ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇതെന്നും എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവർത്തികൾ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സർക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎംസുധീരന് കുറ്റപ്പെടുത്തി. കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും അനുമതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്കി.
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി വിധി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാ വിധി നാളെയുണ്ടാകും.
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പ്രതികരിച്ചു. ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നൽകണമെന്നും അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും ഷാരോണിന്റെ അമ്മ പ്രിയ ചോദിച്ചു.
പാറശ്ശാല ഷാരോൺ വധക്കേസിലെ കോടതി വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും. ആദ്യഘട്ടത്തിൽ ഫലപ്രദമായ രീതിയിൽ തെളിവുകൾ ശേഖരിച്ച പൊലീസ് സംഘമടക്കമുളളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് പ്രോസിക്യൂഷൻ പ്രതികരണം. പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം ഗവർണർ രാജ്ഭവനിലേക്ക് മടങ്ങുന്നതിനും എഐടിയുസിയുടെ സെക്രട്ടേറിയറ്റ് മാർച്ചിനുമായി പൊലീസ് ഗതാഗതം നിയന്ത്രിച്ചതോടെ പാളയം, പിഎംജി ,പ്ലാമ്മുട്, സ്റ്റാച്ച്യൂ, ജനറൽ ആശുപത്രി, കേരള സർവകലാശാല ,ആയുർവേദ കോളെജ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ജനങ്ങൾ ബ്ലോക്കിലായി. ആശാൻ സ്ക്വയറിന് സമീപം ബ്ലോക്കായതോടെ ആംബുലൻസുകൾ ഉൾപ്പടെ കുടുങ്ങിയതായാണ് റിപ്പോർട്ട്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എൽ എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയത്.
മുൻ രാഷട്രപതി പ്രണബ് മുഖർജി ഖർവാപസിയെ പിന്തുണച്ചെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെ ക്രിസ്ത്യൻ സഭാ നേതൃത്ത്വം കേന്ദ്രസർക്കാറിനെ നേരിട്ട് പ്രതിഷേധം അറിയിച്ചേക്കും. ക്രിസ്ത്യൻ വിഭാഗം രാഷ്ട്രനിർമ്മാണത്തിന് നല്കിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണ് പ്രസ്താവനയെന്ന് സിബിസിഐ വക്താവ് പറഞ്ഞു. പ്രസ്താവനക്കെതിരെ കോൺഗ്രസും ടിഎംസിയും രംഗത്തെത്തി.
തൃശൂർ കോര്‍പ്പറേഷന്റെ സ്വപ്ന പദ്ധതിയായ എം.ജി. റോഡ് വികസനം യാഥാർഥ്യമാകുന്നു. സ്വരാജ് റൗണ്ടിലേയ്ക്കുള്ള പ്രധാന പാതയായ എം.ജി.റോഡിലെ ഗതാഗത കുരുക്ക് നഗരത്തെയാകെതന്നെ ബാധിക്കുന്ന വിധത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായി ശങ്കരയ്യര്‍ റോഡ് ജംഗ്ഷനിലുള്ള മലബാര്‍ ഗോള്‍ഡ് ഉടമകള്‍ വികസനത്തിനായി തങ്ങളുടെ സ്ഥാപന ത്തിന്റെ മുന്നിലുള്ള 1/2 സെന്റിലേറെ ഭൂമി സൗജന്യമായി കോര്പ്പറേഷന് വിട്ടുനല്‍കി. തുടർന്ന് മറ്റു ഭൂഉടമകളും ഇത്തരത്തില്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് വീണ്ടും പരിഗണിക്കാനായി മാര്‍ച്ച് 24ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 ആണ് ഇന്ന് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി കോടതിയില്‍ ഹാജരായില്ല. കേസിലെ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബര്‍ 16ന് സുരേഷ് ഗോപി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും.
ഉത്തരാഖണ്ഡിൽ 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ. മലയാളിയായ പി.ടി.ഉഷ അസോസിയേഷൻ അധ്യക്ഷയായിരിക്കെ ഇത്തരമൊരു തീരുമാനം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇപ്പോൾ പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്.
കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളായ കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
കോട്ടയം പാലായിൽ ഒമ്പതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പാലാ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ഈ മാസം 10 തീയതി ആണ് പാലാ സെന്റ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിയെ മർദിച്ചത്.
നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൊതുദർശനത്തിന് ശേഷം മഹാസമാധിയായി സംസ്കാരം നടത്തുമെന്ന് മകൻ സനന്ദൻ പറഞ്ഞു. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു. പൊളിച്ച കല്ലറക്ക് സമീപമാണ് ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിട്ടുള്ളത്.
ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്.
കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്പെഷൻ. അധ്യാപകരുടെ പീഡനത്തെ തുടർന്നാണ് ഭവത് മാനവ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ മാസം എട്ടാം തിയതിയാണ് മരിച്ച നിലയിൽ ഭവതിനെ കണ്ടെത്തിയത്.
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
ഇവികെഎസ് ഇളങ്കോവൻ അന്തരിച്ച ഒഴിവിലേക്ക് തമിഴ്നാട്ടിലെ ഏറോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഫെബ്രുവരി 5 ന് നടക്കും. ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഡി.എം.കെ ചന്ദ്രകുമാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷ കക്ഷികളായ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി., ഡി.എം.ഡി.കെ. പാർട്ടികൾ തിരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡീസൽ, പെട്രോൾ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. നഗരത്തിൻ്റെ വായുവിൻ്റെ ഗുണനിലവാരം മോശമാകുന്നതിന് ഇത്തരം വാഹനങ്ങളാണ് പ്രധാന കാരണമെന്ന് കോടതി പറഞ്ഞു. സിഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയ്ക്ക് മാത്രം പെർമിറ്റ് നൽകുന്നത് സാധ്യമാണോയെന്ന് പരിശോധിക്കും.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
ശ്രീലങ്കയിലെ ഹംബന്തോട്ടയില് അത്യാധുനിക എണ്ണ ശുദ്ധീകരണശാല നിര്‍മ്മിക്കുന്നതിന് 35,000 കോടി രൂപയുടെ നിക്ഷേപമാണ് ചൈന ശ്രീലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയോട് ആഭിമുഖ്യമുള്ള ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ചൈനാ സന്ദര്‍ശന വേളയിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
എട്ട് ബഹിരാകാശ നടത്തങ്ങളുമായി നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. എട്ടാം തവണയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയതോടെ സുനിത വില്യംസ് കരിയറിലെ സ്പേസ്വോക്കുകളുടെ ദൈര്‍ഘ്യം 56 മണിക്കൂറിലേക്ക് ഉയര്‍ത്തി. ജനുവരി 23ന് അടുത്ത സ്പേസ്വോക്കിന് ഇറങ്ങുന്നതോടെ സുനിത വില്യംസ് വനിതകളുടെ ബഹിരാകാശ നടത്തങ്ങളില്‍ പുതിയ റെക്കോര്‍ഡിടും.
സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്‍ അവസാനിച്ചപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം. ‘ഷിപ്പ്’ എന്നറിയപ്പെടുന്ന സ്റ്റാര്‍ഷിപ്പിന്റെ ഏറ്റവും മുകള്‍ ഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമായപ്പോള്‍ അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
വനിതാ ഫുട്ബോള്‍ താരം മാർട്ട കോക്സിനെ ബോഡി ഷെയ്മിംഗ് ചെയ്ത സംഭവത്തില്‍ പനാമ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മാനുവൽ ഏരിയസിനെ ആറ് മാസത്തേക്ക് വിലക്കി ഫിഫ. പനാമ ദേശീയ ടീമിനും തുർക്കിയിലെ ഫെനർബാഷെ ക്ലബ്ബിനും വേണ്ടി കളിക്കുന്ന 27കാരിയായ മാർട്ട കോക്സിനെയാണ് മാനുവൽ ഏരിയസ് ശരീരാധിക്ഷേപം നടത്തിയത്.