മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റോസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കെജ്‍രിവാളിനെ തിഹാര്‍ ജയിലിലേക്കായിരിക്കും മാറ്റുക. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും, ഭാവിയിൽ തങ്ങൾക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഡിവൈസുകളുടെ പാസ്‌വേഡുകൾ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.
കടമെടുപ്പ് പരിധിയിലെ ഹർജിയിൻ മേൽ കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. ഹര്‍ജി തളളാതെ പരിഗണിക്കുന്നുവെന്നത് മാത്രമാണ് കേരളത്തിന് ആശ്വാസകരമായുളളത്. എന്നാൽ ഭരണഘടനാ ബെഞ്ചിന് വിട്ടതിനാൽ ഉടൻ വിധിയുണ്ടാകില്ലെന്നാണ് സൂചന.
ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ബിജെപിക്കെതിരായ ശക്തമായ മുന്നറിയിപ്പായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നിന്ന് കോണ്‍ഗ്രസും പാഠം ഉള്‍ക്കൊള്ളണമെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസിന് ബിജെപി അനുകൂല നിലപാടാണെന്നും, കേജ്‌രിവാളിനെ കേസില്‍ കുടുക്കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് ആണെന്നും അത് തെറ്റായിപ്പോയെന്ന് പറയാന്‍ കോണ്‍ഗ്രസ് ആര്‍ജവം കാണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാട്ടാനയുടെ ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ലെന്നും ഞങ്ങളെ ആരെയും ദ്രോഹിക്കാതിരുന്നാല്‍ മതിയെന്നും സാധാരണക്കാരായ കര്‍ഷകരാണെന്നും ശാശ്വത പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആന്‍റോ ആന്‍റണി എംപിയും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. മനുഷ്യത്വം ഉണ്ടെങ്കില്‍ സംഭവം നടന്നിട്ട് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ എങ്കിലും അവിടേക്ക് വരേണ്ടെയെന്നും നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടേതെന്നും ആന്‍റോ ആന്‍റണി എംപി ആരോപിച്ചു.
പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇതുസംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ദില്ലിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദില്ലിയിലെ റാലിയിൽ രാഹുലും ആനിരാജയും ഒരുമിച്ചു നിൽക്കുന്നുവെന്നും, ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുൽ എന്ത് കൊണ്ടാണ് അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കാത്തത് മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേയെന്നും മുസ്‌ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് പോകാത്തതെന്നും ഏപ്രിൽ 26 കഴിഞ്ഞാൽ രാഹുൽ അയോദ്ധ്യയിൽ പോകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ നഷ്ടത്തിലാകുമെന്ന് കാണിച്ച് എക്സൈസ് മന്ത്രിക്ക് ബെവ്ക്കോ എംഡിയുടെ കത്ത്. വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്ക്കോ സർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്ക്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരുമെന്നാണ് സൂചന.
കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് കടല്‍ക്ഷോഭത്തെ തുടർന്ന് തകര്‍ന്നു. എന്നാൽ തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം. നേരത്തെ വര്‍ക്കല ബീച്ചിലെയും തൃശൂര്‍ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ തകര്‍ന്നിരുന്നു.
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും പാർട്ടിയുടെ പിന്തുണ യുഡിഎഫിനായിരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്നതാണ് കോൺഗ്രസിനെ പിന്തുണക്കാൻ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യു ഡി എഫ് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം അടങ്ങിയ പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് യു ഡി എഫ് പരാതി നൽകിയിരിക്കുന്നത്. ആറ്റിങ്ങൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നൽകിയത്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് കണ്ടെത്തിയ സിപിഎമ്മിന്റെ അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും ആർബിഐക്കും കൈമാറി. സഹകരണ നിയമങ്ങൾ ലംഘിച്ചും, ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ഇ ഡി യുടെ ആരോപണം. ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചുവെന്നും, ഓഡിറ്റ് വിവരങ്ങളിൽ നിന്ന് ഇക്കാര്യങ്ങൾ മറച്ച് വച്ചെന്നും ഇവയെല്ലാം ഗൗരവമായി പരിഗണിക്കണമെന്നുമാണ് ഇഡി യുടെ ആവശ്യം.
റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും, കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് മദ്രസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട വിധി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്നും, വധക്കേസില്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചതെന്നും, ഒരു ഘട്ടത്തിലും പരാതി ഉയർന്നിരുന്നില്ല. സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥത പുലർത്തിയെന്ന് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല ,പക്ഷെ തല പോയെന്നു പറഞ്ഞ പോലെയാണ് റിയാസ് മൗലവി വധക്കേസില്‍ മുഖ്യമന്ത്രിയുടെ വാദമെന്ന് പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണം പ്രതികൾ ഈസി ആയി ഊരിപ്പോയി എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ് ഒരുപാട് കേസിൽ ഇങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി വധത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും ഈ കേസിൽ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് റിയാസ് മൗലവിയുടെ സഹോദരൻ. പ്രതികളുടെ ആർഎസ്എസ് ബന്ധം പോലും തെളിയിക്കാൻ കഴിഞ്ഞില്ല എന്നത് കഷ്ടമാണ്. കലാപം നടക്കണം എന്ന് ഉദ്ദേശത്തിൽ തന്നെ ചെയ്തതാണെന്നും റിയാസിനെ ലക്ഷ്യമിട്ട് തന്നെ നടത്തിയ കൊലപാതകമാണ്. എന്തായിരുന്നു പ്രതികളുടെ യഥാർത്ഥ ലക്ഷ്യം എന്നത് പുറത്ത് വരണമെന്നും സർക്കാർ അപ്പീൽ പോകും എന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും റിയാസ് മൗലവിയുടെ സഹോദരൻ പറഞ്ഞു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വെറ്ററിനറി കോളേജിൽ സ്ഥിരമായി എത്തിയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്‍റെ അച്ഛന്‍റെ പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.
മുതലപ്പൊഴിയിൽ രണ്ടു വള്ളങ്ങൾ അപകടത്തില്‍പ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു ആദ്യത്തെ അപകടം. ഇതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇതിനുപിന്നാലെ മറ്റൊരു വള്ളം മറിഞ്ഞ് ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു. കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെ വൈകിട്ടും മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞിരുന്നു. മുന്നോട്ട് നീങ്ങിയ ബോട്ട് ടെട്രാപോഡില്‍ ഇടിച്ചതോടെയാണ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ വെള്ളത്തിലേക്ക് തെറിച്ചുവീണ് അപകടമുണ്ടായത്. തെറിച്ചുവീണ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മപരിപാടി തയ്യാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മനുഷ്യ-വന്യജീവി സംഘര്‍ഷം എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെന്നും നിങ്ങള്‍ കടുവയെ പഠിപ്പിക്കാന്‍ പോകുകയാണോയെന്നും പി.വി അന്‍വറിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു. കര്‍മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നായിരുന്നു അന്‍വറിന്റെ ഹർജി എന്നാല്‍, ഇതിനോടകംതന്നെ കര്‍മ പരിപാടി രൂപവത്കരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ അനുജയുടെ മരണം അന്വേഷിക്കണമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആവശ്യപ്പെട്ട് അച്ഛൻ രവീന്ദ്രൻ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മകളെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവലറില്‍ നിന്ന് ഇറക്കിയത്. തുടർന്ന് ബലമായി കാറിൽ കയറ്റി ലോറിയിൽ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് പൊലീസിന് നല്‍കിയ പരാതിയിലെ ആവശ്യം.
പട്ടാഴിമുക്ക് കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അതോടൊപ്പം അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.
മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈകോടതി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദ്ദേശം. ഹർജിയിൽ ഇഡിയുടെ വിശദീകരണം തേടിയ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി.
തന്റെ മൂന്ന് മക്കളും തുണ്ടമാക്കിയാൽ പോലും ബിജെപിയിൽ പോകില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ വ്യക്തമാക്കി. മക്കൾബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.
ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന മുല്ലശ്ശേരി കനാൽ റോഡിലെ വിനോദ് മരിച്ചു. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ ഇതരസംസ്ഥാനക്കാരാരായ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് 11.30 ഓടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
വർക്കലയിലെ വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് നിയന്ത്രണം തെറ്റിയ ട്രാവലർ വാൻ കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. വഴിയരികിൽ നിന്നയാൾക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോഴഞ്ചേരി സ്വദേശിയായ ഡ്രൈവറെ പൊലീസ് പിന്തുടർന്ന് പിടികൂടി.
ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെ കോൺഗ്രസ് കോടതിയെ സമീപിച്ചതിനെ തുടർന്ന് 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. കേസ് ജൂലായിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു.
ദുബൈയില്‍ എമിറേറ്റ്‌സ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. അറേബ്യന്‍ റാഞ്ചസ് ഭാഗത്ത് ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്.വിവരം അറിഞ്ഞ് ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.