പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി കേരളത്തിലെത്തി. രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി, ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുണ്ടായിരുന്നു.

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലെത്തി. വൈകിട്ട് മൂന്നു മണി വരെ പ്രധാനമന്ത്രി ദുരന്തമേഖലയില്‍ തുടരും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

വയനാട്ഉരുൾ പൊട്ടലിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു എൻഡിആർഎഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്നിശമനസേന, സിവിൽ ഡിഫൻസ് തുടങ്ങി 1200ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി കേന്ദ്രം. 71 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിൽ നിർണായകമായ ബെയ്ലി പാലം സൈന്യം നിർമ്മിച്ചു. എൻഡിആർഎഫ് സംഘം 30 പേരെ ദുരന്ത ബാധിത മേഖലയിൽ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാർപ്പിച്ചതായും 112 മൃതദേഹങ്ങൾ കണ്ടെത്തിയതായും കേന്ദ്രം വിശദമാക്കുന്നു.

സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് ബത്തേരിയിലെത്തിച്ചു. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്ന സാഹചര്യത്തിലാണിത് . ഇനി പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു ശേഷം മാത്രമേ തിരച്ചിൽ തുടരുകയുള്ളൂ.

വയനാട്ടിലെ ദുരന്ത ബാധിതരായ കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ ഡോ. കഫീല്‍ ഖാന്‍ . കുരുന്ന് മനസുകളിലുണ്ടായ മുറിവുണക്കാന്‍ സ്നേഹ ചികിത്സ തന്നെ വേണമെന്നും ഇതിനായി എത്രകാലം വയനാട്ടില്‍ തുടരാന്‍ സന്നദ്ധനാണെന്നും ഡോ. കഫീല്‍ ഖാന്‍ ദില്ലിയില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവുo വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. കിണറുകളിലേയോ തോടുകളിലേയോ വെള്ളം കലങ്ങിയിട്ടില്ല. വെള്ളത്തിൻ്റെ ഉറവ പുതിയതായി രൂപപ്പെട്ടിട്ടുമില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട്. ഉരുൾപൊട്ടൽ സമയത്ത് സ്ഥാനചലനം സംഭവിച്ച പാറക്കൂട്ടങ്ങൾ കൂടുതൽ താഴേക്ക് ചരിഞ്ഞിരിക്കുന്നതിന്റെ പ്രകമ്പനമാകാം അനുഭവപ്പെട്ടതെന്നാണ് നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ നിഗമനം.പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറി.

സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മറ്റന്നാൾ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവെച്ചത്. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടിയിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ഈ സാമ്പത്തിക വർഷം കേന്ദ്രം ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്ക്. പലതവണ പ്രളയത്തിൽ മുങ്ങിയ മഹാരാഷ്ട്രയ്ക്ക് മുൻ വർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2984 കോടി രൂപ കേന്ദ്രം നൽകി.കേരളത്തിനാകട്ടെ ഈ വർഷം 291 കോടി രൂപ മാത്രമാണ് പ്രകൃതി ദുരന്തം നേരിടാൻ കേന്ദ്ര വിഹിതമായി കിട്ടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്ന് വിഡി സതീശൻ . വയനാട് സന്ദര്‍ശനത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് മാത്രമായി കൈകാര്യം ചെയ്യാവുന്ന ദുരന്തമല്ല ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അജു അലക്സിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്ണൻ. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാൺ ഇടേണ്ടത് അത്യാവശ്യമാണ് . ശക്തമായ നടപടി എടുത്താലെ ഇത്തരക്കാര്‍ കണ്‍ട്രോള്‍ഡ് ആകുകയുള്ളു. ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഒളിവില്‍സ പോയ അഖിലിനായുള്ള തിരച്ചില്‍ പോലീസ്തുടരുകയാണ്.

 

സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും, വിലക്കുറവുകളും നൽകുന്ന ഫിഫ്റ്റി/ഫിഫ്റ്റി, സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ പദ്ധതികൾ നടപ്പാക്കിയത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10 ശതമാനം വിലക്കുറവ്. ഈ പദ്ധതിയുടെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ ഉടൻ പുറത്തു വിടുമെന്നും ഹിൻഡൻബർഗ് റിസർച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന റിപ്പോർട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്. ഹിൻഡൻ ബർഗിന്റെ അടുത്ത റിപ്പോർട്ട് എന്താണെന്നുള്ള ആകാംക്ഷയിലാണ് ഇന്ത്യക്കാർ.

സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. എൻജി ആചാര്യ ആന്‍ഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. അതേസമയം, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.

രാജ്യത്ത് 900 കിലോമീറ്റർ പുതിയ റെയിൽപാതയ്ക്ക് അനുമതി. കേന്ദ്ര മന്ത്രിസഭ 24,657 കോടിയുടെ പുതിയ പദ്ധതികൾക്കാണ്അംഗീകാരം നൽകിയത്. ഏഴ് സംസ്ഥാനങ്ങളിലെ എട്ട് പാതകൾക്കാണ് അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് എട്ട് റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6എ തകര്‍ന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് റോക്കറ്റ് തകര്‍ന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങൾ രൂപപ്പെട്ടതായാണ് വിവരം.

ഗാസ സിറ്റിയിൽ സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി. അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിലേക്കും തിരിയുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് വിദ്യാർഥി പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. പ്രതിഷേധക്കാർ ബംഗ്ലാദേശ് സുപ്രീം കോടതി വളഞ്ഞു. സ്ഥിതിഗതി വഷളായതായും ചീഫ് ജസ്റ്റിസ് സുപ്രീം കോടതി പരിസരത്ത് നിന്നും മാറിയതായും റിപ്പോർട്ടുകളുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *