ജമ്മുവിലെ ഡോഡയിൽ വീണ്ടും ഏറ്റുമുട്ടൽ. കാസ്തിഗഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി. ഇന്നലെ പുലർച്ചെയാണ് ഡോഡയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡിലെ അപ്പർ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തുടർച്ചയായ ആക്രമണങ്ങളിൽ കേന്ദ്രത്തിനെതിരെ ജമ്മുവിൽ കോൺഗ്രസ് പ്രതിഷേധിക്കും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു. കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകൾക്കും അവധിയാണ്.
കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മദ്രസയില്‍നിന്ന് പോയ കുട്ടികള്‍ക്ക് മുന്നിലേക്ക് മതിലിടിഞ്ഞ് വീണു. കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കണ്ണൂരിൽ കനത്ത മഴയിൽ കാർ ഒഴുക്കിൽപ്പെട്ടു. മട്ടന്നൂരിന് സമീപം കൊട്ടാരം – പെരിയത്തിൽ റോഡിലാണ് ആഡംബര കാർ വെള്ളത്തിൽ മുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി. മട്ടന്നൂർ – മണ്ണൂർ പാതയിലെ നായിക്കാലിയിൽ റോഡ് ഇടിഞ്ഞു പുഴയിലേക്ക് വീണു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.
കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറക്കാൻ കഴിയാതെ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.
ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സെർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചിരിക്കുന്നത്. ഹർജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയിൽ ഉറപ്പ് നൽകി. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ചവിട്ടി പുറത്താക്കിയാലും താനിനി കോൺഗ്രസ് വിടില്ലെന്ന് കെ മുരളീധരൻ. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂർ തോൽവി ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.എൻ.പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്ക് എതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎന്‍പ്രതാപന്‍ പറഞ്ഞു. ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം. ഏത് ദന്തഗോപുരത്തിലാണെങ്കിലും പൊലീസ് നടപടി തുടങ്ങിയാൽ റെയിൽവേ ഉദ്യോഗസ്ഥർ താഴെ ഇറങ്ങുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയി.
തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താൻ നൽകിയ അനുമതിയുടെ മറവിലാണ് മണൽ കടത്ത്. എത്ര മണൽ ആര് കൊണ്ടുപോകുന്നുവെന്ന് ആർക്കും അറിയില്ല. 2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണൽ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎൽ, ഐഐആര്‍ഇഎൽ എന്നിവര്‍ക്ക് അനുമതി നൽകിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു. പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വി മുരളീധരൻ. മേയർക്ക് കമ്പം കാർ ഓട്ടത്തിലാണെന്നും കെഎസ്ആർടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയരുടെ ഹോബിയെന്നും അദ്ദേഹം പറഞ്ഞു. കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർ, ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു. പക്ഷേ കൺമുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരൻ പരിഹസിച്ചു.
അട്ടപ്പാടിയിലെ പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയുടെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് തഹസീൽദാർ. അക്കാരണത്താൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും, നഞ്ചിയമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസിൽദാർ വ്യക്തമാക്കി. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് ആരോപണം.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്രക്കാരൻ കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. വിദേശത്തു നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് സ്വർണവുമായി പിടിയിലായത്. താക്കോലിന്റെ രൂപത്തിലും മറ്റുമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ നഗരസഭ വരുത്തിയ വീഴ്ച്ചയാണ് മലമ്പനിപോലുള്ള പകര്‍ച്ച വ്യാധിക്ക് കാരണമായതെന്ന് കോൺഗ്രസ് ആരോപിച്ചു.
മൂന്നാർ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്കൂളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരുമായി പോയ അൺ എയ്ഡഡ് സ്കൂളിൻ്റെ ബസ്സാണ് പൊലീസ് തടഞ്ഞത്. തുടർന്ന് കിലോമീറ്ററുകൾ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിട്ടു. ഗ്യാപ്പ് റോഡിൽ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാൽ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്കൂൾ പ്രവർത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിർദ്ദേശം ബസ് ഡ്രൈവർ പാലിച്ചില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി.യഥാർത്ഥ ജനനേതാവ്, ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചുവെന്നും. എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോഗിച്ചു. കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ ഒരിക്കലും മായാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുസ്മരിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും. ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവെന്നും കോൺഗ്രസ് അധ്യക്ഷൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. കോടിയേരിയുടേയും ഉമ്മൻചാണ്ടിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബമാണെന്നും ബിനീഷ് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്.
എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസിൽ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പൊലീസ് സംഘത്തിന്റെ പരിശോധന തുടരുകയാണ്.
ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി വിവരം. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം വാടകവീട്ടില്‍ കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്ന് പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടില്‍ കുടുങ്ങിയത്. കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാതയതോടെയാണ് ജെസിബി കൊണ്ടുവന്നത്.
മഴക്കെടുതിയില്‍ ഇന്ന് ഒരാള്‍ മരിച്ചു. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിസ്ക് മണ്ഡികയാണ് മരിച്ചത്.
വെള്ളച്ചാട്ടത്തിൽ റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ട്രാവൽ വ്ലോഗറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മുംബൈ സ്വദേശിനി ആൻവി കാംദാറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.
ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
മുസഫർനഗറിലെ കൻവർ യാത്രാവഴിയിലെ ഹോട്ടലുകൾക്ക് മുന്നിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണം എന്ന യുപി പോലീസിന്‍റെ നിർദേശം വിവാദത്തിലായി. സമാധാനം തകർക്കാനുള്ള നടപടിയാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സർക്കാർ താല്പര്യം എന്തെന്ന് കണ്ടെത്താൻ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സ്പോൺസേഡ് മതഭ്രാന്തെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. എന്നാൽ തീർത്ഥാടകർക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നായിരുന്നു യുപി പോലീസിന്‍റെ വിശദീകരണം.
അമേരിക്കയിൽ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാർട്ട്മെന്‍റിനാകെ അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാഹ്നവി കാണ്ടുല എന്ന 23കാരിയായ ആന്ധ്ര സ്വദേശിനി കൊല്ലപ്പെട്ട കേസിലാണ് നടപടി.
മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കറുടെ അമ്മ അറസ്റ്റിൽ. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് മനോരമ ഖേദ്കറെ പുണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. ഒന്നര വര്‍ഷം മുൻപ് നടന്ന സംഭവത്തിലാണ് അറസ്റ്റ് ഉണ്ടായത്. കര്‍ഷകര്‍ അന്ന് തന്നെ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ മകൾ വിവാദക്കുരുക്കിൽ അകപ്പെട്ടതോടെയാണ് പൊലീസ് കേസെടുത്തത്.
നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടർമാരെ സിബിഐ കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല.
ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത് ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയിൽ മരിച്ച അഞ്ച് വയസ്സുകാരിയിലും രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം.