ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യം നീട്ടണമെന്ന അപേക്ഷ സുപ്രീംകോടതി രജിസ്ട്രി അംഗീകരിച്ചില്ല. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം നീട്ടി ലഭിച്ചില്ലെങ്കിൽ കെജ്രിവാളിന് ജൂണ്‍ 2 ന് തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. എക്സാലോജികിന് അബുദാബിയിലെ കോമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. സിഎംആർഎൽ എക്‌സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ് ഇതോടൊപ്പം വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ ഒൻപത് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.
മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്‍റേതാണ് വിമർശനം. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല.പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി. 500 വ്യാജ പട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്നും, വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ലെന്നും വൻ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.
കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടു. ഇതേ തുടർന്ന് കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അരൂർ ചന്തിരൂർ സ്വദേശി സിറാജ് നല്‍കിയ പരാതിയില്‍ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. നിര്‍മാണ ചെലവ് 18.65 കോടി മാത്രമായിരിക്കെ, 22 കോടി ചെലവായെന്ന് കള്ളം പറഞ്ഞുവെന്നും, ഷൂട്ടിങ് തുടങ്ങും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.
രാജ്യാന്തര അവയവ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹൈദരാബാദിലേക്ക് പോയേക്കും. ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ച് എന്നതിലാണ് ഇവിടെ ഉള്ള പ്രധാന കണ്ണിയെ തേടി അന്വേഷണസംഘം പോകുന്നത്. അതോടൊപ്പം കസ്റ്റഡിയിൽ കിട്ടിയ സജിത്ത് ശ്യാമിനെയും സബിത് നാസറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടി എടുത്തു. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.
തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധന തുടരുമെന്നും കർശനമായ നടപടികളിലേക്ക് കടക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. പെരിഞ്ഞനത്ത് കുഴിമന്തികഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 56 കാരി മരിച്ചതിന് പിന്നാലെ ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യേഗത്തിനു ശേഷം പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് കടൽക്ഷോഭത്തിൽ പെട്ട വള്ളങ്ങളിലുണ്ടായിരുന്ന എട്ട് പേരെ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും രക്ഷപ്പെടുത്തി. ഒരു വള്ളത്തിലെ മൂന്ന് പേർ തമിഴ്നാട് കുളച്ചൽ തുറമുഖത്ത് കയറി രക്ഷപ്പെട്ടു. രണ്ട് പേരെ കണ്ടെത്താനായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതിനിടയിലാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയ തീരദേശ പോലീസിന്‍റെ ബോട്ട് അപകടാവസ്ഥയിലായത്. അവസാനം വൈകുന്നേരം അഞ്ചരയോടെ ഏറെ സാഹസപ്പെട്ട് സംഘം തീരമണഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
കണ്ണൂരിലെ തങ്കേക്കുന്നിൽ ദേശീയപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. തങ്കേക്കുന്നിൽ 20 മീറ്റർ താഴ്ചയിലാണ് പുതിയ ദേശീയ പാതയുടെ നിർമ്മാണം. ഈ ഭാഗത്താണ് മണ്ണിടിച്ചിൽ. ഇതോടെ വീടുകൾ അപകടാവസ്ഥയിലായി. താഴെ ചൊവ്വ ആറ്റടപ്പ റോഡും ഇടിയാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിങ് ചെയ്തിട്ടുണ്ടെങ്കിലും പ്രയോജനമില്ല. ഒലിച്ചിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയടഞ്ഞതാണ് പ്രതിസന്ധിയായത്.
മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്തമാസം ഏഴാം തീയ്യതി വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കിയതായാണ് പുതിയ അറിയിപ്പ്. ജൂൺ ഒന്നാം തീയ്യതി വരെയുള്ള പല സർവ്വീസുകളും ഇതിനോടകം റദ്ദാക്കിയ നിലയിലാണ്.
മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പു നൽകി. ഒടിടി കമ്പനികളിലും സാറ്റ്ലെറ്റ് വാങ്ങുന്ന ചാനലുകളിലും തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് പറയുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നും വാര്‍ത്ത കുറിപ്പിൽ പറയുന്നു.
പാലക്കാട് പരിസ്ഥിതിലോല പ്രദേശങ്ങളുടെ സർവേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. കഞ്ചിക്കോട് പയറ്റുകാട് മേഖലയിലാണ് പി ടി 5, പി ടി 14 എന്നീ കൊമ്പൻമാർ വഴിമുടക്കിയത്. ആന മുന്നിലെത്തിയതോടെ ഉദ്യോഗസ്ഥർ തിരിഞ്ഞ് ഓടുകയായിരുന്നു. മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകൾ മേഖല വിട്ടുപോവാതിരുന്നതോടെ സർവേ നടപടികൾ ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
അനധികൃതമായി അവധിയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ ജൂണ്‍ 6ന് വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നാണ് നിർദേശം.
കോഴിക്കോട് ചേളന്നൂരിൽ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു. പരിക്കേറ്റ മൂന്ന് പേരെയും ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് സമീപത്തെ മൃഗസംരക്ഷണ ആശുപത്രിയില്‍ ചികിത്സ നല്‍കി.
തൃശൂർ പെരിങ്ങോട്ടുകരയിൽ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കരുവാൻകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറയുന്നു. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു.
കൊച്ചി വരാപ്പുഴയിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്. ഇവർ വരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌താണ് എന്നാണ് സംശയം. .
തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളാണ് അവശരായത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം. തുടർന്ന് ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി.
ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ദില്ലിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്.
ദില്ലിയിൽ എന്ത് അഴിമതിയാണോ എഎപി ചെയ്തത് അതുതന്നെയാണ് പഞ്ചാബിലും ചെയ്യുന്നതെന്ന് മുൻ മുഖ്യമന്ത്രിയും ജലന്ധറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ചരൺജീത് സിംഗ് ചന്നി. തെറ്റ് ചെയ്തവർ ജയിലിൽ പോകണമെന്നും. കെജ്രിവാൾ പഞ്ചാബിൽ പ്രചാരണം നടത്തുന്നത് എഎപിക്ക് തിരിച്ചടിയാകും. മുഖ്യമന്ത്രി ഭഗവന്ത് മാൻ സ്റ്റേജ് ആർട്ടിസ്റ്റാണ്, ഭരിക്കാനറിയില്ല. അമരീന്ദർ സിംഗ് രാഷ്ട്രീയത്തിൽ നിന്ന് പുറത്തായെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായതോടെ മനുസ്മൃതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുളള നീക്കത്തിൽ നിന്നും പിന്മാറി മഹാരാഷ്ട്ര സർക്കാർ. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട പാഠ ഭാഗത്താണ് മനുമൃതിയിലെ ശ്ലോകങ്ങൾ ചേർത്തത്. പുതുക്കിയ പാഠ്യ പദ്ധതിയുടെ കരട് സർക്കാർ അനുമതിയില്ലാതെയാണ് പുറത്തുവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതികഠിനമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ റെഡ് അലെർട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവിൽ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ദില്ലിയിലെ മുൻഗേഷ്പൂരിൽ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.
അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത്ഷായും 4ന് തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും, കാറ്റ് മാറി വീശുന്നു എന്ന് മമത ബാനർജിയും ലാലു പ്രസാദും വ്യക്തമാക്കി.
ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകനായ വൈഭവ് സിങ് ആണ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തത്.
സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ചു എന്ന ആരോപണത്തിൽ മാപ്പുചോദിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാർപാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു. എൽജിബിടി സമൂഹത്തെ വിശേഷിപ്പിക്കാൻ പോപ്പ് ഇറ്റാലിയൻ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഗാസയിലേക്ക് സഹായമെത്തിക്കാനായി അമേരിക്ക നിർമ്മിച്ച താൽക്കാലിക പാത വേലിയേറ്റത്തിൽ തകർന്നതായി യുഎസ് അധികൃതർ വ്യക്തമാക്കി.. താൽക്കാലിക പാത അറ്റകുറ്റ പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരുമെന്നാണ് യുഎസ് അധികൃതർ വിശദമാക്കുന്നത്. ഗാസയുടെ തീരത്തോട് ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അമേരിക്ക ഭക്ഷണവും ഇന്ധനവും അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി താൽക്കാലിക പ്ലാറ്റ്ഫോം സജ്ജമാക്കിയത്.