Untitled design 20250128 140330 0000

നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഡേറ്റാ ബാങ്കില്‍പ്പെട്ടാലും താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടതെന്ന് ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകി.

 

 

 

 

സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി എം ജോൺ ആരോപിച്ചു. ഇനി കെ ടോളുകളും സംസ്ഥാനത്ത് വരുമെന്നാണ് വിവരമെന്നും, തോമസ് ഐസക് നിയമസഭയിൽ പറഞ്ഞിരുന്നത് കേരളത്തിലെ ഒരു പാലത്തിനും റോഡിനും ടോൾ ഉണ്ടാകില്ലെന്നായിരുന്നു എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണെന്നും റോജി എം ജോൺ ചോദിച്ചു.

 

 

 

കിഫ്ബി ഇപ്പോൾ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അത് ഊരേണ്ടത് എപ്പഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണെന്നും കിഫ്‌ബി പരാജയപ്പെട്ട മോഡലാണെന്നും കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ലെന്നും പെട്രോൾ മോട്ടോർ വാഹന സെസ് ആണ് കിഫ്‌ബിയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കിഫ്‌ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ട് വരുമെന്നും കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളർത്തുന്നത് പ്രതിപക്ഷമാണെന്നും മോൻ ചത്താലും മരുമോളുടെ കണ്ണീരെന്ന നയമല്ലേ ദില്ലിയിൽ കോൺഗ്രസ് എടുത്തതെന്നും ധനമന്ത്രി ചോദിച്ചു. റോജി എം ജോണിന്റെ മണ്ഡലത്തിൽ വരെ വികസനം എത്തിച്ചത് കിഫ്ബിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

 

 

 

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അനന്തുകൃഷ്ണനിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും ഒരൊറ്റ പൈസ വാങ്ങിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.റിപ്പോര്‍ട്ടര്‍ ചാനൽ തനിക്കെതിരെ തെറ്റായ വാര്‍ത്ത നൽകിയെന്നാണ് മാത്യു കുഴൽനാടന്‍റെ ആരോപണം.

 

 

 

ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത വിഷയം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റാഗിംഗ് പൊതുസമൂഹത്തിൽ നിന്നും പൊലീസിൽ നിന്നും മറച്ചു വെക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. സ്കൂൾ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ഇതുവരെ സ്കൂൾ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 

 

 

മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദബോസ്. ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങളെന്നും രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും സമൂഹത്തിൽ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാർത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ.ആനന്ദബോസ്.

 

 

 

പോലീസിനെതിരെ വിമർശനവുമായി ജി സുധാകരൻ. നിയമം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ നിയമം ലംഘിക്കുകയാണെന്നും അതാണ് ചില പോലീസുകാർ ചെയ്യുന്നതെന്നും കല്യാണ പാർട്ടി കഴിഞ്ഞ് വന്നവരെ തല്ലിച്ചതച്ചുവെന്നത് ഗുരുതരമായ തെറ്റാണ് പത്തനം തിട്ടയിൽ ആളുമാറി തല്ലിയ പോലീസുകാർ സർവീസിലിരിക്കാൻ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

വിവാദ പ്രസംഗവുമായി വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയെന്നായിരുന്നു പരാമർശം. പ്രസിഡൻറ് ആകേണ്ടിയിരുന്ന ഹസീനയെ കോൺഗ്രസുകാർ മാറ്റിയെന്നും ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടുവെന്നും ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്, അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടി വരുമെന്നും എ.എൻ പ്രഭാകരൻ പറഞ്ഞു.

 

 

 

പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. എഡിജിപി ക്രൈംബ്രാഞ്ചിന് നേതൃത്വം നൽകും.

 

 

 

പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.

 

 

 

മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തിൽ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും.

 

 

 

 

വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി പുറമേരി സ്വദേശി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും.

 

 

 

 

ആലപ്പുഴ അര്‍ത്തുങ്കലിൽ മൂന്നംഗം സംഘം ബാര്‍ അടിച്ചുതകര്‍ത്തു. വടിവാളുമായി എത്തിയ മൂന്നംഗ സംഘം ബാറിലേക്ക് കയറി മദ്യക്കുപ്പികളടക്കം അടിച്ചുതകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

 

 

 

 

കണ്ണൂരിൽ ആത്മീയതയുടെ പേരിൽ കോടികൾ തട്ടിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഹിമാലയൻ തേഡ് ഐ ട്രസ്റ്റിന്‍റെ പേരിൽ നടത്തുന്ന ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെ ആറു പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

 

 

 

പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൂര്‍ ബാലൻ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മരം നട്ടുപിടിപ്പിക്കൽ ജീവിത യജ്ഞമായി മാറ്റിയ പരിസ്ഥിതി പ്രവർത്തകനായിരുന്നു ബാലകൃഷ്ണൻ എന്ന കല്ലൂര്‍ ബാലൻ.

 

 

 

 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നൽകിയ സ്ത്രീ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസർ ജോളി മധു (56) ആണ് മരിച്ചത്. കയർബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ പീഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു.

 

 

 

 

കോഴിക്കോട് വളയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി . കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.

 

 

 

 

ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

 

 

അമേരിക്കൻ നാടുകടത്തൽ പരാമർശിക്കാതെ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. വിദേശ സന്ദർശനത്തിന് മുന്നോടിയായിട്ടുള്ള പ്രസ്താവനയിലാണ് പ്രധാനമന്ത്രി വിഷയം പരാമർശിക്കാത്തത്. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സഹകരണത്തിന്റെ തുടർച്ചയുണ്ടാകുമെന്ന് മോദി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമം ചർച്ച ചെയ്യും എന്നും മോദിയുടെ പ്രസ്താവനയിലുണ്ട്.

 

 

 

 

ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധിയെന്ന് റിപ്പോർട്. ദില്ലി തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ 30 എംഎൽഎമാർ രാജി ഭീഷണി മുഴക്കി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ എന്നാൽ പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

 

 

 

 

ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലേക്ക് കുംഭമേളയ്ക്കായി വിശ്വാസികൾ ഒഴുകിയെത്തിയതിന് പിന്നാലെ 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിർത്തി വയ്ക്കേണ്ടി വന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് ജബൽപൂർ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങൾ അവിടെ കാത്തിരിക്കാൻ പൊലീസ് നിർദ്ദേശം നൽകി.

 

 

 

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങളെന്ന് റിപ്പോർട്. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും നിലവിൽ ബിജെപിയുടെ പരിഗണനയിലുണ്ട്. അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങിയത്.

 

 

 

ഷാർജയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അൽ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ശക്തമാക്കി. മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പൽ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് അധികൃതരെ അറിയിക്കുകയായിരുന്നു.

 

 

 

സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണികളിലും പ്രത്യേകിച്ച് സ്റ്റീല്‍ ഓഹരികളിലും ഇടിവുണ്ടായി. നിഫ്റ്റി സ്റ്റീല്‍ സൂചിക 2.7 ശതമാനമായി ഇടിഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *