വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാം എന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.
പിവി അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. നിലമ്പൂരിലെ സ്ഥാനാർത്ഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്യുമെന്നും
ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യം അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്‍റെ നിർദേശം തള്ളാനും കൊള്ളാനും ഇല്ലെന്നും നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അൻവർ പറഞ്ഞതിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി ശശി വീണ്ടും പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമർശത്തിലാണ് നടപടി. പി വി അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസിൽ പറയുന്നു.
യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയ്യാറായി നിൽക്കുകയാണ് പി വി അൻവറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്നും മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും അതോടൊപ്പം എൻ എം വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് വിധി പറയും. ബോബിക്കെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറഞ്ഞു. ഹൈക്കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതി സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത് എന്നാല്‍, മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീക്കരിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ സുഹൃത്ത് ബെന്നി 15 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുമായി നീലഗിരി സ്വദേശി അനീഷ് ജോസഫ്. എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവ് കെ വിനയന്‍റെയും അറിവോടെയാണ് പണം വാങ്ങിയതെന്നും പരാമർശമുണ്ട്. എന്നാല്‍ പരാതി പുറത്തായതോടെ എല്ലാം പരിഹരിച്ചുവെന്നും തനിക്ക് പരാതിയില്ലെന്നും അനീഷ് ജോസഫ് പറഞ്ഞു.
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതകളിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി ഒ.ആര്‍ കേളു. വന്യജീവികള്‍ നാട്ടിലിറങ്ങിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. സംസ്ഥാന തലം മുതൽ വാർഡ് തലം വരെ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാരമ്പര്യവും സംസ്കാരവുമുള്ള നിരവധി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ വീണ്ടും സജീവമാക്കാൻ കെപിസിസിയും ഡിസിസികളും ഒരു സമഗ്രപരിപാടി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. ആളപായമില്ലെന്നാണ് വിവരം. വളവിലായിരുന്നതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നുവെന്നും വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് റിപ്പോർട്ട്.
നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാനായി സർക്കാർ ചെലവിട്ടത് 2.86 കോടി രൂപയാണെന്ന് കണക്കുകള്‍. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്ക് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതുവരെ 55 ലക്ഷം രൂപയാണ് പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനായി അനുവദിച്ചത്. സ്വകാര്യ ഏജൻസികൾക്ക് 2.31 കോടി രൂപ കുടിശ്ശികയാണെന്നും മറുപടിയിലുണ്ട്.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ഒളിച്ച് കളി തുടർന്ന് സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ. ഉമ തോമസ് എംഎൽഎയ്ക്ക് അപകടം പറ്റിയതിന് പിന്നാലെ ജനുവരി 4 ന് പ്രഖ്യാപിച്ച സസ്പെൻഷൻ ഉത്തരവ് ഇതുവരെ നടപ്പായില്ല. സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറെ സസ്പെന്റ് ചെയ്തായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പായില്ലെന്നാണ് വിവരം.
ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന. ബോബി ചെമ്മണൂരിനെ മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം. ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് ലഭിച്ചു.
താരസംഘടനയായ അമ്മയിലെ ട്രഷറര്‍ സ്ഥാനം രാജിവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരാള്‍ വരുന്നതുവരെ ട്രഷറര്‍ സ്ഥാനത്ത് താന്‍ ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.
നെയ്യാറ്റിങ്കരയിലെ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും, സമാധി പോസ്റ്റർ അച്ചടിച്ചത് താനാണെന്നും വ്യാഴാഴ്ച ആലുംമൂടിലുള്ള സ്ഥലത്ത് നിന്നാണ് പ്രിൻ്റ് എടുത്തതെന്നും ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു. പൊലീസ് ഇന്നലെയും മൊഴി രേഖപ്പെടുത്തിയിരുന്നു എന്നാൽ ഇതുവരെ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും സനന്ദൻ കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഒരാളെ പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. വനപാലകരെ തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ സാഹസികമായി തോക്ക് പിടിച്ചു വാങ്ങിയാണ് കീഴ്പ്പെടുത്തിയത്. കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപെട്ടു.
താമരശ്ശേരിയിൽ ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തിൽ മാലിന്യ സംഭരണം. ദുർഗന്ധം അസഹനീയമായതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഇന്നലെ രാത്രി മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്ന് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നഗരത്തിലെ മാളുകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ എത്തിക്കുന്നതെന്നാണ് ആരോപണം.
ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം തേടിയുള്ള രണ്ടാം പ്രതി അനുശാന്തിയുടെ ഹർജി തള്ളണമെന്ന് സംസ്ഥാനം. കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിൽ എന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.
എറണാകുളം തൃക്കാക്കരയിൽ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിൽ പതിനേഴുകാരനായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജോഷ്വയെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കെട്ടിടത്തിൽ നിന്നും വിളിച്ചറിയിച്ചതിനെ തുടർന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് പൂളിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലെ
ദില്ലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും തമ്മിൽ വാക്പോര്. വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യാജ വാഗ്ദാനങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തുല്യരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, രാഹുലിന്റെ പോരാട്ടം കോൺഗ്രസിനെ രക്ഷിക്കാനാണെന്നും തന്റേത് രാജ്യത്തെ രക്ഷിക്കാനാണെന്നും അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യക്ക് യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യക്ക് നേരത്തെ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ലെന്നും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേലും ജപ്പാനും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയെ സ്വയം ഉണർത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലെന്ന് സുഹൃത്ത് ജയിന്‍. ബിനിലിനെ അഞ്ചാം തീയതിയാണ് മറ്റൊരു സംഘത്തിനൊപ്പം അയച്ചതെന്നും രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്‍റെ മൃതദേഹം കണ്ടെന്ന് ജയിൻ ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചു. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജയിനും പരിക്കേറ്റു. ജയിനിപ്പോള്‍ മോസ്കോയില്‍ ചികിത്സയിലാണ്.
ന്യൂറാലിങ്ക് ബ്രെയിന്‍ ചിപ്പ് പരീക്ഷണം അടുത്ത ഘട്ടത്തിലേക്ക് കടന്നതായി കമ്പനി ഉടമ ഇലോൺ മസ്‌ക്. മൂന്നാം തവണയും ന്യൂറാലിങ്ക് മനുഷ്യരിൽ ഘടിപ്പിച്ചിരിക്കുകയാണ്. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് മസ്‌ക് പറയുന്നു. ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി. ഇലോണ്‍ മസ്‌കിന്‍റെ ബ്രെയിൻ ടെക്നോളജി സ്റ്റാർട്ടപ്പാണ് ന്യൂറാലിങ്ക്. മനുഷ്യരുടെ തലച്ചോറിൽ ‘ടെലിപ്പതി’ എന്ന ഉപകരണം ഘടിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.
കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ സഞ്ചച്ചിരുന്ന കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. ബെൽഗാവി ജില്ലയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒരു നായയെ രക്ഷിക്കാനായി മന്ത്രിയുടെ ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്ക് നിസാര പരിക്കുകൾ മാത്രമേയുള്ളൂ എന്നാണ് വിവരം.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യുഎഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെന്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടര്‍ന്നുപിടിച്ച തീപ്പിടുത്തങ്ങൾ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. പാലിസേഡിസ് തീപ്പിടുത്തം പതിനഞ്ച് ശതമാനത്തോളം നിയന്ത്രണ വിധേയമായെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈറ്റൺ തീപ്പിടുത്തം മുപ്പത്തിമൂന്ന് ശതമാനത്തോളവും ഇതുവരെ അണയ്ക്കാനായി. ലോസ് ആഞ്ചെലെസിലെ വിവിധയിടങ്ങളില്‍ പിങ്ക് നിറത്തിലുള്ള Phos-Chek എന്ന പദാര്‍ഥമാണ് അഗ്നിശമനത്തിനായി ജലത്തിന് പുറമെ ഉപയോഗിക്കുന്നത്.
ഗാസയില്‍ വെടിനിർത്തൽ ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയെന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതിലും ചർച്ച തുടരുകയാണ്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിന്റെ കരടുരേഖമധ്യസ്ഥത വഹിക്കുന്ന ഖത്തർ ഇസ്രയേൽ, ഹമാസ് അധികൃതർക്ക് കൈമാറി.
ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 120 ലധികം ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ടിബറ്റിൽ ഭൂകമ്പമുണ്ടാകുന്നത്. 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായത്.
ഖോ ഖോ ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ദില്ലി, ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം നേപ്പാളിനെ 42-37ന് തോല്‍പ്പിച്ചു. പ്രതീക് വൈകാറിന്റെ നേതൃത്വത്തില്‍ ഇറങ്ങി ഇന്ത്യ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. അതോടൊപ്പം വനിതകള്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ദക്ഷിണ കൊറിയയാണ് എതിരാളി.