മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു ഘടകവിരുദ്ധമായ ഒന്നായിരുന്നുവെന്ന കുറിപ്പുമായി ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവർഗ്ഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചുവെന്നും, ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന കാലം കൂടിയാണിതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട് .
മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞതെന്ന് കെസി വേണുഗോപാൽ. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നതെന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞാണ് എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങിയെന്നും മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞുവെന്നും അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു വകുപ്പുകളും അറിയാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി. പുതിയ മദ്യനയം എൽഡിഎഫിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും അത് ചർച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയല്ലെന്നും ആർജെഡി വ്യക്തമാക്കി. പദ്ധതിയുടെ ഗുണദോഷങ്ങൾ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ലന്നും ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു . എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും ഇത് സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും എം പി ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമരയാത്രയിൽ പങ്കെടുത്ത് പി വി അൻവർ. വന്യജീവി പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേർ കേരളത്തിന്റെ മുഖ്യമന്ത്രിയും വനം മന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുകയാണെന്നും മുപ്പത്തിനായിരത്തിൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ പിണറായിസത്തിന്റെ അവസാന ആണി അടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. അനുകൂലമായി വോട്ട് ചെയ്ത ജനങ്ങളോട് ഈ അഴിമതികൾ തുറന്നു പറയാനാണ് താൻ എം എൽ എ സ്ഥാനം രാജി വെച്ചതെന്നും മലയോര സമര യാത്രയിൽ പങ്കെടുക്കാനുള്ള അവസരം താൻ ചോദിച്ച് വാങ്ങിയതാണെന്നും അൻവർ പറഞ്ഞു.
വഖഫ് ബോർഡുകളിൽ ശുദ്ധികലശം ആവശ്യമെന്ന് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഖഫ് ബോർഡുകൾ വിവാദവും വ്യവഹാരവും നിറഞ്ഞതെന്നാണ് തന്റെ അനുഭവമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ നല്ല മനുഷ്യനാണെന്നും സർവലാശാല ചാൻസലർ പദവിയെ കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ കേരള സർക്കാർ തർക്കിക്കാൻ സാധ്യതയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂർത്തിയാക്കി. അന്വേഷണ സംഘം ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതി. കൂടുതൽ പേരെ പ്രതിചേർക്കണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ നടത്തിപ്പിലെ അപാകത ചോദ്യം ചെയ്തതിന് എസ്എഫ്ഐ പ്രവര്‍ത്തകരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കെഎസ്യു നേതാക്കള്‍ മര്‍ദിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒരു എസ്എഫ്ഐ മക്കളെയും പുറത്ത് വിടില്ലെന്നും ഇന്ന് നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളായ ഗോകുൽ ഗുരുവായൂർ,സച്ചിൻ പ്രദീപ്, സുദേവ് എന്നിവർക്കെതിരെ വധശ്രമമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി.
നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കൾ. നാട്ടുകാർക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു. എല്ലാവർക്കും ഭീഷണിയായ പ്രതിയെ നിയമനടപടിയിലൂടെ തന്നെ തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു.
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമായ പനമരം പഞ്ചായത്ത് ഭരണം യുഡിഎഫിന്. ഇടത് അംഗമായിരുന്ന ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേരുകയും പഞ്ചായത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഭരണമാറ്റം ഉണ്ടായത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി 12 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി 10 വോട്ടും നേടി.
കുംഭമേളയിലെ അപകടം വിഐപി കൾച്ചർ കാരണം ഉണ്ടായ ദുരന്തമെന്ന് ഫുട്ബോൾ താരം സികെ വിനീത്. അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് വരെ വിനീതും സുഹൃത്തുക്കളും സംഗം ഘട്ടിൽ ഉണ്ടായിരുന്നു. വിഐപികൾക്കായി വഴികൾ അടച്ചു വെച്ചു ആളുകൾ കൂടുതൽ എത്തിയപ്പോൾ പോലീസിന് നിയന്ത്രിക്കാൻ ആയില്ല, അനുഗ്രഹം വാങ്ങാൻ എത്തിയവർക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ വേദന ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍ കുമാര്‍ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്കി. സനല്‍ കുമാര്‍ അമേരിക്കയിലാണെന്നാണ് പൊലീസിന്റെ അനുമാനം.2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.
പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. നേരത്തെ കേസിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ കോടതിയെ അറിയിച്ചിരുന്നു.
കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ബെംഗളുരുവില്‍ നോര്‍ത്ത് സോണ്‍ സബ് ഡിവിഷനിൽ രണ്ടു പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നഗരത്തോടു ചേര്‍ന്നുള്ള ശിവക്കോട്ട ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസരങ്ങളിലുമാണു പുലി സാന്നിധ്യം. രാമഗൊണ്ടനഹള്ളിയില്‍ അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ അലഞ്ഞു തിരിയുന്ന പുലികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതീവജാഗ്രത പാലിക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്കി.
ദില്ലിയിലെ കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. കൃത്യമായ തെളിവ് ഹാജരാക്കാന്‍ കെജ്രിവാളിന് നാളെ വരെ സമയം കമ്മീഷന് വീണ്ടും നല്കി. തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് വാര്‍ത്താസമ്മേളനം നടത്തി കെജ്രിവാൾ ആരോപിച്ചു.
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്ന് നദിയിൽ വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൽ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താൻ ആയില്ല. തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയ സാന്നിധ്യത്തെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കരുതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്കി. ലബോറട്ടറി പരിശോധനകളില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് എസ്എഫ്ഡിഎ പ്രസ്താവനയില്‍ അറിയിച്ചു.
പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും മറ്റുള്ളവരെയും നാടുകടത്തുമെന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പൗരന്മാരല്ലാത്ത വിദ്യാർത്ഥികളെ നാട് കടത്തുമെന്നാണ് ഉത്തരവിൽ പറയുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ 100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.
ഐ എസ് എല്‍ ക്ലബ്, മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്റെ കോച്ച് ആന്ദ്രേ ചെര്‍ണിഷോവ് രാജിവച്ചു. മൂന്ന് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് റഷ്യന്‍ കോച്ചിന്റെ രാജി. കഴിഞ്ഞ സീസണില്‍ മുഹമ്മദന്‍സിനെ ഐ ലീഗ് ചാംപ്യന്മാരാക്കിയ പരിശീലകനാണ് ആന്ദ്രേ. ഇതോടെയാണ് മുഹമ്മദന്‍സ് ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയത്.