രണ്ടാം വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് ട്രെയിനുകളെന്ന് മോദി പറഞ്ഞു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. മന്ത്രി വി അബ്ദുറഹ്മാൻ,കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ആദ്യയാത്രയിലുണ്ട്.
മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരൻ കെ ജി ജോര്‍ജ് അന്തരിച്ചു.കൊച്ചിയിലെ വയോജന കേന്ദ്രത്തിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 77 വയസുണ്ടായിരുന്ന കെ ജി ജോർജിന്റെ അന്ത്യം.പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.1972ൽ രാമു കാര്യാട്ടിന്റെ മായ എന്നചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്.തുടര്‍ന്ന് നെല്ലിന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതി നേടി. 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം .ഹൃദയത്തോട് ചേർത്തു വെച്ച ഒരാൾ കൂടി വിട പറഞ്ഞുവെന്ന് മമ്മൂട്ടി അനുശോചിച്ചു.
ക്ഷേത്രത്തിലെ അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. സമൂഹം ചർച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തുടർനടപടികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾക്ക് അർഹതയുണ്ടെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അർഹമായത് കേന്ദ്ര സർക്കാർ അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞു. രണ്ടാം വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫിന് മുന്നോടിയായി കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തങ്ങൾ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും രാജസ്ഥാനിൽ വിജയത്തിനരികെയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കരുവന്നൂരില്‍ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യ കാനഡ പോര് മുറുകുന്നതിനിടെ ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയ്യാറാക്കി എന്‍ഐഎ. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും എന്‍ഐഎക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.അതേസമയം, നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
കേരളത്തിൽ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് അനിൽ രക്ഷപ്പെടില്ലെന്നും പാർട്ടിയെ തിരിഞ്ഞു കൊത്തുന്നവർക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ലെന്നും കെ.മുരളീധരന് എംപി. അതോടൊപ്പം അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ഇഷ്ട്ടക്കേട് ആരും പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നുണ്ട്. പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍.
പോക്സോ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനായ നെയ്യാറ്റിൻകര പോക്സോ കോടതി അഭിഭാഷകൻ അജിത് തങ്കയ്യനെ പിരിച്ചുവിട്ടു.ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതിജീവിത നൽകിയ പരാതിയിൽ അജിത്തിനെ പിരിച്ച് വിടാൻ വി ജി. ഡയറക്ടറായിരുന്ന മനോജ് എബ്രഹാം സർക്കാരിന് ശുപാർശ നൽകിയിരുന്നു. ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്.
കോട്ടയം നാട്ടകത്ത് പൊലീസ് ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിനിടെ ലക്ഷ്യം തെറ്റിയ വെടിയുണ്ട സമീപത്തിന്റെ വീടിന്റെ ജനലിൽ പതിച്ചു. ജനലിനോട് ചേർന്ന മുറിയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉള്ളാട്ടില്‍ ജേക്കബിന്റെ വീട്ടിലേക്കാണ് പൊലീസ് പരിശീലനത്തിനിടെ വെടിവയ്പുണ്ടായത്.
പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ എൻഐഎ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു. നബീൽ അഹമ്മദിനെ ഒളിവിൽപോകാൻ സഹായിച്ചതും വ്യാജ സിം കാർഡ് എടുത്ത് നൽകിയതിലും സഹീറിന് പങ്കുള്ളതിന് തെളിവ് ലഭിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.പെറ്റ് ലവേർസ് എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ നബീൽ ശ്രമിച്ചതെന്നാണ് എൻഐഎ പറയുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങള്‍ പിന്നിട്ടിട്ടും ഉറക്കമുണരാതെ ചന്ദ്രയാന്‍-മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ നടത്തിയിരുന്നെങ്കിലും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. സിഗ്നലുകള്‍ ലഭിച്ചെങ്കില്‍ മാത്രമെ സ്ലീപ്പ് മോഡലില്‍നിന്ന് മാറി ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തന ക്ഷമമായെന്ന് സ്ഥിരീകരിക്കാനാകൂ.
ചേര്‍ത്തലയിലെ കോടതി വളപ്പിൽ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങൾ തമ്മിൽ നടന്ന കയ്യങ്കളിയിൽ ഭാര്യക്കെതിരെയും കേസെടുത്തു. ഭര്‍തൃ സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തത്. ഭാര്യയെ നിലത്തിട്ട് ചവിട്ടിയതിന് ഭർത്താവിനെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.
സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടത്. പിന്നാലെ 120 യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു.
തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു.
തൃശൂർ കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ചയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ആർദ്ര.
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മദ്യം വാങ്ങാന്‍ നിരവധി സര്‍ക്കാര്‍ ഫയലുകള്‍ വിറ്റ കരാര്‍ ജീവനക്കാരനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. കാണ്‍പുരിലെ വികാസ് ഭവനിലെ സാമൂഹിക ക്ഷേമ വകുപ്പിലെ സുപ്രധാന സര്‍ക്കാര്‍ ഫയലുകളാണ് ശുചീകരണ തൊഴിലാളി ആക്രിവിലക്ക് വിറ്റത്. ചോദ്യം ചെയ്യലില്‍ നേരത്തെയും ഇത്തരത്തില്‍ നിരവധി ഫയലുകള്‍ വിറ്റിരുന്നതായി ഇയാള്‍ സമ്മതിച്ചു.
ഫുട്ബാള്‍ മത്സരം കണ്ടു കൊണ്ടിരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു.ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ഹന്‍സ് ദിഹ മേഖലയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മൈതാനത്ത് പ്രാദേശിക ഫുട്ബാള്‍ മത്സരം കാണുന്നതിനിടെയുണ്ടായ കനത്ത മഴക്കിടെയാണ് കാഴ്ചക്കാര്‍ക്ക് ഇടിമിന്നലേറ്റത്.
അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരന് അറസ്റ്റില്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയിലെ മഹ്ബൂബ് അലിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. പക്ഷികളെയും ഞണ്ടുകളെയും പിടിക്കാനാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്നാണ് മഹ്ബൂബ് അലി ബിഎസ്എഫിനോട് പറഞ്ഞത്. ഇയാളുടെ കൈയില്‍നിന്നും ഒരു മൂങ്ങയെയും സുരക്ഷ സേന കണ്ടെടുത്തു.
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരായായ യുവതി ഭർത്താവിനൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപായി ദമ്പതികൾ പ്രതികളുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് രാഹുല്‍ ഗാന്ധി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിക്കുന്ന കരുണയാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പ്രതിഭയുടെ മൂല്യം അളന്നാല്‍ ലിയോണല്‍ മെസിയാണ് മികച്ച ഫുട്ബോളര് എന്നും. ഫുട്ബോള്‍ ടീം ഉണ്ടാക്കുകയാണെങ്കില്‍ മെസിയെയായിരിക്കും ഞാൻ തെരഞ്ഞെടുക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. 10 മീറ്റര്‍ എയര്‍റൈഫിളില്‍ വനിതാ ടീമും തുഴച്ചിലില്‍ പുരുഷ ടീമുമാണ് വെള്ളി നേടിയത്. ഷൂട്ടിങില്‍ റമിത, മെഹുലി ഘോഷ്,ആഷി ചൗക്സി എന്നിവരും തുഴച്ചിലില്‍ അര്ജുന് ലാലും അരവിന്ദ് സിങുമാണ് മെഡൽ നേടിയത്.
ലാ ലിഗയില്‍ സെല്‍റ്റ വിഗോയ്ക്ക് എതിരെ തകര്‍പ്പന്‍ തിരിച്ചുവരവോടെ ബാര്‍സയ്ക്ക് ജയം. നാല് മിനിറ്റിന് ഇടയില്‍ രണ്ട് ഗോളുകള്‍ നേടി മുന്നേറ്റനിര താരം ലെവന്‍ഡോസ്കിയാണ് ബാര്‍സയുടെ തിരിച്ചുവരവിന് കളമൊരുക്കിയത്.