നരേന്ദ്ര മോദി സര്‍ക്കാര്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ബിജെപി എംപിമാരോട് വൈകീട്ട് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നൽകി. നാളെ എന്‍ഡിഎ എംപിമാരുടെ യോഗത്തിന് ശേഷം നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് നാളെ നരേന്ദ്ര മോദിയെ പാര്‍ലമെന്‍റിലെ നേതാവായി തിരഞ്ഞെടുക്കും.
ആഭ്യന്തരം, ധനം, റെയില്‍വേ, വിദേശകാര്യം, നിയമം, ഐടി, പ്രതിരോധം എന്നിവ ബിജെപി തന്നെ കൈവശം വയ്ക്കണമെന്ന നരേന്ദ്രമോദിയുടെ താല്‍പര്യത്തെ തുടർന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച നടത്തുന്നതായി റിപ്പോർട്ട്.
ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ലോക്സഭാ സ്പീക്കര്‍ പദവി ടിഡിപി ആവശ്യപ്പെട്ടേക്കും. ധനം, ഐടി, ഗതാഗതം, ജല്‍ശക്തി മന്ത്രാലയങ്ങളാണ് ടിഡിപി ആവശ്യപ്പെടുക. മൂന്ന് എംപിയ്ക്ക് ഒരു മന്ത്രിസ്ഥാനം എന്നതാണ് നിതീഷ് കുമാറിന്‍റെ ഫോര്‍മുല. കൃഷി, പെട്രോളിയം മന്ത്രാലയങ്ങളാണ് ജെഡിയുവിന്‍റെ ലിസ്റ്റില്‍. രാജ്യമാകെ വൈദ്യുതി ബില്‍ ഏകീകരിക്കണം, അഗ്നിപഥ് പദ്ധതി പരിഷ്ക്കരിക്കണം എന്നീ നിര്‍ദേശങ്ങളും നിതീഷ് മുന്നോട്ടുവച്ചേക്കും.
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടു. 2019 ല്‍ 52 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിനെ ഇക്കുറി 99 ലെത്തിച്ചതില്‍ രാഹുലിന്‍റെ പങ്ക് വലുതാണ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും, ഭാരത് ജോഡോ യാത്രയും രാഹുലിന്‍റെ പ്രതിച്ഛായ, ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. ഇന്ന് വൈകിട്ട് 6.55ന് ദില്ലിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപിയുണ്ടാകുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറിയേക്കും. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്.
സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എൻഡിഎ മുന്നോട്ട് പോകുന്നതിനിടയിലും ബിജെപി എംപിമാർ തന്നെ സമീപിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി അഭിഷേക് ബാനർജി. പശ്ചിമബംഗാളിലെ 3 ബിജെപി എംപിമാരാണ് സർക്കാരുണ്ടാക്കാൻ പിന്തുണക്കാൻ തയ്യാറാണെന്ന് അറിയിച്ച് എത്തിയതെന്ന് അഭിഷേക് ബാനർജി പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞാല്‍ അവിടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടും. മുരളീധരൻ വയനാട്ടില്‍ മത്സരിച്ചാലും അനുകൂലമായിരിക്കും, കരുണാകരന്‍റെ മകൻ എവിടെയും ഫിറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ 34 വർഷത്തെ തുടർ ഭരണത്തിൽ സംഭവിച്ചതു പോലെ കേരളത്തിൽ 10 വർഷത്തെ തുടർ ഭരണത്തോടെ സി.പി.എമ്മിന്‍റെ ശവക്കുഴി തോണ്ടുമെന്ന് കെ.പി.സി.സി. മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെ പോലെ കേരളത്തിൽ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് എൻഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുൾ സലാം.എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല. മുസ്ലിം ലീഗിനെ എൻഡിഎ യിൽ കൊണ്ടു വരണം എന്ന ആവശ്യം പാർട്ടിയിൽ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും.ഇത് മലപ്പുറത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സംസാരിക്കാൻ അറിയാത്തതും ജന ബന്ധം ഇല്ലാത്തതുമാണ് അനിൽ ആൻറണിക്ക് പത്തനംതിട്ടയിൽ തിരിച്ചടി ആയതെന്ന് പിസി ജോർജ്. ക്രൈസ്തവർക്കിടയിൽ ഉണ്ടായ ബിജെപി തരംഗത്തെ പത്തനംതിട്ടയിൽ ഉപയോഗിക്കാൻ അനിലിന് കഴിഞ്ഞില്ലെന്നും അനിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അത് മാധ്യമങ്ങൾക്ക് മുൻപിൽ പറയില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.
പത്തനംതിട്ട കൊച്ചു കോയിക്കലിൽ മരംമുറി അന്വേഷിക്കാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഫോറസ്റ്റ് സെക്ഷൻ ഓഫിസർ സുരേഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവരടക്കം നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. എന്നാൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും മൂഴിയാർ പോലീസ് കേസെടുക്കുന്നില്ലെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി വന്നേക്കും. രാജു എബ്രഹാമിനെ മത്സരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസ് ഫേസ്ബുക്കിലിട്ടത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പത്തനംതിട്ടയില്‍ 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണി വിജയം നേടിയത്.
പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നടപടിയും പിൻവലിച്ചു. ഈ മാസം ഒന്ന് മുതൽ പ്രദേശവാസികൾ, സ്കൂൾ വാഹനങ്ങൾ എന്നിവർ ടോൾ നൽകണമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.
നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചെന്നും ഇതില്‍ അട്ടിമറിയുണ്ടെന്നുമാണ് പരാതി. 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം. പരാതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷിക്കും. എന്നാൽ എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ വിശദീകരണം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല. പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഹാജരായത്.
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യും, കൂടാതെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്.
മലപ്പുറം കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയില്‍ സ്കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ററി സ്കൂളിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്.
കാസർകോട് ജില്ലയിലെ കള്ളാറില്‍ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാർട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ മാത്യു ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ഫോണിൽ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. അരീക്കോട് പൂവത്തിക്കൽ സ്വദേശി വേലായുധൻ നായര്‍ നല്‍കിയ പരാതിയില്‍ ഫ്യൂച്ചർ ജനറാലി ഇന്‍ഷുറൻസ് കമ്പനിക്കെതിരെയാണ് വിധി.
വനിതാ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പന്‍ഡ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് സർജിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി ജെ പോളിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. ആഘോഷ പരിപാടിക്കിടെയാണ് യൂണിറ്റ് ചീഫ് കൂടിയായ ഡോക്ടർ, ഹൗസ് സർജനായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണ റിപോർട്ട് ലഭിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് 53കാരനായ രഘുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോട്ടറി വിൽപ്പനക്കാരനായ രഘു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ ജയത്തെ തുടർന്ന് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്നും, കൂടുതൽ ചുമതലകൾ ഏല്പിക്കണമെന്നും ഡിഎംകെ യുവജന വിഭാഗം ആവശ്യപ്പെട്ടു. ഡിഎംകെയുടെ ചരിത്ര വിജയത്തിനായി കഠിനധ്വാനം ചെയ്ത ഉദയനിധിയെ കൂടുതൽ ഉത്തരവാദിത്തം ഏല്പിക്കണമെന്നാണ് പാർട്ടിക്കുള്ളിലെ ആവശ്യം. നിയമസഭ സമ്മേളനം ഈ മാസം അവസാനം ചേരും മുൻപ് ഉദയനിധിയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
മുംബൈ ചെമ്പൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെ മുംബൈ ഗോൾഫ് ക്ലബിന് സമീപമായിരുന്നു സംഭവം. വീടുകളിലേക്ക് തീപടർന്നതിനെ തുടർന്ന് ഫർണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. അടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. മുംബൈ കോർപറേഷനും അഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുക. നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. ഇന്ത്യൻ വംശജയായ സുനിത വില്യംസും, അമേരിക്കൻ ബുച്ച് വിൽമോറുമാണ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാർ. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ് ദുൽഖഅദ് 29 ആണ്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി ദൃശ്യമായാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഗാസയിലെ യുഎൻ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 27ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സ്കൂളിൽ അഭയം തേടിയെത്തിയ ഗാസയിലുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് സൂചന.
പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.