Untitled design 20250128 140330 0000

വയനാടിനുള്ള കേന്ദ്രത്തിൻ്റെ വായ്പാ ഉപാധി മറികടക്കാൻ നടപടിയുമായി സർക്കാർ.  ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് നടപടി അവസാന ഘട്ടത്തിലാണ്. വിലനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കും. ഗുണഭോക്താക്കളുടെ ആദ്യ ഘട്ട പട്ടികയിൽ തീരുമാനമാക്കി മാര്‍ച്ചിൽ ടൗൺഷിപ്പിന് തറക്കല്ലിടാനാണ് സര്‍ക്കാര്‍ നീക്കം. പുനരധിവാസത്തിന് തയ്യാറാക്കുന്ന ടൗൺഷിപ്പിനോട് ചേര്‍ന്ന പൊതു ഗതാഗത സൗകര്യത്തിനും പൊതു കെട്ടിടങ്ങൾക്കും അടക്കം 16 പദ്ധതികൾക്കാണ് കേന്ദ്രം വായ്പ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര വായ്പാ വിനിയോഗ നടപടികൾ വിലയിരുത്താൻ വൈകീട്ട് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

 

കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞാൽ അഭിമാനിക്കുക മലയാളികൾ ഒന്നടങ്കം ആണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. ഒരു എംപിക്ക് പോലും കേരളത്തെക്കുറിച്ച് നല്ലത് പറയാൻ പറ്റാത്ത അവസ്ഥയാണ് എന്തൊരു സൈബർ ആക്രമണമാണ് ശശി തരൂരിന് നേരെ ഉണ്ടാകുന്നതെന്നും മന്ത്രി റിയാസ് പ്രതികരിച്ചു. കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞതിന് വിലക്ക് നേരിടുകയാണ് തരൂരെന്നും കേരള വിരുദ്ധ കോൺഗ്രസ്സ് ആയി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാറിയെന്നും മന്ത്രി പറ‍ഞ്ഞു.

 

കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്‍റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്.

 

ശശി തരൂരിന്‍റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍. തരൂർ വലിയ വിപ്ലവകാരിയാണെന്നും  തരൂരിന്‍റെ  ലേഖനം കേരളം ചർച്ച ചെയ്യണം എന്ന് വരെ സിപിഎം പറഞ്ഞുവെന്നും ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അതിനെ സ്വാഗതം ചെയ്യുന്നു എന്നാൽ ഈ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

 

ശശിതരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ  അടിസ്ഥാനത്തിൽ പറഞ്ഞു അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും  അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്‍റ്  സ്വഭാവിക ശൈലിയാണ്. പക്ഷെ  നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത സംസ്കാരമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും കെ മുരളീധരൻ.തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്നും നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു.

 

കേരളത്തിൽ ഇനിയും പിണറായി തന്നെ ഭരണത്തിൽ വരുമെന്നും നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സാധ്യത  ഇടതുപക്ഷത്തിന് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കണ്ടെന്നും മുഖ്യമന്ത്രി മോഹികളായി കോൺഗ്രസിൽ ഒരുപാട് പേരുണ്ട് എന്നാൽ കോൺഗ്രസ് ഇനി അങ്ങനെ മോഹിക്കണ്ടെന്നും വെള്ളപള്ളി കൂടിച്ചേർത്തു.

 

താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയൻ ചേർത്തല നടത്തിയ  വാർത്ത സമ്മേളനത്തിനെതിരെ നിർമാതാക്കളുടെ സംഘടന. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടപരാതി നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. നേരത്തെ സിനിമ രംഗത്തെ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും അതിന്‍റെ ഭാരവാഹി നിര്‍മ്മാതവ് സുരേഷ് കുമാറിനെതിരെയും ജയന്‍ ചേര്‍ത്തല പ്രതികരിച്ചിരുന്നു.

 

ചാലക്കുടി ഫെഡറൽ ബാങ്കിൽ കവര്‍ച്ച നടത്തിയ കേസിൽ പിടിയിലായ റിജോ ആന്‍റണി മോഷണം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം അമ്പു തിരുനാളിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍  പുറത്ത് വന്നു. മോഷണശേഷം ജാക്കറ്റ് മാറ്റി ടീ ഷര്‍ട്ട് ധരിച്ച് സ്കൂട്ടറിൽ പോകുന്നതിന്‍റെ ദൃശ്യങ്ങളും , ചാലക്കുടി സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പുതിരുനാള്‍ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ റിജോ ആന്‍റണി നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.

 

ചാലക്കുടി പോട്ട ബാങ്ക് കൊള്ള കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് , മോഷണം പോയ പന്ത്രണ്ട് ലക്ഷം രൂപ കണ്ടെത്തി. പ്രതി റിജോ ആന്‍റണിയെ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് 12 ലക്ഷം കണ്ടെത്തിയത്. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഇന്നലെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

 

ബലാത്സം​ഗക്കേസിൽ നടൻ സിദിഖിനെതിരെ  പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും.  പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.

 

നടന്നുപോകുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണ് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി വി. റിച്ചാർഡ് ആണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വീടിന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ്  ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി. കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ തനിക്ക് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മറ്റു ജില്ലകളിലെ മെഡിക്കൽ കോളജുകളിലേക്കും അയക്കുന്നതായി പരാതി. കാൻസർ റേഡിയേഷൻ ചികിത്സയ്ക്കായി ഉള്ള രണ്ടു ഉപകരണങ്ങളിൽ ഒന്ന് കേടായതിൻ്റെ അറ്റകുറ്റപ്പണി വൈകുന്നതാണ് പ്രശ്നം.

 

മലപ്പുറം ഒഴൂരിൽ മഹാരാഷ്ട്ര സ്വദേശിയെ തട്ടികൊണ്ടുപോയി സ്വര്‍ണകവര്‍ച്ച നടത്തിയ കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിലായി.ആതവനാട് സ്വദേശി ഫൈസലാണ് പൊലീസ് പിടിയിലായത്. കേസില്‍ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ മഹേന്ദ്ര സിങ് റാവു എന്നായാളെയാണ് ഏഴംഗ സംഘം  അക്രമിച്ച് തട്ടികൊണ്ടുപോയി ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവര്‍ന്നത്.

 

സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളും വീടുകളും മറ്റു സ്ഥലങ്ങളും എസ്ഐമാർ പരിശോധിച്ചു. ഇന്നലെ പുലർച്ചെ മുതലാണു സിറ്റി പരിധിയിൽ 306 ക്യാമ്പുകളിൽ പരിശോധന നടത്തിയത്. മിക്കയിടങ്ങളിൽ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെത്തി.

 

ഇന്ത്യൻ ഓവര്‍സീസ് ബാങ്കിലെ എറണാകുളം റീജ്യണൽ ഓഫീസിലെ ജീവനക്കാരനെ മേലുദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജ്യണൽ ഓഫീസിലെ ഡിജിഎം നിതീഷ് കുമാർ സിൻഹ, എജിഎം കശ്മീർ സിങ് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ദളിത് വിഭാഗക്കാരനായ ബാങ്ക് ജീവനക്കാരനെ വര്‍ഷങ്ങളായി അധിക്ഷേപിക്കുകയാണെന്നാണ് പരാതി.

 

കുവൈത്തിൽ മനുഷ്യക്കടത്ത്, പണം ഈടാക്കി റെസിഡൻസി കച്ചവടം എന്നീ കുറ്റകൃത്യങ്ങൾക്ക് നാല് പേര്‍ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് വഴിയാണ് ഒരു കുവൈത്തി പൗരൻ, ഒരു ചൈനീസ് പൗരൻ, രണ്ട് ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരെ  അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോ​ഗം ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചു​ഗിനും, വിനോദ് താവടെയ്ക്കും നൽകി. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്.

 

ദില്ലിയിൽ പുലർച്ചെ 5.36 നു  റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.  ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും  വിദഗ്ധര്‍ അറിയിച്ചു.

 

ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0  തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

 

വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിൽ നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകളിലൂടെ കിംവദന്തികൾ പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.

 

എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടര്‍ന്ന്  തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മസ്കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം. രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

 

സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു. തലസ്ഥാന ന​ഗരമായ റിയാദിലും ചുറ്റുമുള്ള മറ്റ് പ്രവിശ്യകളിലും വെള്ളം കയറുന്നതിനാൽ അടിയന്തിര പ്രതികരണ സംവിധാനം നടപ്പാക്കിയിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.

 

പെരുനാട്ടെ സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ഒളിവിൽ പോയ അഞ്ച് പേർക്കായി അന്വേഷണം തുടരുന്നു. ജിതിനെ കൊലപ്പെടുത്തിയത് ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം, പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ ബന്ധമുള്ളവരാണെന്ന് തിരിച്ചടിച്ചു.

 

പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂണിന്‍റെ പേരിൽ തമിഴ് വാരിക ‘വികടനെ’ വിലക്കിയ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സൈറ്റ് ബ്ലോക്ക്‌ ചെയപ്പെട്ടതിന്റെ കാരണം അറിയണമെന്നും മാണിക്കം ടാഗോർ എംപി പറഞ്ഞു. കേന്ദ്ര നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

 

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ന് ഇന്ത്യയിലെത്തും. ദില്ലിയില്‍ എത്തുന്ന അദ്ദേഹത്തോടൊപ്പം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെട്ട പ്രതിനിധി സംഘവും ഉണ്ടാകും. രാഷ്ട്രപകതി ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമീര്‍ കൂടിക്കാഴ്ച നടത്തും.

 

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ നാളെ ഡിഎംകെ സഖ്യത്തിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിക്കും.  നയത്തിന്റെ മറവിൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമമെന്നാണ് ഡിഎംകെയുടെ വാദം. ദ്വിഭാഷാ പദ്ധതിയിൽ മാറ്റം വേണ്ടെന്ന എ.ഐ.എ.ഡി.എം.കെയുടെ നിലപാടും വിഷയത്തിൽ  ഡിഎംകെക്ക് ആശ്വാസമായിരിക്കുകയാണ്.

 

ഇസ്രായേലിന് 2000 പൗണ്ട് ഭാരമുള്ള ബോംബുകൾ വിതരണം ചെയ്യുന്നതിനുള്ള താൽക്കാലിക വിലക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചിന് പിന്നാലെ ബോംബുകൾ എത്തിയതായി ഇസ്രായേൽ അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ബൈഡൻ ഭരണകൂടമാണ് ഇസ്രായേലിന് 2,000 പൗണ്ട് ബോംബുകൾ വിതരണം ചെയ്യുന്നത് തടഞ്ഞത്.

 

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മത്സരവേദികളില്‍ ഇന്ത്യൻ പതാക ഇല്ലാത്തതിനെക്കുറിച്ച് വിവാദം. എന്നാൽ സുരക്ഷാപരമയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായിലാണ് നടത്തുന്നത്. ഇതിനാലാണ് ഇന്ത്യൻ പതാക കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ വെക്കാത്തതെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അനൗദ്യോഗിക വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *