പാരിസ് ഒളിംപിക്സിൽ ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും. ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നുവെന്നും. ഗുസ്തിയോട് വിടപറയുകയാണെന്നുമാണ് വിനേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

 

 

 

 

ഒളിംപിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാതെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സഭ വിട്ടു. ഏത് വേദിയിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നന്ദ വ്യക്തമാക്കി. രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലെന്ന് ജഗദീപ് ധന്‍കര്‍ അറിയിച്ചു. മുദ്രാവാക്യം മുഴക്കിയ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന് ശാസന നല്‍കുകയും ചെയ്തു.

 

 

വിനേഷ് ഫോഗട്ടിനെ ഒളിംപിക്സിൽ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷത്തിൻ്റെ നീക്കം. വിനേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചതിനെകുറിച്ചും കായിക മേധാവികളുടെ പിടിപ്പുകേടിനെ കുറിച്ചും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നതും സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി സന്തോഷ് കുമാർ ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നല്കി. ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കും. ഇന്നലെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

 

 

 

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു.

സൈന്യത്തിൻ്റെ മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള 500 ബറ്റാലിയൻ അംഗങ്ങളാണിവർ. അതേസമയം, താൽക്കാലികമായി നിർമ്മിച്ച ബെയ്‌ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു.

 

 

 

വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ പ്രതീക്ഷയോടെ കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.

 

 

 

വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹർജി നൽകിയത്. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.

 

 

 

 

 

വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ജനകീയ തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ജനകീയ തിരച്ചിലാവും നടക്കുകയെന്നും ഇതിൽ എല്ലാവർക്കും പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളിൽ കഴിയുന്ന ആർക്കെങ്കിലും തിരച്ചിലിൽ പങ്കെടുക്കണമെങ്കിൽ നേരത്തേ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചു.

 

 

 

വഖഫ് നിയമ ഭേദഗതി ബിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അവതരിപ്പിക്കും. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിനായി കെ രാധാകൃഷ്ണൻ എംപിയും കോൺഗ്രസ് എംപിമാരായ എം കെ രാഘവനും കെ സി വേണുഗോപാലും ഹൈബി ഈഡനും നോട്ടീസ് നൽകി.

 

 

 

 

നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

 

 

അമീബിക് മസ്തിഷ്ക്ക ജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം കേരളത്തിലെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഐ.സി.എം.ആറിന് കത്തയച്ചിരുന്നു. തുടർന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

 

 

 

 

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.

 

 

 

ബംഗാളിലെ പാര്‍ട്ടിയുടെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സി.പി.എമ്മിന്റേയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടേയും നഷ്ടമാണ് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹത്തിൻ്റെ വിയോഗത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഇന്നത്തേയും നാളത്തേയും പൊതുപരിപാടികള്‍ മാറ്റിവെച്ചതായും കേരളത്തിലുടനീളം പാര്‍ട്ടി അനുശോചനയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ് കേസിന്‍റെ അന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമം പ്രകാരമാകും നടപടി. പ്രതി അഖിൽ പി വർഗീസ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. നേരത്തെ ഇയാൾ ജോലി ചെയ്തിരുന്ന കൊല്ലം നഗരസഭയിൽ നിന്നും 40 ലക്ഷം തട്ടിയ കേസിൽ അഖിൽ മുമ്പ് നടപടി നേരിട്ടിരുന്നു. തട്ടിപ്പില്‍ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിൽ ഇന്ന് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധം നടത്തും.

 

 

 

അതിസമർത്ഥമായ സൈബർ തട്ടിപ്പിന് താൻ ഇര ആയെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. രണ്ട് ദിവസം വെർച്ചൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

കണ്ണൂർ ചൊക്ലിയിൽ കാറിൻ്റെ വാതിലിൽ ഇരുന്ന് വിവാഹ ഘോഷയാത്ര. വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ ഡിക്കിയില്‍ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. സംഭവത്തില്‍ 18 പേർക്കെതിരെ നടപടിയെടുത്തു. ആറ് കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച 6 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 24 ന് വൈകിട്ടായിരുന്നു സംഭവം.

 

 

 

 

തൊഴിലന്വേഷകരായ യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റ സംഭവത്തിൽ യുവാവ് കൊച്ചിയില്‍ പൊലീസ് പിടിയിലായി. പളളുരുത്തി സ്വദേശിയായ അഫ്സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യിച്ച ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

 

മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉറക്ക ഗുളിക കഴിച്ച് വാര്‍ഡ് മെമ്പറുടെ ആത്മഹത്യാ ശ്രമം. അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഏഴാം വാര്‍ഡ് മെമ്പറായ മുസ്ലീംലീഗിലെ ആയിശത്ത് റുബീന ഉറക്ക ഗുളിക കഴിച്ചത്. ഗുതുരതാവസ്ഥയിലായ ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇന്നലെ ഭരണ സമിതി യോഗത്തിനിടയിലായിരുന്നു സംഭവം.

 

 

 

എങ്ങണ്ടിയൂരിലെ ദളിത് യുവാവായ വിനായകന്റെ മരണത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കോടതിയിൽ റിപ്പോർട്ട് നൽകി. വിനായകനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത് പിടിച്ചുപറിക്കേസിൽ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

 

 

 

കൂടത്തായി റോയ് തോമസ് വധക്കേസില്‍ പ്രധാന പ്രതി ജോളി തോമസിന്‍റെ ഭാര്‍ത്താവും കേസിലെ സാക്ഷിയുമായ ഷാജു സക്കറിയയുടെ വിസ്താരം പൂര്‍ത്തിയായി. കൊലപാതകങ്ങളെക്കുറിച്ച് ജോളി തന്നോട് പറഞ്ഞിരുന്നതായി പ്രൊസിക്യൂഷന്‍ വിസ്താരത്തില്‍ നല്‍കിയ മൊഴിയില്‍ ഷാജു ഉറച്ച് നിന്നു. തിങ്കളാഴ്ച ജോളിയുടെ സഹോദരന്‍മാരുടെയും മുന്‍ പളളി വികാരിയുടെയും വിസ്താരം നടക്കും.

 

 

 

ആലപ്പുഴയിലെ സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.

 

 

 

ഇറച്ചിവില്‍പ്പനയ്ക്കായി കന്നുകാലിയെ മോഷ്ടിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും സഹോദരനുമടക്കം മൂന്നുപേരെ വാഗമണ്‍ പോലീസ് അറസ്റ്റുചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുടയത്തൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് കാഞ്ഞാര്‍ ഇരണിക്കല്‍ വീട്ടില്‍ ഷിയാസ് ഇരണിക്കന്‍, സഹോദരന്‍ അല്‍ത്താഫ്, ഹാറുണ്‍ റഷീദ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പത്തനംതിട്ട വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

 

 

 

 

അടൂരിൽ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി അനന്തകൃഷ്ണനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. മദ്യപിച്ചെത്തിയ അനന്തകൃഷ്ണൻ ഭാര്യയുടേയും ഭാര്യാ മാതാവിന്റേയും മുൻപിൽ വച്ച് കട്ടിലിൽ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

 

 

 

കേരളത്തിൽ ഇന്ന് കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

 

 

 

മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

 

 

കരാറുകാരനില്‍നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി. വിജിയെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരാറുകാരനായ വെച്ചൂച്ചിറ പുലിക്കുന്നേല്‍ റഫന്‍ പി.റെജി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്

 

 

 

 

 

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ഒമ്പതാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുന്നത്. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം സംസംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.

 

 

കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ കിഴുത്തള്ളി സ്വദേശി എകെ അഖിൽ അറസ്റ്റിലായി. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായത്.

 

 

 

അന്താരാഷ്ട്ര പൂച്ച ദിനമായ ഇന്ന് കൊച്ചി മറൈൻ ഡ്രൈവിൽ വേറിട്ടൊരു പ്രതിഷേധം. പൂച്ച ദിനത്തോടനുബന്ധിച്ച് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പൂച്ച ഇറച്ചി വിറ്റുള്ള പ്രതിഷേധമാണ് നടന്നത്. പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവർ മത്സ്യവും കഴിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പീറ്റ ഇന്ത്യ എന്ന സംഘടന. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസാഹാരം വെടിഞ്ഞ് സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് സംഘടന പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നത്. പൂച്ചകളുടെ രൂപത്തിലുള്ള പാവകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

 

 

 

കൊല്ലം ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിലായി. മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുകയായ 76 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. അപകടമരണമാണെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്.

 

 

 

വൈദ്യുത ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചതിന് പിന്നാലെ മദ്യലഹരിയിൽ അക്രമം. കെഎസ്ഇബിയുടെ തിരുവല്ലം സെക്ഷൻ ഓഫീസിലാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മേനിലം കീഴെ പാലറ കുന്നിൽ അജികുമാറിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

 

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷി ചെയ്ത് വരുകയായിരുന്നു സോമന്‍.

 

 

 

കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്.

 

 

ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസ്സ്‌ ഇടവ ഡീസന്റ് മുക്ക് ഭാഗത്ത്‌ എത്തിയപ്പോൾ ഗൗരി ട്രെയിനിൽനിന്ന് നിലതെറ്റി വീഴുകയായിരുന്നു.ഗൗരിയുടെ അച്ഛനും അമ്മയും ട്രെയിനിൽ ഉണ്ടായിരുന്നു. മകളുടെ പ്ലസ് വൺ വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു കുടുംബം.

 

എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന ആരോപണത്തിൽ രാജ്യസഭയിൽ ഭരണ പ്രതിപക്ഷ വാഗ്വാദം.ബി.ജെ.പി. സർക്കാർ പരാജയപ്പെട്ടതിന്

പിന്നാലെ മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും പ്രതിമകൾ മാറ്റിയതുപോലെ ഭരണഘടനയുടെ അന്തസ്സത്തയും നശിപ്പിക്കുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്നാൽ ആമുഖം ഒഴിവാക്കിയിട്ടില്ലെന്നും ദേശീയഗാനവും മൗലികാവകാശവും മൗലിക ഉത്തരവാദിത്വവും അടക്കം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി നൽകി.

 

 

 

 

നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം നിഷേധിച്ച് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ്. ചോദ്യപേപ്പർ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് വിശദീകരണം. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എൻബിഇഎംഎസ് അറിയിച്ചു. ചില ടെലഗ്രാം ചാനലുകളിലാണ് ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണമുണ്ടായത്. ഇത്തരം പ്രചാരണങ്ങളിലോ പ്രലോഭനങ്ങളിലോ വീഴരുതെന്ന് പരീക്ഷ എഴുതുന്നവരോട് എൻബിഇഎംഎസ് ആവശ്യപ്പെട്ടു.

 

 

കലാപ കലുഷിതമായ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സർക്കാർ ചുമതലയേൽക്കുമെന്ന് സൈനിക മേധാവി ജനറൽ വഖർ ഉസ് സമാൻ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ നയിക്കാൻ സമ്മതിച്ച നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസിൽ നിന്ന് ധാക്കയിൽ മടങ്ങിയെത്തുമെന്നാണ് വിവരം.

 

 

 

 

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ആഗസ്റ്റ് പകുതിയോടെ അന്തിമ തീരുമാനത്തിലെത്തും. സ്റ്റാർലൈനർ പേടകത്തിൽ തന്നെ തിരിച്ചെത്തിക്കാനാണ് തീരുമാനമെങ്കിൽ ഈ മാസം തന്നെ തിരിച്ചുവരും. അതിന് സാധിച്ചില്ലെങ്കിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാകും സ്റ്റാർലൈനർ യാത്രികരുടെ തിരിച്ചുവരവ്.

 

 

 

കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളും സേവനദാതാക്കളുമായ ഡെല്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഡെല്ലിന്‍റെ ഈ നീക്കമെന്നാണ് സൂചന. 2023ല്‍ കമ്പനി 13,000ത്തിലേറെ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും എഐയിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുകയുമാണ് ഡെല്‍ എന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *