വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ 63 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു. ഏറ്റെടുത്ത കടം അടച്ചു തീർക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
ആഗോള അയ്യപ്പ സംഗമത്തില്‍ എൻഎസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. എൻഎസ്എസ് സംഗമത്തിൽ പങ്കെടുത്തുവെന്നത് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസപരമായ കാര്യങ്ങളിൽ എൻഎസ്എസിന് അവരുടേതായ നിലപാടുണ്ട്, അതങ്ങനെ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ് എസ് നു സർക്കാരിനെ വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം എന്നാൽ അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. അതേസമയം കോൺഗ്രസിന്‍റേത് കള്ളക്കളിയാണെന്നും വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ലെന്നും ബിജെപിയാകട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരൻ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു.
എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്‍റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും. എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഓപ്പറേഷൻ നുംഖോർ വഴി കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം. കാറുകൾ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും. നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല ഉടമകളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്.
നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.
കസ്റ്റംസിന്‍റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായതായും താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചുവെന്നും നടൻ അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു. തന്റെ പക്കൽ നിന്ന് 6 വണ്ടികൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറയുന്നു. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടു നൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.
ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിലും പരിശോധന. ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്.മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയിൽ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
നിയമസഭാ മാർച്ച് കൊണ്ട് പരിഹാരമായില്ലെങ്കിൽ നവംബർ 1 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓൾ കേരള റീടെൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വ്യക്തമാക്കി. നിയമസഭാ മാർച്ച് ഒക്ടോബർ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘം. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. വ്യാജ തിരിച്ചറിയൽ കാര്‍ഡ് നിര്‍മ്മിച്ച കേസിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് കേസ്.
എസ്‍എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് എസ്‍പിയായിരുന്ന ശശിധരനെ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. വിജിലന്‍സ് എസ്‍പിയായിരുന്ന ശശിധരനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗ്യക ബഹുമതി നൽകാത്തതിൽ വിവാദം. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നൽകാത്തത് എന്നായിരുന്നു പൊതുഭരണ വകുപ്പിൻ്റെ മറുപടി. എന്നാൽ സർക്കാർ സമീപനം പ്രതിഷേധാർഹമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎയും വിവേചനത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിന്ദു കൃഷ്ണയും പ്രതികരിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യത. ഇന്ന് വൈകുന്നേരം 5.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ള കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ. മാവേലിക്കര തഴക്കര, കുന്നം, അമ്പാടിയിൽ അജയ് കൃഷ്ണനെയാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി. യുടെ പ്രത്യേക അന്വേഷണ സംഘവും, മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത്ത് നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്ന് പിടികൂടിയത്.
കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ രേഖകൾ തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയും കോടതി ജീവനക്കാരനമായ പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി. കാട്ടാക്കട പോക്സോ കോടതിയിലെ സീനിയർ ക്ലാർക്കും നെടുമങ്ങാട് പനവൂർ സ്വദേശിയുമായ ശ്രീലാലിൻ്റെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം എട്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
കലാ, സാഹിത്യ രംഗത്തെ മികവിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കലൈമാമണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വർഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ ജെ യേശുദാസിനാണ് എം എസ് സുബ്ബലക്ഷ്മി പുരസ്കാരം. സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകൾ, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 90 പേർക്കാണ് പുരസ്‌കാരം നൽകുന്നത്.
ശൈശവ വിവാഹ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വിജിലൻസിന്‍റെ പിടിയിൽ. തമിഴ്നാട് പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് പിടി കൂടിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് വിജിലൻസ് വീരമ്മാളിനെ അറസ്റ്റ് ചെയ്തത്.
കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി 24 മണിക്കൂറിനു ശേഷവും ജനജീവിതം ദുഷ്‌കരമായി തുടരുന്നു. ഇതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് 10 പേർ മരിച്ചതായാണ് വിവരം. അതേ സമയം മഴ ഇനിയും തുടരാനാണ് സാധ്യതയെന്നാണ് പ്രവചനം.
ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് ഷെട്ടി തിമരോടിയെ ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. റായിച്ചൂരിലേക്കാണ് തിമരോടിയെ നാട് കടത്തുക. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് നീക്കം. എന്നാൽ നാടുകടത്തലിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് തിമരോടി.
വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ദില്ലിയിൽ ആശ്രമം ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളായ 17 പെൺകുട്ടികൾ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകി.
നൂറ്റാണ്ടുകളായി ഇന്ത്യയിൽ നടന്ന വിദേശ ആക്രമണങ്ങളും കൊളോണിയൽ ഭരണവും, വിഭവങ്ങളെയും ജനങ്ങളെയും ചൂഷണം ചെയ്യുന്നതിന് മാത്രമല്ല, ഹിന്ദു ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1100 കളിൽ ഏകദേശം 60 കോടിയായിരുന്ന ഹിന്ദു ജനസംഖ്യ 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഏകദേശം 30 കോടിയായി കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഇന്ത്യക്കെതിരെ പാകിസ്ഥാനിൽ പ്രസ് മീറ്റ് നടത്തിയ ഖാലിസ്ഥാൻ സംഘടന സിഖ് ഫോർ ജസ്റ്റിസിനും ഗുർപത്വന്ത് സിംഗ് പന്നൂവിനെതിരെയും കേസ്. എൻഐഎ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഞ്ചാബിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രസ് മീറ്റ്.
ന്യൂയോര്‍ക്ക് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെയാണ് ഇമ്മാനുവൽ മാക്രോൺ ന്യൂയോർക്കിലെ തെരുവിൽ കുടുങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനുശേഷം എംബസിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ന്യൂയോർക്ക് പൊലീസ് മാക്രോണിനെ തടഞ്ഞത്.
അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കാൻ ജർമ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനിയെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ ക്ഷണിച്ചു. ജർമ്മനിയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ലഭിക്കുന്ന ഉയർന്ന ശമ്പളത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച് 1 ബി വിസ വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാൻ നിർദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ നിരീക്ഷണം. പകരം, കൂടുതൽ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണന നൽകുന്ന വെയ്റ്റഡ് സെലക്ഷൻ രീതി നടപ്പിലാക്കാനാണ് ആലോചന.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാന് ചുട്ടമറുപടി നൽകി ഇന്ത്യ. ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന പാകിസ്ഥാൻ, ഇന്ത്യക്കെതിരെ മനുഷ്യാവകാശ കൗൺസിൽ വേദി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ വിരുദ്ധ പ്രസ്താവനയോട് മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. യുഎന്നിൽ ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിൽ വലിയ കാര്യമില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ. എസ് ജയശങ്കർ യുഎന്നിൽ നടത്തുന്ന പ്രസംഗത്തിൽ യുക്രെയിൻ യുദ്ധം ഇന്ത്യ നടത്തുന്നതാണെന്ന വിമർശനത്തിന് മറുപടി നല്കിയേക്കും. ഇതിനിടെ ഡോണൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടയിൽ കുടിക്കാഴ്ചയ്ക്കുള്ള സാധ്യത ഏറുന്നതായാണ് റിപ്പോർട്ട്.
ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാന്‍. ബഗ്രാം തിരിച്ചുപിടിക്കാനുള്ള യുഎസ് ശ്രമങ്ങളുമായി സഹകരിച്ചാൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും താലിബാൻ നേതാക്കൾ പ്രതികരിച്ചു. കാണ്ഡഹാറില്‍ ചേര്‍ന്ന താലിബാന്‍റെ ഉന്നതതല നേതൃ യോഗത്തിലാണ് മുന്നറിയിപ്പ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 80-ാമത് ഉന്നതതല സമ്മേളനം നടക്കുന്നതിനിടെയാണ് ഇരുവരും നേരിൽക്കണ്ടത്. ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രംപുമായി അനൗപചാരിക സംഭാഷണത്തിൽ ഏർപ്പെട്ടു എന്ന തലക്കെട്ടിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.