കോഴിക്കോട് തിക്കോടിയിൽ കടലിൽ ഇറങ്ങിയ നാലു പേര് തിരയിൽപ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്.ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര് വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയിൽപ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് തിക്കോടിയിൽ കടലിൽ ഇറങ്ങിയ നാലു പേര് തിരയിൽപ്പെട്ട് മരിച്ചു
