mid day hd

അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമതും അധികാരത്തിലേറിയതിനു ശേഷമുള്ള മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമതും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും, പഴയകാല വൈരാഗ്യങ്ങള്‍ മറക്കണം. രാജ്യത്തിന്‍റെ വികസനം കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

നീറ്റ് പരീക്ഷ ക്രമക്കേട് ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എന്നാൽ പട്നയിൽ മാത്രമേ നീറ്റ് പരീക്ഷ ക്രമക്കേട് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും. നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 7 വർഷത്തിനിടെ പരീക്ഷ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസരംഗത്തിന്റെ നിലവാരം തകർത്തത് കോൺഗ്രസാണെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

 

 

 

 

രാജ്യത്തെ പരീക്ഷ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന് സ്ഥിതിയായിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ജെപിസി അന്വേഷണം വേണമെന്നും, എൻടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണെന്നും എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയിൽ‌ സർക്കാർ റെക്കോർഡ് സൃഷ്ടിച്ചെന്ന് അഖിലേഷ് യാദവും അതേ സമയം നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ യും ആവശ്യപ്പെട്ടു.

 

 

 

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരന്റെ ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്.

 

 

 

നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 350 പേരാണുള്ളത്. ഹൈറിസ്ക് പട്ടികയിൽ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്.

 

 

 

കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവമായ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എംപി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയം ഉയര്‍ത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്നാണ് തദ്ദേശ മന്ത്രി എംബി രാജേഷ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ സര്‍ക്കാരിന് വന്‍ വീഴ്ച വന്നതായി വിഡി സതീശൻ വ്യക്തമാക്കി. ഹരിത കര്‍മ്മ സേനയോട് ഒരു വിരോധവും ഇല്ലെന്നും സേവനങ്ങള്‍ക്ക് യൂസര്‍ഫീ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ നടപടി തെറ്റാണ്. വിവാദങ്ങളിലേക്ക് ഹരിത കര്‍മ്മ സേനയെ വലിച്ചിടുന്നത് കുശാഗ്ര ബുദ്ധിയാണെന്നും. മറുപടി പറയാന്‍ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാന്‍ വിനിയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം. സിഗ്നൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്.

 

 

 

മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. വിഷയത്തിൽ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. പ്രതീക്ഷയിൽ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഹർജിയിൽ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.

 

 

 

 

ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ മലയാളികളായ രക്ഷാപ്രവര്‍ത്തകരോട് തിരച്ചില്‍ നടക്കുന്ന മേഖലയില്‍നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പരാതി. ജില്ലാ പോലീസ് മേധാവിയാണ് മലയാളി രക്ഷാപ്രവര്‍ത്തകരോട് സംഭവസ്ഥലത്തുനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ആരോപണം.

 

 

 

 

അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. മലയോര മേഖലകളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍.

 

 

എറണാകുളം പിറവത്ത് അതിഥിത്തൊഴിലാളി പട്ടിക്കൂട്ടിൽ താമസിക്കുന്നെന്ന സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. ശ്യാം സുന്ദർ എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പട്ടിക്കൂട്ടിൽ 500 രൂപ മാസവാടകക്ക് താമസിച്ചിരുന്നത്.

 

 

 

മലപ്പുറം വേങ്ങരയിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ദുബായ് വഴി സൗദിയിലേക്ക് കടന്ന ഒന്നാം പ്രതി മുഹമ്മദ് ഫായിസിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു.

 

 

 

കനത്ത മഴയിൽ കബനി പുഴ നിറഞ്ഞതോടെ മാനന്തവാടി വാളാട് കൂടംകുന്നിലെ 200 വീട്ടുകാർ ഒറ്റപ്പെട്ടു. മന്ത്രി ഒ.ആർ കേളുവിന്‍റെ മണ്ഡലമായ മാനന്തവാടിയിലെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ കനത്ത് പെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ വാളോട് പുഴ കവിഞ്ഞ് ഒഴുകിയതോടെ റോഡില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ടായിരുന്നു.

 

 

 

കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ പൊലീസ് യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന് പരാതി. പിന്നാക്ക വിഭാഗക്കാരനായ സുരേഷിനെ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വഴിയിൽ ഉപേക്ഷിച്ചെന്നാണ് പരാതി. ഗുണ്ടകൾക്കൊപ്പമാണ് എസ്ഐയും സംഘവും വീട്ടിൽ എത്തിയതെന്നും, പൊലീസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും സുരേഷും ഭാര്യയും ആരോപിച്ചു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിക്ക് കുടുംബം പരാതി നൽകി.

 

 

 

കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് ഓടുകൾ പറന്നു പോയെന്ന് പരാതി. ഇളനീർക്കര മേലേപ്പറമ്പിൽ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്‍റെ വീട്ടിലാണ് സംഭവം. മേൽക്കൂരയിലെ ഓടുകൾ ഒരുമിച്ച് പറന്നുപോവുകയായിരുന്നു ശനിയാഴ്ചയായിരുന്നു സംഭവം.

 

 

 

പള്ളികളിൽ കോടതി വിധി നടപ്പാക്കാനുള്ള തീരുമാനം പരാജയപ്പെട്ടു. കോതമംഗലം പുളിന്താനം സെൻ്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിലും, എറണാകുളം മഴുവന്നൂർ സെന്‍റ് തോമസ് യാക്കോബായ പള്ളിയിലുമായിരുന്നു പോലീസിന്റെ ശ്രമം. ഓർത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം നിലനിൽക്കുന്ന സെൻ്റ് ജോൺസ് ബെസ്ഫാഗ പള്ളിയിൽ ഇത് എട്ടാം തവണയാണ് വിധി നടപ്പിലാക്കാൻ പൊലീസ് ശ്രമിക്കുന്നത്. അതോടൊപ്പം എറണാകുളം മഴുവന്നൂർ സെന്‍റ് തോമസ് യാക്കോബായ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറാനുള്ള നീക്കവും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് ഉപേക്ഷിച്ചു. എന്നാൽ വിധി നടപ്പിലാക്കാനുള്ള ശ്രമത്തിൽ നിന്ന് പൂർണമായി പിൻമാറിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോർട്ട് പോലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും.

 

 

 

തിരുവനന്തപുരം അയിരൂരിൽ ലൈൻമാനെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കിയെന്ന പരാതിയിൻമേൽ നടപടി. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് ബിജു പ്രഭാകര്‍ ഉത്തരവിട്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുനഃസ്ഥാപിച്ചിരുന്നു.

 

 

മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും മേയർ വ്യക്തമാക്കി.

 

 

 

 

 

സംസ്ഥാനത്ത് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ആശങ്ക ഒഴിയുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആലപ്പുഴ, കോട്ടയം, വൈക്കം, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പക്ഷികള്‍ ചത്തൊടുങ്ങുന്ന സംഭവം ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ 2025 മാർച്ച് വരെ പക്ഷിവളർത്തലിന് നിരോധനം ഏർപ്പെടുത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ നിലവിലെ സാഹചര്യത്തിൽ നടപ്പാക്കേണ്ടിവരില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. ഒരാളെ ട്രയിൻ തട്ടുകയും മറ്റ് മൂന്നുപേർ പുഴയിൽ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത്.

 

 

 

കുത്തിവെപ്പെ‌ടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജിഎംഒഎ വ്യക്തമാക്കി. അപൂർവ്വമായി സംഭവിക്കുന്ന മരുന്നിനോടുള്ള പ്രതിപ്രവർത്തനം മൂലമുണ്ടായ അനാഫിലാറ്റിക് ഷോക്ക് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ കൃത്യമായ മരണകാരണം കണ്ടു പിടിക്കുന്നതിനുള്ള അന്വേഷണത്തിനു പകരം വൈകാരിക പ്രതികരണങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് ബന്ധപ്പെട്ട ഡോക്ടർക്കെതിരെ അന്യായമായ ശിക്ഷാനടപടികൾ സ്വീകരിക്കാനൊരുങ്ങുന്ന പക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.

 

 

 

മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഞായറാഴ്ചയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലാണ് വിവാഹ ചടങ്ങിനിടെ ലിഫ്റ്റ് തകർന്ന് വീണത്. നെല്ലാണി സ്വദേശി കുഞ്ഞുമൊയിന്റെ മകളുടെ വിവാഹം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

 

 

 

തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ഐക്യനഗർ സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനൽ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതൻ, പൂച്ചെട്ടി സ്വദേശി ജോമോൻ എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്.

 

 

 

തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് പരിക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസാണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

 

 

 

പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. കിഴക്കഞ്ചേരി വക്കാല ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാറാണ് മരിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 

 

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയ നടപടി സ്വാഗതം ചെയ്ത് ആര്‍എസ്എസ്. വിലക്ക് നീക്കിയത് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രീയ താല്‍പര്യങ്ങളോടെയായിരുന്നു വിലക്ക് എന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ്. 1966-ലെ ഉത്തരവാണ് ഈ മാസം 9-ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതെന്നും, പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് നീക്കമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എന്നാൽ ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966-ല്‍ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു.

 

 

 

ഐടി ഉദ്യോഗസ്ഥർക്ക് 14 മണിക്കൂർ ജോലി നിർദേശം മുന്നോട്ടുവെച്ചതിനെതിരെ ബെംഗളൂരുവിലെ ഐടി എംപ്ലോയിസ് യൂണിയൻ. നിർദേശം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിദ്ധരാമയ്യ സർക്കാരിനോട് കെഐടിയു ആവശ്യപ്പെട്ടു. ദിവസം 14 മണിക്കൂർ, ആഴ്ചയിൽ 70 മണിക്കൂർ എന്നിങ്ങനെ ജോലി സമയം ക്രമീകരിക്കാനുള്ള നിർദേശമാണ് കർണാടക സർക്കാരിന്‍റെ മുൻപിലുള്ളതെന്നാണ് റിപ്പോർട്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *