തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്.

തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി.കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്.

 

തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാൻ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്..

 

അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്‍റെ പിതാവ് റഹീം. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം പറഞ്ഞു. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി.മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

 

തിരുവനന്തപുരം കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല. ഫർസാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മുക്കുന്നൂരിലെ വീട്ടിലെത്തിക്കും.

 

കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടർമാരോട് പറ‍ഞ്ഞു.

 

പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

 

ശശി തരൂരിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തരൂരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വം എന്ന് അദ്ദേഹം പറഞ്ഞു.തരൂർ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവാണ്.അത്തരമൊരു നേതാവിന്‍റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പുറത്ത് വന്നത്.ഒരു ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യ സഖ്യത്തിലെ ഐക്യം തകർത്തത് കോൺഗ്രസെന്നും പിണറായി കുറ്റപ്പെടുത്തി.

 

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശശി തരൂരിൻ്റെ പ്രസംഗമടക്കം പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് എൽഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്. അതേസമയം കോൺഗ്രസിൽ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുകയാണ്. ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണം. അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്. ആശവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണ്. ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും മറ്റുള്ളവർ 3 ഇടത്തും വിജയിച്ചു.

 

പൾസർ സുനിക്കെതിരെ വിചാരണ കോടതിയിൽ റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. കുറുപ്പുംപടിയിൽ ഹോട്ടലിൽ കയറി അക്രമം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഈ സംഭവത്തിൽ പൾസർ സുനിലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും.

 

ശശി തരൂരിന്‍റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്‍റെ പേരിൽ തന്നെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരം. ലോക്ഭയിലും സംഘടനാകാര്യങ്ങളിലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നതാണ് തരൂരിന്‍റെ പരാതി. ഇടഞ്ഞ് നില്‍ക്കുന്ന തരൂരിനെ ഒപ്പം കൂട്ടാൻ ബിജെപിയിലെയും സിപിഎമ്മിലെയും ഉന്നത നേതാക്കള്‍ നീക്കം തുടങ്ങിയെന്നാണ് വിവരം.

 

ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണം.

 

പാതിവില തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യല്‍മെഷീനും നല്‍കിയിട്ടുണ്ട്.തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളത്.

 

കാലിക്കറ്റ് സർവ്വകലാശാല ഇൻ്റർസോൺ കലോത്സവത്തിന് മലപ്പുറം വളാഞ്ചേരിയില്‍ തുടക്കമായി. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

 

 

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും.

 

വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ തട്ടിക്കൊണ്ടു പോയത്.

 

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനെ വെറുതെവിട്ട വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് ഡോക്ടര്‍. മരിച്ച കാരോടു സ്വദേശി തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടറാണ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി. തങ്കപ്പന്‍റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ഇയാളെ വെറുതേ വിടുകയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

 

കണ്ണൂരിൽ റോഡ് തടസ്സപ്പെടുത്തി സിപിഎം സമരം.പോസ്റ്റ്‌ഓഫീസ് ഉപരോധം സംഘടിപ്പിച്ചത് കാർഗിൽ- യോഗശാല റോഡിലാണ്.നാല് വരി റോഡിൽ പന്തൽ കെട്ടിയും കസേര നിരത്തിയുമായിരുന്നു സ കണ്ണൂർ ടൌൺ പൊലീസ് കേസെടുത്തു.പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു. വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ട്.അത് മടക്കി പോക്കറ്റിൽ ഇട്ടിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

 

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ നിയോ ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മോദി സർക്കാരിനോടുള്ള നയസമീപനങ്ങളിൽ മയപ്പെടുത്തൽ ഉണ്ടാകില്ല. കേന്ദ്രത്തിലേത് ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല. നിയോ ഫാസിസ്റ്റ് സർക്കാർ എന്നാണ് നിലപാട്. ഹിറ്റ്ലറും മുസോളിനിയും ഒക്കെയാണ് ഫാസിസ്റ് സർക്കാരുകൾ നയിച്ചിരുന്നതെന്നും വിജയരാഘവൻ വിശദീകരിച്ചു.

 

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന് പുറപ്പെടുവിക്കും. ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോൾ ചെന്താമരയുടെ അറസ്റ്റിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.നടപടി ക്രമങ്ങളിലെ വീഴ്ച ജാമ്യം നൽകാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും പിഴച്ചതാണെന്ന് കേരളം. എന്നാല്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ശക്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അവകാശപ്പെട്ടു. കണ്ടല ബാങ്ക് ക്രമക്കേട് കേസിലെ പ്രതി ഭാസുരാംഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.

 

അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ദില്ലി നിയമസഭയിൽ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതികളുടെ വിവരങ്ങൾ അടങ്ങിയ 14 സിഎജി റിപ്പോർട്ടുകളാണ് സഭയിൽ വയ്ക്കുക.

മഹാകുംഭമേള നാളെ അവസാനിക്കും. പ്രയാഗ്രാജ് കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. നാളെ ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇതുവരെ 63 കോടിയിലധികം പേര് സ്‌നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്. എന്നാൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം എന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം.

 

തെലങ്കാനയിലെ നാഗർകുർണൂലിൽ ടണലിടിഞ്ഞ് വീണ് കുടുങ്ങിയ എട്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തല്ക്കാലം നിർത്തിവെച്ചു. ടണലിന്റെ ഉള്ളിൽ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തെരച്ചിൽ തല്ക്കാലം നിർത്തിവെച്ചത്. രാവിലെ അകത്തേക്ക് പോയ സംഘം പുറത്തേക്ക് തിരിച്ചു വന്ന് വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് അപകടകരമാം വിധം ഉയർന്നതായി സ്ഥിരീകരിച്ചു. ദൗത്യസംഘത്തിന്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് തല്ക്കാലം രക്ഷാപ്രവർത്തനം നിർത്താൻ ജില്ലാ കളക്ടർ തീരുമാനിച്ചത്.

 

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് യുഎസിന്റെ മലക്കംമറിച്ചില്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയത്ത യുഎസ് എതിര്‍ത്തു.റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യു.എസ്., റഷ്യക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത്.

 

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് (ട്വിറ്റർ) പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിൻ്റ. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം. വ്യാജ ആരോപണമാണിതെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു.

 

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ സെഞ്ചുറിയോടെ അപൂര്‍വ റെക്കോഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി.ഇതോടെ ഏകദിന ക്രിക്കറ്റ് കളിച്ച 10 രാജ്യങ്ങളിലും കോലിക്ക് സെഞ്ചുറിയായി..

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *