നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻ്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വെച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിൽ നിന്ന് കൂടുതൽ സ്വർണം പിടികൂടിയെന്നതിനെ ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. ഏതുജില്ലയിൽ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.
പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികളാണ് ചർച്ചയിൽ. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.
പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടിയിൽ കടുത്ത അവഗണന എന്ന് ആരോപിച്ചു പാർട്ടി വിട്ടു . സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പെട്രോള്‍ പമ്പ് അപേക്ഷയിലെ ബെനാമി ഇടപാട് ആരോപണത്തിൽ പൊലീസ് അന്വേഷണം. അന്വേഷണത്തിന്‍റെ ഭാഗമായി പ്രശാന്തിന്‍റെ ഭാര്യാ സഹോദരൻ രജീഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രജീഷിന് കാസര്‍കോട് പെട്രോള്‍ പമ്പുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് രജീഷിന്‍റെ മൊഴി എടുക്കുന്നത്.
മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും മകളുടെ കേസ് ഒതുക്കി തീർക്കാൻ ആർഎസ്എസിന്റെ ആലിയിൽ കെട്ടിയെന്ന് വിഡി സതീശൻ. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെൻ്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂർ പാർട്ടി ഓഫീസ് വിട്ടതെന്നും അദ്ദേഹം വിമർശിച്ചു.
പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എൻ ശിവരാജൻ ഷുക്കൂറിന്‍റെ വീട്ടിലെത്തി. ഷുക്കൂറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാലക്കാട്ടെ ഡിസിസി നേതൃത്വം വ്യക്തമാക്കിയത്. , ഷൂക്കൂര്‍ പാര്‍ട്ടി വിടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് പാലക്കാട്ടെ സിപിഎം നേതൃത്വത്തിന്‍റെ പ്രതികരണം.
പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതിൽ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനമത്തില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ ഷാനിബ്. മത്സരത്തില്‍ നിന്ന് പിന്മാറാണമെന്ന സരിന്റെ അഭ്യര്‍ത്ഥനയെ മാനിക്കുന്നുവെന്നും മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും, സരിനുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പത്രിക ഉച്ചയ്ക്കുമുമ്പ് സമര്‍പ്പിക്കുമെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകനാണ് ദിവ്യക്കായി ഹാജരാകുന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മലയാലപ്പുഴയില്‍ നവീന്‍ബാബുവിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഡ്രൈവര്‍ പറഞ്ഞത് വാഹനത്തില്‍ എ.ഡി.എമ്മിനെ കൊണ്ടുപോയി ഇറക്കി വിട്ടുവെന്നാണ്. സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്.
സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ജല വൈദ്യുത പദ്ധതികൾ തുടങ്ങാൻ തീരുമാനമെടുക്കുമ്പോൾ ചിലർ ആവശ്യമില്ലാത്ത എതിർപ്പുയർത്തി തടസപ്പെടുത്തുകയാണെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇത്തരക്കാരുടെ എതിർപ്പ് മൂലം നിരവധി പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നു. ഇടുക്കിയിലെ നെടുങ്കണ്ടത്ത് കെഎസ്ഇബി നിർമ്മിച്ച മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂരിലെ GST സ്വർണ്ണ റെയ്ഡില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.5 കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്.90 ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാനാണ് ജി എസ് ടി സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശം
മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്ന കെ. രാധാകൃഷ്ണനെ എംപിയാക്കിയത് ഗൂഡ ഉദ്ദേശത്തോടെയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ടൂറിസമോ പൊതുമരാമത്തോ ആഭ്യന്തരമോ പോലും മുതിർന്ന നേതാവായ രാധാകൃഷ്ണന് നൽകിയിരുന്നില്ല. രാധാകൃഷ്ണനെ പറഞ്ഞു വിട്ട് സ്ഥാപിത താൽപര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു ആഭ്യന്തര വകുപ്പ് . വിവാദം അന്വേഷിക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാർ കോടതിയെ അറിയിച്ചു.
ആര്‍എസ്എസ് മോഡലില്‍ അബ്ദുൾ നാസർ മഅ്ദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്‍.എസ്.എസ് മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്ന് പി. ജയരാജന്‍ കുറ്റപ്പെടുത്തി.
വാളയാർ പീഡന കേസിലെ ഇരകളായ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സോജന് എതിരായ കേസ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാരിനും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജൻ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കുമാണ് നോട്ടീസ് അയച്ചത് .
മലപ്പുറം മുൻ എസ്.പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം. പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ചിരുന്നു.
തോമസ് കെ തോമസിന് എൻസിപി മന്ത്രിസ്ഥാനത്തേക്ക് കുരുക്കായി മാറിയത്കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ. അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. നിർണായക വിവരം സിപിഎം സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്ത് മുഖ്യമന്ത്രി. ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് സംഭവം. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു വ്യക്തമാക്കി.
അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റാണോ ആന്‍റണി രാജുവെന്നും തോമസ് കെ തോമസ് ചോദിച്ചു.
എന്‍സിപി അജിത് പവാര്‍ പക്ഷേത്തേക്ക് ചേരാന്‍ 50 കോടി രൂപ തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ . അത് വാസ്തവ വിരുദ്ധമാണ്.ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല.സമഗ്രമായ അന്വേഷണം വേണം.ഒരു വാഗ്ദാനത്തിന്‍റേയും പുറകെ പോകുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴ ആരോപണം നിഷേധിക്കാതെ ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയതെന്ന് ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. ആരോപണം പരിശോധിക്കുമെന്നും ശരിയെങ്കിൽ ഗുരുതരമായ കാര്യമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മന്ത്രി സ്ഥാനം ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും അതാത് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍.സി.പി. പാളയത്തില്‍ എത്തിക്കാന്‍ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവര്‍ക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്നാണ് അദ്ദേഹം പറയുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി . കേസ് റദ്ദാക്കണമെന്ന രാഹുൽ ഗോപാലിന്റെ ഹർജി ഹൈക്കോടതി അംഗീകരിച്ചു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ഗാർഹിക പീഡന പരാതി ഉന്നയിച്ചത്. ഭർത്താവ് രാഹുൽ ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. എന്നാൽ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
കൊച്ചി കളമശ്ശേരിയിൽ ജപ്തി നടപടി നേരിട്ട നാലംഗ കുടുംബവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ ഇന്ന് ചർച്ച നടത്തും. വീട്ടുടമ അജയനുമായും കുടുംബവുമായും സംസാരിച്ച് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പരമാവധി കുറഞ്ഞ തുകയിൽ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി ഉറപ്പാക്കാനാണ് ശ്രമമെന്ന് മന്ത്രി പി.രാജീവിന്റെ ഓഫീസ് അറിയിച്ചു.
നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു പറഞ്ഞു.
തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബംഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്.
ദാന ചുഴലിക്കാറ്റ് കര തൊട്ടത്തിന് പിന്നാലെ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സീറോ കാഷ്വാലിറ്റി ദൗത്യം വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട ഭുവനേശ്വർ വിമാനത്താവളത്തിലും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സർവ്വീസ് പുനരാരംഭിച്ചു.
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ച് എൻഐഎ . കാനഡ, യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലാണ് അൻമോൾ ബിഷ്ണോയിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. ഏതൊക്കെ ഹോട്ടലുകൾ എന്ന വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. പൊലീസ് കൺട്രോൾ റൂമിൽ ഇ മെയിൽ വഴി ആണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. തിരുപ്പതി ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
പഞ്ചാബിൽ നവംബർ 13-ന് നടക്കാനിരിക്കുന്ന നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ശിരോമണി അകാലിദൾ അറിയിച്ചു. പാർട്ടി പ്രവർത്തകസമിതിയുടെയും ജില്ലാപ്രസിഡന്റുമാരുടെയും അടിയന്തരയോഗത്തിലാണ് തീരുമാനം.
കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പുകളിലും നേതാക്കളുടെ കുടുംബാധിപത്യം. ചന്നപട്ടണ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി നിഖിൽ കുമാരസ്വാമി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമാണ്. കുമാരസ്വാമി ലോക്‌സഭാംഗമായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 103 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി.രണ്ടാം ദിനം യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ആര്‍ ആശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് .