Screenshot 2024 07 29 13 19 57 079 com.android.chrome edit

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരായ വിമർശനം ഉന്നയിച്ചതിന് അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് സന്തോഷ് കുമാർ എം പി രാജ്യസഭയിൽ പരാതി നൽകി. കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച് സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി. ഉരുൾപൊട്ടലുണ്ടാകും എന്ന മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പല മാധ്യമങ്ങളും വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ട് എന്നും നോട്ടീസിൽ പറയുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ചത് അവകാശലംഘനമാണെന്നും ഇതിൽ നടപടി വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

വയനാട്ടിൽ ഏഴാം ദിനത്തെ തിരച്ചിലിൽ 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളായാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തിരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ഇന്ന് തമിഴ്നാടിന്‍റെ സംഘവും സഹായത്തിന് എത്തിയിട്ടുണ്ട്. തമിഴ്നാടിന്‍റെ അഞ്ച് കെഡാവര്‍ ഡോഗുകളെ ഇന്നത്തെ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.

 

 

 

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി.മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും.

 

 

 

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്രസർക്കാർ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്നും, സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾ ഇത്തരം പ്രവർത്തികൾക്ക് നിയമവിരുദ്ധ സംരക്ഷണം നൽകി. വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും, ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

 

 

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു മടങ്ങുന്നു. മലയാളിയായ മേജര്‍ ജനറലിന് നാടിന്റെ സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി. വയനാട്ടില്‍നിന്ന് പോവുന്നുവെങ്കിലും ബംഗളുരുവിലുള്ള കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും തുടര്‍ന്നും അദ്ദേഹം നിരീക്ഷിക്കുമെന്നും, ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.

 

 

 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എം പി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്സഭയിൽ പാസാക്കിയിട്ടില്ലാത്തതിനാൽ പ്രത്യേക നിർദ്ദേശമായി ഉൾപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.

 

 

 

 

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്.

 

 

 

വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

 

 

 

പുനരധിവാസം തീരുമാനിക്കുന്നത് മുൻപ് ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് . ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് ടൗൺ, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കൽ മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി, പാലൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയിരുന്നു. എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ പക്കൽ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

 

 

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ബാധിതർക്കുളള സഹായ പിരിവുമായി ബന്ധപ്പെട്ട് വയനാട് കളക്ടർ മേഘശ്രീയുടെ പേരിൽ തട്ടിപ്പ്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തു.

 

 

 

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരയാനായി ചാലിയാര്‍ പുഴയുടെ തീരത്തുള്ള വനപ്രദേശത്ത് അകപ്പെട്ട 18 പേര്‍ തിരികെയെത്തി. ഞായറാഴ്ചയാണ് നിലമ്പൂര്‍ ഭാഗത്തുനിന്ന് തിരച്ചിലിനായി പോയ സംഘം വനത്തില്‍ കുടുങ്ങിയത്. മൃതദേഹം രാവിലെ ഹെലികോപ്റ്ററിൽ എയര്‍ലിഫ്റ്റ് ചെയ്താണ് കൊണ്ടുപോയത്.

 

 

 

ഉരുൾപൊട്ടലിൽ ചൂരൽമല പാലം തകർന്നതോടെ അട്ടമല റോഡിൽ കുടുങ്ങിയ കെഎസ്ആർടിസി ബസ് ഒടുവിൽ കൽപ്പറ്റയിലേക്ക് കൊണ്ടുപോയി. ഉരുള്‍പൊട്ടലുണ്ടായതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയില്‍ അട്ടമല റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബെയിലി പാലത്തിലൂടെ ബസ് കൊണ്ടുപോയത്.

 

 

 

രാജ്യത്തെ മാധ്യമപ്രവർത്തകരുടെ പ്രതിസന്ധികൾ രാജ്യസഭയിൽ ഉയർത്തി സിപിഎം എംപി വി ശിവദാസൻ. രാജ്യത്തെ ഭൂരിഭാഗം മാധ്യമപ്രവർത്തകരും അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് വി ശിവദാസൻ രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. അടിസ്ഥാന സൗകര്യമോ, പെൻഷനോ, ന്യായമായ വേതനമോ ലഭിക്കാതെയാണ് ഭൂരിഭാഗം മാധ്യമപ്രവർത്തകരും ജോലിയെടുക്കുന്നതെന്ന് എംപി ശിവദാസൻ രാജ്യസഭയില്‍ ഉന്നയിച്ചു.

 

 

 

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർത്തി രാജ്യത്ത് കൊള്ളയെന്ന് ജെബി മേത്തർ എംപി രാജ്യസഭയിൽ വ്യക്തമാക്കി. ഹോളിഡേ സീസൺ ഹൊററർ സീസണായി മാറിയെന്നും അവർ പറഞ്ഞു, സംഘടിത കൊള്ളയാണ് നടക്കുന്നത്. സംഘടിത കൊള്ളയിൽ സർക്കാറും പങ്കാളിയാകുന്നു. രണ്ടോ മൂന്നോ ഇരട്ടിയല്ല. ടിക്കറ്റ് നിരക്ക് അരലക്ഷം വരെയായി ഉയരുന്ന സാഹചര്യമുണ്ടെന്നും, പ്രവാസികളുടെ യാത്രാദുരിതവും വിമാന ടിക്കറ്റ് നിരക്ക്‌ കൊള്ളയും അവസാനിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി.

 

 

 

തൃശ്ശൂര്‍ പറമ്പിക്കുളം അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. പരമാവധി സംഭരണശേഷി 1825 അടിയുള്ള അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 1820 അടിയില്‍ എത്തിയതോടെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പരമാവധി ജലനിരപ്പില്‍ എത്തിയാല്‍ അണക്കെട്ടു തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. 1824 അടിയിലെത്തുമ്പോഴാണ് ഡാം സാധാരണ തുറക്കുന്നത്.

 

 

 

വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(11) ആണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. പ്രതിയുമായി എറണാകുളത്തും കൊല്ലത്തും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

 

 

ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകൻ മരിച്ച് 4 മാസങ്ങൾ പിന്നിടും മുൻപാണ് 67കാരിയായ ലളിതയുടെ അന്ത്യം. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു വിനോദിന്റെ മരണം.

 

 

 

 

ആര്യനാട് കരമനയാറിൽ കുളിക്കുന്നിതിനിടെ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. അനിൽ കുമാർ , അദ്വൈത് , ആനന്ദ് , അമൽ എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. അനിൽകുമാറിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ബന്ധുക്കൾ.

 

 

 

 

ബംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

 

 

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശംനടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

ഓടിക്കൊണ്ടിരുന്ന് ട്രെയിനിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ഒരു യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റു. ഭഗൽപൂർ – ജയ്നഗർ എക്സ്പ്രസ് ട്രെയിനിന് നേരെ ബിഹാറിൽ വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം എറിഞ്ഞയാളുടെ ചിത്രങ്ങളും വീഡിയോയും ട്രെയിനിൽ നിന്നുതന്നെ ഒരാൾ വീഡിയോയിൽ പകർത്തുകയും ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

 

 

 

ഗുണ എന്ന ചിത്രത്തിലെ കൺമണി അൻപോട് എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയെന്നാണ് സൂചന. തന്റെ അനുമതിയില്ലാതെയാണ് ഗാനം ഉപയോഗിച്ചുവെന്ന് ഇളയരാജയും, എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളും പറഞ്ഞിരുന്നത്.

 

 

 

 

ഹിമാചലിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെയോളമാണ് കാണാതായിട്ടുള്ളത്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

 

അമേരിക്കയിലെ മെരിലാൻഡിൽ വായുനിറച്ച കളിക്കൂടാരം ശക്തമായ കാറ്റിൽ 20 അടിയോളം ഉയരത്തിൽ ഉയർന്ന് പൊങ്ങിയതിനെ തുടർന്ന് കൂടാരത്തിൽ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് ദാരുണാന്ത്യം. ബേസ് ബോൾ മത്സരം നടക്കുന്ന ഗ്രൗണ്ടിന് സമീപത്ത് കുട്ടികൾക്കായി സജ്ജമാക്കിയിരുന്നു കളിക്കോപ്പാണ് ശക്തമായ കാറ്റിൽ ഉയർന്ന് പൊങ്ങി അപകടമുണ്ടാക്കിയത്.

 

 

 

 

ബംഗ്ലാദേശിൽ വീണ്ടും കലാപം. പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഇതോടെയുണ്ടായ സംഘ‍ർഷത്തിൽ 97 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശവും നൽകിയിട്ടുണ്ട്.

 

 

 

 

വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു.

 

 

 

ബിഹാറിൽ കൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി വൈശാലി ജില്ലയില ഹാജിപുർ മേഖലയിലാണ് അപകടം നടന്നത്. സോൻപുർ പഹ്‌ലേജ ഘട്ടിൽനിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

 

 

പാരിസ് ഒളിംപിക്സിലെ അതിവേഗ താരമായി അമേരിക്കയുടെ നോഹ ലൈൽസ്. 100 മീറ്ററിലെ വേഗപ്പോരിൽ ലൈൽസ് ജമൈക്കയുടെ കിഷെയ്ൻ തോംസണെ പിന്നിലാക്കിയാണ് നോഹ സ്വര്‍ണം നേടിയത്. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ 100 മീറ്റർ ഫൈനലിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *