽ മാണിക്യം വിഷയത്തിലെ അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോയെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ തന്നെ പ്രചരിപ്പിച്ചതല്ലേയെന്നും ചോദിച്ച സുരേഷ് ഗോപി, വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു.
അന്തർസംസ്ഥാന ലഹരിക്കടത്ത് തടയാനായി ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി റെയിൽവേ പൊലീസ്. ഓപ്പറേഷൻ ഡി ഹണ്ടിന്റ ഭാഗമായി പാഴ്സലുകളും ലഗേജുകളും റെയിൽവെ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സ്ആപ്പ് മുഖേനെ കത്ത് നൽകി. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു. താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ഉള്ള നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ബാലു പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലും സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം.
പാലക്കാട്ടെ മദ്യ നിർമ്മാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാൽ കേസെടുക്കാമെന്നാണ് റവന്യു വകുപ്പിൻ്റെ നിർദേശം. ഭൂമിയെകുറിച്ച് അന്വേഷിക്കാൻ താലൂക്ക് ലാന്റ് ബോഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്.
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചതായി പരാതി. പരിക്കേറ്റ എ.ആര് നഗര്‍ ചെണ്ടപ്പുറായ സ്വദേശി ഉഷ, മകള്‍ നിഥാന എന്നിവര്‍ക്കാണ് ചികില്‍സ കിട്ടാതിരുന്നത്. ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഉഷക്കും മകള്‍ നിഥാനക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികില്‍സ കിട്ടിയില്ലെന്നാണ് പരാതി.
ഏറ്റുമാനൂരിൽ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഏറ്റുമാനൂർ കോടതി തള്ളി. പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതോടൊപ്പം, ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സക്കായെന്ന് ഇടുക്കി കരിങ്കുന്നത്തെ കുടുംബശ്രീ അംഗങ്ങൾ വ്യക്തമാക്കി.
മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും അതീവ അപകട സാധ്യതയുള്ള സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വരുമോ എന്ന ആശങ്കയിൽ കുടുംബങ്ങൾ. ഗോ- നോ ഗോ സോൺ മേഖല അടിസ്ഥാനമാക്കി മൂന്നാംഘട്ട പുനരധിവാസ കരട് പട്ടിക തയ്യാറാക്കിയപ്പോൾ പലരും പട്ടികയിൽ നിന്നും പുറത്തായി. ചില സ്ഥലത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന വീടുകളിൽ ഒന്ന് പട്ടികയിലും മറ്റൊന്ന് പട്ടികക്ക് പുറത്തുമാണ്. ഇന്നലത്തെ സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങൾ.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ട്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ല. വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചപ്പോൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.
റമദാനിൽ സിയാറത്ത് യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്. മാർച്ച് 20ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ‘പുണ്യ പൂക്കാലം ധന്യമാക്കാൻ മഹാന്മാരുടെ ചാരത്ത്’ എന്ന പേരിലാണ് യാത്ര. പുരുഷൻമാർക്ക് മാത്രമായി നടത്തുന്ന യാത്രയിൽ ഒരാൾക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് വള്ളങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്-കോസ്റ്റൽ പൊലീസ് സംയുക്തസംഘം പിടികൂടി. വാടാനപ്പള്ളി തൃത്തല്ലൂർ കരീപ്പാടത്ത് വീട്ടിൽ മനീഷ് എന്നയാളുടെ സൂര്യദേവൻ എന്ന വള്ളവും ഏങ്ങണ്ടിയൂർ സ്വദേശി പുതുവീട്ടിൽ നസീറിന്റെ ക്യാരിയർ വള്ളവും ഉൾപ്പെടെ രണ്ട് യാനങ്ങളാണ് അധികൃതർ പിടിയിലായത്. യാനങ്ങളിൽ ഉപയോഗിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു. വള്ളങ്ങളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച 97,00 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി.
എസ്എംഎ രോഗബാധിതരുടെ ചികിത്സയ്ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തിൽ ഇതുവരെ അനൂകൂല തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ട്. രോഗബാധിതരായവരുടെ കുടുംബങ്ങളും ജനപ്രതിനിധികളും വിഷയം പല തവണ ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. എസ്എംഎ രോഗിയായ മലയാളി നൽകിയ ഹർജിയിൽ കേന്ദ്രത്തോട് നിലപാട് തേടിയിരിക്കുകയാണ് സുപ്രീംകോടതി.
പാലക്കാട് വാളയാറിൽ നിയമം ലംഘിച്ച് കന്നുകാലികടത്ത്. മൃഗസംരക്ഷണ വകുപ്പിന്റെ ആർടി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ കന്നുകാലി കടത്ത് കണ്ടെത്തിയത്. സേലത്തു നിന്നും ആലുവയിലേക്ക് പോയ ചരക്ക് ലോറിയിൽ ഒരു പശുക്കിടാവിനെ ചത്ത നിലയിലും കണ്ടെത്തി. 13 കന്നുകാലികളെ കയറ്റേണ്ട ഈ വാഹനത്തിൽ 22 കാലികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ലക്ഷം രൂപ പിഴ ഈടാക്കി.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ അടിച്ചുതകർത്ത പ്രതികൾ അറസ്റ്റിൽ. ലഹരി തർക്കവുമായി ബന്ധപ്പെട്ടല്ല അക്രമമെന്നും ഫാർമസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകർത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.
തായ്ലൻഡ് മ്യാൻമാർ ജോലി തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയ ഇന്ത്യക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിബിഐ. ഇവരുടെ കൈവശമുള്ള രേഖകളടക്കം പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസിലാണ് നടപടി.
പത്തനംതിട്ടയിലെ വ്ലോഗർ നീനു നൽകിയ സൈബർ ആക്രമണ പരാതിയിൽ പന്തളം പോലീസ് കേസെടുത്തു. ആശമാരുടെ സമരത്തെ പിന്തുണച്ചു സമൂഹമാധ്യമ പ്രതികരണം നടത്തിയതിനെ തുടർന്നായിരുന്നു സൈബർ ആക്രമണം. തൃശൂർ കുന്നംകുളം സ്വദേശി ജനാർദ്ദനെതിരെയാണ് കേസെടുത്തത്. നീനുവിന്റെ വീഡിയോക്ക് താഴെ ഇയാൾ അസഭ്യ കമന്റിട്ടിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ നടത്തിയ പേരാമ്പ്ര സ്വദേശി മരിച്ചത് ചികിത്സ പിഴവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്ന് പുലർച്ചെയാണ് പേരാമ്പ്ര സ്വദേശിയായ അൻപത്തേഴുകാരി മരിച്ചത്. ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്.
കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് വീട്ടിൽ ആശവർക്കർമാരെത്തിയപ്പോൾ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക അറസ്റ്റിൽ. ഹൈദരാബാദില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയെയാണ് അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്. കർഷകന്റെ ബൈറ്റിൽ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി. ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടൻ മോഹൻ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാമ്പ്യൻസ് ട്രോഫി വിജയാഘോഷം അതിരുവിട്ടതിന് തുടർന്ന് മധ്യപ്രദേശിലെ ദേവാസിൽ കടുത്ത നടപടിയുമായി പൊലീസ്. ആഘോഷം അക്രമാസക്തമാവുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് രണ്ട് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി. പൊലീസ് പിടികൂടിയവരുടെ തല മൊട്ടയടിച്ച് തെരുവുകളിലൂടെ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട് .
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സുദിക്ഷ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർഥിയെ കാണാതായി.
അമേരിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തിരിച്ചടി നേരിടുന്ന ടെസ്ല ഉടമ ഇലോൺ മസ്കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. മസ്കിനെ പിന്തുണയ്ക്കുന്നതിനായി പുതിയ ടെസ്ല കാർ വാങ്ങുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് ടെസ്ല മോഡൽ എക്സ് സ്വന്തമാക്കിയിരിക്കുകയാണ് ട്രംപ്.
സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29ന് അവധി ആരംഭിക്കും. ഇത് ഏപ്രിൽ രണ്ടു വരെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന നികുതി കടുത്തതാണെന്ന് സൂചിപ്പിച്ച് വൈറ്റ് ഹൗസ്. അമേരിക്കൻ മദ്യത്തിനും ഉൽപ്പന്നങ്ങൾക്കും 150 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പരാമർശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പരസ്പര തീരുവകളെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. നാലുവര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫിലെത്താതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദില്‍ ഇറങ്ങുന്നത് ജയത്തോടെ സീസണ് അവസാനിപ്പിക്കാന്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്ന ഹൈദരാബാദിന്റെയും ലക്ഷ്യം അവസാന മത്സരത്തിലെ ജയം.