Untitled design 20241217 141339 0000

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്നും സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി ആർ അനിൽ. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെയും സർക്കാരിനെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു സമരത്തിൽ നിന്ന് പിന്മാറണമെന്നും സർക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

 

വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിജയൻ്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കി. കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളിൽ പാർട്ടിക്ക് കടിഞ്ഞാൻ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

എൻ എം വിജയൻറെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.

 

 

 

ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എംബി രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. പാർലമെന്‍ററികാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടമെന്നും അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.

 

 

 

നേതൃമാറ്റം ഉടനില്ലെന്ന് കെ സുധാകരന് ഹൈക്കമാൻഡിന്‍റെ ഉറപ്പ് ലഭിച്ചു. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐസിസിയുടെ മറുപടി. കെ സി വേണുഗോപാൽ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണെന്നാണ് വിവരം. ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, സണ്ണി ജോസഫ്, റോജി എം ജോൺ തുടങ്ങിയ പേരുകൾ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

 

 

 

താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചുവെന്നും സിപിഎമ്മിലെ പോലെ നേതാക്കളെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസെന്നും തനിക്കെതിരെ വിമർശനമുണ്ടായാൽ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നുവെന്നും ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

 

 

 

 

താത്ക്കാലിക നിയമനം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ നാല് ചോദ്യങ്ങൾക്ക് നിയമസഭയിൽ ഉത്തരം നൽകാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ നാല് വർഷം വിവിധ സർക്കാർ വകുപ്പുകൾ ബോർഡുകൾ സ്വയംഭരണ സ്ഥാപനങ്ങൾ കമ്പനികൾ എന്നിവിടങ്ങളിലെ താത്ക്കാലിക നിയമനം സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. എന്നാൽ വിവരങ്ങള്‍ ക്രോഡീകരിച്ചില്ലെന്നാണ് നാല് ചോദ്യങ്ങൾക്കുമുള്ള മറുപടി.

 

 

 

 

കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിൽ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

 

 

 

 

വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട് അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ലെന്നും തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

 

 

 

 

മാനന്തവാടിയിൽ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട മീന്‍മുട്ടി തറാട്ട് രാധയുടെ മൃതദേഹം സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു.

അതോടൊപ്പം വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുന്നു. മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

ആലുവയിൽ 11.46 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തിൽ പി.വി. അൻവറിനെതിരേ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് എടത്തല പഞ്ചായത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ മൊഴിയെടുത്തു.

 

 

 

 

 

കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.

 

 

 

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കണ്ണൂരിലെ ആറാം ക്ലാസ്സുകാരി ഫാത്തിമ. താനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാണെന്നും ഈ സന്തോഷത്തിന് കാരണം വിദ്യാഭ്യാസ മന്ത്രിയാണെന്നും ഫാത്തിമ കുറിച്ചു. മൈസൂരിൽ പഠന യാത്രയ്ക്ക് പോകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഫാത്തിമ കത്തിൽ പറയുന്നു. പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെയും പഠനയാത്രയിൽ നിന്ന് മാറ്റിനിർത്തരുത് എന്ന മന്ത്രിയുടെ ഉത്തരവ് പാലിച്ച കേരളത്തിലെ ആദ്യത്തെ സ്കൂൾ തന്‍റേതാണെന്നതിൽ അഭിമാനമുണ്ടെന്നും വിദ്യാർത്ഥി കുറിച്ചു.

 

 

 

 

 

 

ഓട്ടോറിക്ഷകൾ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം.

 

 

 

നൃത്ത പരിപാടിക്ക് വേണ്ടി കലൂർ സ്റ്റേഡിയം മൃദംഗവിഷന് വിട്ടു നൽകിയതിയതിൽ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി നൽകി വിജിലൻസ് ഡയറക്ടർ. ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം.

 

 

 

ഇടുക്കി മുട്ടം സർവീസ് സഹകരണ ബാങ്കിൽ തീ പിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയിൽ മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിലെ റെക്കോർഡ്സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകൾ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. അപകടത്തിൻ്റെ കാരണം ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

 

 

 

ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് വാതിൽ അടർന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

 

കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തതില്‍ സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ മറുപടി.

 

 

 

രോഗി വനിതാ ഡോക്ടറുടെ കരണത്തടിച്ചെന്ന പരാതിയിൽ കേസെടുത്തു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. വർക്കല സ്വദേശി നവാസിനെതിരെയാണ് (57) പരാതി. മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ പിജി വിദ്യാർത്ഥിനിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

 

 

 

 

ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സി പി എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമായ ബിപിൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30 നാണ് എന്നാൽ ബിപിൻ നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.

 

 

 

 

 

ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്‍റെ നീക്കം പൊളിച്ച് കരമന സ്വദേശിനിയും 72 കാരിയുമായ ജെ വസന്തകുമാരി. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്. വസന്തകുമാരിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് സംശയങ്ങൾ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് തിരികെ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്.

 

 

 

 

ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ചു താൽക്കാലിക ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലിസ്. അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് കേസ്. ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ആർഎംഒ കാറെടുത്ത് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് നിഷയെ ഇടിക്കുകയായിരുന്നു.

 

 

 

കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഇവർ പറയുന്നു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

 

 

 

 

കൊല്ലം അഞ്ചലിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ സ്വദേശിയായ ഇൻഷുറൻസ് ഏജന്റ് ഷിബുവാണ് മരിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം

തുടങ്ങി.

 

 

 

ജമ്മുവിൽ അഞ്ജാത രോഗം ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയായ ആൽഡികാർബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് ഉള്ളിൽ എത്തിയത് എന്നുമാണ് നിഗമനം. ഭക്ഷണ രീതിയെ കുറിച്ച് പരിശോധന നടത്തുമെന്ന് സർക്കാർനിയോഗിച്ച സമിതി വ്യക്തമാക്കി. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്.

 

 

 

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് 17 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ എല്ലാ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയതായി രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ പറഞ്ഞു. രോഗത്തിനെതിരായ ജാഗ്രത പാലിക്കുന്നതിതിന്റെ ഭാഗമായി ശൈത്യകാല അവധിയും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.

 

 

 

 

 

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇതിന് മുൻപ് അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ ഹർജി സമ‍ർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.

 

 

 

 

പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെ ഡയറക്‌ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറും മറ്റ് ചില ഉദ്യോഗസ്ഥരും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിക്കും. ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാൻ പര്യടനം നടത്തുകയും മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് ശേഷമാണ് പാക് സൈനിക ഉദ്യോഗസ്ഥരുടെ ധാക്ക സന്ദർശനത്തിൽ തീരുമാനമായത്.

 

 

 

 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യോഗചാര്യൻ ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിൻ്റെ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ നിന്ന് 4000 കിലോ മുളക് പൊടി പിൻവലിച്ചു. മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ.

 

 

 

 

സിബിഎസ്ഇ 2025 അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പൊതുപരീക്ഷക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് വേണ്ടി പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി.

 

 

 

17 നഗരങ്ങളിൽ മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. 17 പുണ്യ സ്ഥലങ്ങളിൽ മദ്യം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മദ്യനിരോധനം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നതിന് മുൻപുള്ള ആദ്യ ചുവടാണ് ഇതെന്നും മോഹൻ യാദവ് അറിയിച്ചു.

 

 

 

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ്‌ മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ജംഷിദ്.

 

 

 

മുസ്ലീം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനാലയങ്ങൾ പ്രാർത്ഥനക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഹർജി തള്ളിയത്.

 

 

 

 

കിഷ്ത്വർ ജില്ലയിലെ ഭീകരവാദ ശൃംഖലകൾ തകർക്കുന്നതിന്റെ ഭാഗമായി പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മറ്റ് 18 പേരുടെ കൂടി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിൻ്റെയും ഭാഗമായാണ് ഈ നടപടിയെന്നും പൊലീസ് പറ‍ഞ്ഞു.

 

 

 

 

 

അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. മുന്‍ യുഎസ്. പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *