കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ വകുപ്പുകളോട് ചെലവ് കൂട്ടരുതെന്നും, പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും ധനവകുപ്പ് നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന് യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.
ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്.
കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികൾ അല്ലാത്തവർ പ്രസിഡൻ്റ് ആയി വേണം. വിഷയം ചർച്ച ചെയ്യാൻ കെ സി വേണുഗോപാലുമായി വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പ്രിയദർശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ തടയുന്നതും കയ്യേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. കടുത്ത നിയമ നടപടി ഉണ്ടാകും.സ്ത്രീകൾക്കുള്ള സീറോ ടിക്കറ്റ്,പുരുഷൻമാർക്ക് നൽകി കണ്ടക്ടർമാർ പണം തട്ടുന്നുണ്ടോ എന്നറിയാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ. കഴിഞ്ഞ സർക്കാർ മൈക്രോ പ്ലാനിലൂടെ ഒരു കുടുംബത്തിന് 2 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പൈസ ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ദുരന്തബാധിതരുടെ പരാതി.
ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിങ്ങിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.
ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ സർക്കുലർ സ്വാഗതം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. ഉത്തരവ് നിലവിൽ വരുന്നതിലൂടെ ലൈസൻസ് ലഭിക്കുന്നതിനായുള്ള കാലതാമസം മാറുമെന്ന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ അറിയിച്ചു
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജിവച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴിയാണ് ധർമേന്ദ്ര പ്രധാനെ പ്രശംസിച്ചത്. ഇതിനു പിന്നാലെ കമൻ്റ് ബോക്സിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് അൻസിബ ഹാജരാകേണ്ടത്. പരാതിയിൽ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
കോഴിക്കോട് വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയേയും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ അറസ്റ്റിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന ശ്രീവത്സം എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അധികൃതർ കടയ്ക്കു മുന്നിൽ പ്രവർത്തിച്ചിരുന്ന അശോകൻ എന്ന നാട്ടുകാരന്റെ പെട്ടിക്കട പൊളിച്ചു നീക്കി. ഇതേ തുടർന്നുണ്ടായ പ്രശ്ന പരിഹാരത്തിനായി നടത്തിയ ചർച്ചയിൽ പൊളിച്ചു നീക്കിയ കട പുനർനിർമിച്ച് നൽകാമെന്ന് ശ്രീവൽസം ഗ്രൂപ്പ് സമ്മതിച്ചു.
കുണ്ടറയിൽ യുവാവ് മരിച്ചതിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് മർദ്ദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം.
തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്.
നീറ്റ് പരീക്ഷ മഹാരാഷ്ട്രയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. അഹല്യ നഗർ ജലാൽപുർ സ്വദേശി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ലോക്സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു. മന്ത്രി ജിതേന്ദ്രസിംഗ് ബില്ലവതരിപ്പിച്ചെങ്കിലും പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ സഭ മുങ്ങിയതോടെ ചര്‍ച്ചയും നടന്നില്ല. പത്ത് മണിക്കൂര്‍ ചര്‍ച്ച നടത്തി ബില്ല് പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി. പിന്നാലെ പോസ്റ്റുകൾ നീക്കം ചെയ്തു.
നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പ്രാദേശികമായി ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിൽ ധനുഷിന്റെ പ്രസംഗമാണ് ചർച്ചയാകുന്നത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്ന് സൂചന. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാനും ആലോചനയുണ്ടെന്നാണ് വിവരം.
ഹിസ്ബുല്ലയെ പ്രകീര്‍ത്തിച്ച് ഇറാന് പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇസ്രയേലിനെതിരെ പാറ പോലെ ഉറച്ചു നില്ക്കാന് ഹിസ്ബുല്ലയ്ക്കാവുന്നുണ്ടെന്ന് ഖമനയി പറഞ്ഞു. ഹിസ്ബുള്ളയെ പ്രതിരോധിക്കുന്നത് ഒരു ‘തന്ത്രപരമായ കടമ’യായി ടെഹ്റാന് കണക്കാക്കുന്നുവെന്ന് ഖമനയി വ്യക്തമാക്കി.
കാസ്പിയന്‍ കടലില്‍ വാണിജ്യ കപ്പലിന് നേരെയുണ്ടായ യുക്രെയ്ന് ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്നും ഇതിന് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന് വിദേശകാര്യമന്ത്രി അറിയിച്ചു.
ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ. ചില പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് ട്രാക്ക് ഉണരും. അത്ലറ്റിക്സിലെ ആദ്യ ദിനത്തില്‍ മലയാളി ലോങ് ജംപ് താരം ശ്രീശങ്കര്‍ മത്സരിക്കും. സജന് പ്രകാശിന് നീന്തലിലും മത്സരമുണ്ട്. ഏത് ഗെയിംസിന്റെയും പ്രധാന ആകര്‍ഷണം അത്ലറ്റിക്സ് മത്സരങ്ങളാണ്.
