Screenshot 20260613 141344

ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരെ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടികാഴ്ച നടത്തിയശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

‎തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്നും, സർക്കാരിൻ്റെ പദ്ധതിയെ അഭിനന്ദിക്കുന്നുവെന്നും  കാന്തപുരം മുസ്‌ലിയാർ പറഞ്ഞു.

‎ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കോഴിക്കോട് കുറ്റ്യാടിയിൽ ആൾക്കൂട്ട വിചാരണ നടന്ന വിഷയം പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുറ്റ്യാടിയിലെ സംഭവത്തിൻ്റെ പേരിൽ ഓപ്പറേഷൻ തൂഫാൻ എല്ലായിടത്തും ഇതുപോലെയാണെന്ന് പറയരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‎മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്റ്റർ അംഗീകാരം നൽകി. വെള്ളാപ്പള്ളി നടേശൻ, എം എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

‎ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് ഭരണം തുടങ്ങി ഡയറക്ടർ ഡോ. വി മീനാക്ഷി. വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ. പനിക്കാല അടിയന്തിര സാഹചര്യത്തിലാണ് നിർദ്ദേശം. വിഷയത്തിൽ ഡോ വി മീനാക്ഷിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി.

‎നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്നും കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നും ഡോ കെ ജെ റീന. അതേസമയം ഓഫീസിലേക്ക് തള്ളിക്കയറാൻ ഉദ്ദേശമില്ലെന്നും രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത വേണ്ട സമയമാണിതെന്നും ഡോ റീന പറഞ്ഞു. ഡിഎച്ച് ആസ്ഥാനത്ത് ഇന്നും ഡോ റീന ജോലിക്കെത്തിയിട്ടുണ്ട്.

‎എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ബജറ്റ് യോഗമാണ് അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ട്രഷററായി എൻ വി അയ്യപ്പൻ പിള്ളയും തുടരും. ഐക്യകണ്ഠേനയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

‎കെ ബി ഗണേഷ്‌ കുമാര്‍ എന്‍എസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞതിനാൽ അംഗത്വം പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. എന്നാൽ എന്‍എസ്‌എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

‎മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു.  എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലായിരുന്നു വിമർശനം

‎സംസ്ഥാന ബജറ്റ് സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖ പ്രഭാഷണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

‎മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും അദ്ദേഹത്തിന്റെ സർക്കാരുമെന്ന് മുൻ മന്ത്രി വി എൻ വാസവൻ. ബിജെപി – കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് ബജറ്റ് തെളിയിക്കുന്നുവെന്നും വി എൻ വാസവൻ അഭിപ്രായപ്പെട്ടു.

‎കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ സിവിൽ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകൾ മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കി. ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്.

‎കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിതയാണ് മരിച്ചത്. 54 വയസായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

‎സിഎംആർഎൽ – എക്സാലോജിക് ഇഡി അന്വേഷണത്തിൽ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ തടസ്സം. എസ്എഫ്ഐഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു അവസാന തീയതി.

‎വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ തീരുമാനത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യതിനാണ് നികുതി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

‎കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

‎കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പൊലീസ്. 2019 ൽ സെമിത്തേരി നവീകരണത്തിന്‍റെ ഭാഗമായി കല്ലറയുടെ നമ്പറുകൾ മാറിയെന്നും ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.

‎പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. നടപ്പാതകൾ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി നടപ്പാതകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

‎സൗത്ത് സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീയെ ഡിസ്ചാര്‍ജ് ചെയ്തു.

‎നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ. ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ലൂടിക് വെരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു.

‎കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.  അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു

‎മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം വീണ്ടും കടുത്ത പ്രതിസന്ധിയിൽ. പാർട്ടിയുടെ ആകെയുള്ള ഒൻപത് ലോക്‌സഭാ എംപിമാരിൽ ആറുപേരും പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് വിമതപക്ഷത്തേക്ക് നീങ്ങി

‎ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ചയെ എംപി ശശി തരൂർ പിന്തുണച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി ബിജെപി. വിദേശനയങ്ങളിൽ പ്രതിപക്ഷം കാണിക്കേണ്ട രാഷ്ട്രീയ പക്വത ശശി തരൂരിനുണ്ടെന്നും, എന്നാൽ രാഹുൽ ഗാന്ധി രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

‎അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം.

‎ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വെള്ളിയാഴ്ച നടന്ന  പൊതുയോഗത്തിൽ ഇസ്രായേൽ പ്രതിനിധിയും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും തമ്മിൽ വാക്കേറ്റം. ഇസ്രായേലിന്റെ യുഎൻ സ്ഥാനപതി ഡാനി ഡാനനും യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ വനേസ ഫ്രേസിയറും തമ്മിലായിരുന്നു വാക്കേറ്റം.

‎ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ “ഞാനാണ് ബോസ്” എന്ന പരാമർശം നടത്തിയത് തമാശയ്ക്കായിരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ലോകനേതാക്കൾ പങ്കെടുത്ത ജി7 ഉച്ചകോടിയിലേക്ക് നടന്നുവന്നതിനിടെ ആയിരുന്നു ട്രംപിൻ്റെ “ഞാനാണ് ബോസ്” പരാമർശം.

‎ഫിഫ ലോകകപ്പില്‍ ഹെയ്തിക്കെതിരായ മത്സരത്തില്‍ ബ്രസീലിന് ജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ ഹെയ്തിയെ തകര്‍ത്തത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.

‎2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയോട് 3-0 ന് പരാജയപ്പെട്ട മത്സരത്തിലെ റഫറിയിങ്ങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അല്‍ജീരിയ ഔദ്യോഗികമായി ഫിഫയെ സമീപിച്ചു. ആദ്യ പകുതിയില്‍ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്ന് അവര്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *