വനിതാ ദിന സമ്മാനമായി രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാൻ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.
കടമെടുപ്പ് പരിധി ഉയർത്തില്ലെന്ന് കേന്ദ്രം അറിയിച്ചതായി ചീഫ് സെക്രട്ടറി വി വേണു വ്യക്തമാക്കി. 15000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിന്നു. എന്നാൽ അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേര് മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ്, മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ച് മാദേവും, മസിനഗുഡിയിൽ പുലർച്ചെയുണ്ടായ ആക്രമണത്തിൽ കർഷകനായ നാഗരാജും കൊല്ലപ്പെടുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചതോടെ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് പല തരത്തിലുള്ള മാര്‍ഗങ്ങളും അവലംബിക്കുന്നതിനെ കുറിച്ച് യോഗം വിലയിരുത്തുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണം തുടരുകയാണ്.
കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റുമെന്നും, വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെ സി വേണുഗോപാലും, കണ്ണൂരിൽ കെ സുധാകരനും മൽസരിക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് സ്ഥനാര്‍ഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി ടി.എന്‍.പ്രതാപന്. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും ടി എന്‍ പ്രതാപന് വ്യക്തമാക്കി. തന്റെ ജീവന് പാര്‍ട്ടിയാണെന്നും, തൃശ്ശൂരില്‍ ഓപ്പറേഷന് താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്നേ ആലപ്പുഴയിലെ മാരാരിക്കുളത്ത് കെസി വേണുഗോപാലിനായി പോസ്റ്ററുകൾ. കെ സി നാടിനൊപ്പം നാട് കെസിക്കൊപ്പമെന്നാണ് പോസ്റ്റര്‍.
സ്ഥാനാര്‍ത്ഥിത്വ മാറ്റങ്ങളില്‍ കെ മുരളീധരനും ഷാഫി പറമ്പിലിനും ഒരുപോലെ അതൃപ്തിയാണുള്ളതെങ്കിലും എവിടയെും മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരനും, പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തിയെന്നും, എന്നാല്‍ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്ന് ഷാഫി പറമ്പിലും വ്യക്തമാക്കി. ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ സംസ്ഥാന നേതാക്കളുടെ യോഗം നടക്കുകയാണ്. ഈ യോഗത്തിന് ശേഷം ഔദ്യോഗികമായ തീരുമാനം പാര്‍ട്ടി അറിയിക്കുമെന്നാണ് സൂചന.
എതിര് സ്ഥാനാര്‍ത്ഥി ആരെന്നത് തന്റെ വിഷയമല്ലെന്നും ബിജെപി വിജയിക്കുമെന്നും സുരേഷ് ഗോപി. ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പത്മജ വേണുഗോപാൽ പാർട്ടിയിൽ ചേർന്നയുടൻ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സംസ്ഥാന ബിജെപിയിൽ എതിർപ്പെന്ന് സൂചന. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിനാലാണ് പത്മജ ബിജെപിയിൽ ചേർന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന് ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരുന്ന യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ ചർച്ച ചെയ്തേക്കും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന ആക്ഷേപത്തിലൂന്നി തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാനാണ് സിപിഎം തീരുമാനം. എല്ലിന് കഷണം കാണിച്ചാല്‍ ഓടുന്ന ജീവികള്‍ എന്നും ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി തന്നെ കോൺഗ്രസിനെ പരിഹസിച്ച് വിമര്‍ശനത്തിന് തുടക്കമിട്ടിരുന്നു.
കെ.മുരളീധരന്റെ തൃശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജയുടെ രാഷ്ട്രീയവഞ്ചനയ്ക്കുള്ള മറുപടിയെന്ന് കെകെ രമ വ്യക്തമാക്കി. ബിജെപി ജയിക്കാതിരിക്കാന്‍ നല്ല മാറ്റമാണിതെന്നും. വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍ വലിയ പ്രശ്നമുണ്ടാകില്ല അഞ്ചുവര്‍ഷം വടകരയെ സജീവമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് കെ.മുരളീധരനെന്നും, പത്മജ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണ് ബിജെപിയിലേക്കുള്ള ചുവടുമാറ്റമെന്നും രമ കൂട്ടിച്ചേർത്തു.
ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറിച്ചൊരു ചർച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും, സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടാണ് പത്മജ വന്നതെന്ന് കരുതുന്നില്ലെന്നും തുഷാർ വ്യക്തമാക്കി.
തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്നമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വിഎസ് സുനില്‍ കുമാര്‍. മുരളീധരനായാലും പ്രതാപനായാലും രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കി.
കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന വനിതാ ദിന പരിപാടിയിൽ മുഖ്യാതിഥിയാകേണ്ടിയിരുന്ന പത്മജാ വേണുഗോപാൽ അപ്രതീക്ഷിതമായി ബിജെപിയിൽ ചേർന്നതോടെ പത്മജയുടെ ചിത്രം വെച്ച പോസ്റ്ററുകൾ നീക്കി.തിരുവനന്തപുരം മാനവീയം വീഥിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്. പത്മജക്ക് പകരം മുഖ്യാതിഥിയായി എഴുത്തുകാരി റോസ്മേരിയെ പങ്കെടുപ്പിക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അറിയിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടര്‍ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് സിറ്റിംഗ് എം പി അടൂര്‍ പ്രകാശ്. ഒരാളുടെ പേരിൽ തന്നെ രണ്ടും മൂന്നും തിരിച്ചറിയൽ കാർഡുണ്ടെന്നും, ഒരാളുടെ പേര് തന്നെ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയിലുണ്ടെന്നുമാണ് പരാതി. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി വോട്ടര്‍ പട്ടികയിലെ പേജ് അടക്കം വിശദമായ പരാതിയാണ് നൽകിയിട്ടുള്ളതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.
സ്വർണവിലയിൽ വീണ്ടും വർധന. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,200 രൂപയാണ് ഇന്ന് 120 രൂപയാണ് ഉയർന്നത്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ആൽക്കഹോളിന്റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. വീര്യം കുറഞ്ഞ മദ്യത്തിനും രണ്ടു തരം നികുതി വരുന്നതോടെ മദ്യത്തിനാണ് നാല് സ്ലാബുകളിലുള്ള നികുതിയാകും സംസ്ഥാനത്തുണ്ടാവുക.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതിയായ സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധാര്ത്ഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സിൻജോ കൈവിരലുകള്‍വെച്ച് കണ്ഠനാളം അമര്‍ത്തിയിരുന്നുവെന്നും അതിനാൽ വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തത് സിൻജോയാണെന്നും, ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് കാശിനാഥനാണെന്നും വ്യക്തമായിട്ടുണ്ട്.
മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ആക്രമണം. മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ച്. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനം പുലര്‍ച്ചെയോടെയാണ് ആക്രമിക്കപ്പെട്ടത്. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാൽ. ആളപായമുണ്ടായില്ല.
കോട്ടയം കുറവിലങ്ങാട് കാളികാവില്‍ കെ.എസ്.ആര്.ടി.സി ബസ് തലകീഴായി മറിഞ്ഞ് 24 പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം- മൂന്നാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാര്‍ ഡ്രൈവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബെംഗളൂരു നഗരത്തിലെ ഏതാണ്ട് 3,000 ത്തില്‍ അധികം കുഴല്‍കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നഗരത്തിലെ സ്കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അടച്ചിടുകയാണ്. ബെംഗളൂരു അർബൻ ജില്ലയിലെ എല്ലാ താലൂക്കുകളും വരൾച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ഗാസയിലേക്ക് റോഡ് മാർഗമുള്ള സഹായ വിതരണം ഇസ്രായേൽ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ ഭക്ഷണം വിമാനം വഴി എത്തിച്ചുകൊടുത്തിരുന്നു. എന്നാൽ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ ഗാസയിൽ അമേരിക്ക താൽക്കാലിക തുറമുഖം സ്ഥാപിക്കും. ഗാസയിൽ സഹായവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കപ്പൽ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാൽ അമേരിക്കൻ പട്ടാളക്കാർ ഗാസയിൽ ഇറങ്ങില്ല. ഗാസയിലെ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു.
വടക്കൻ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സർക്കാർ സ്കൂളിൽ തോക്കുമായെത്തിയ സംഘം സ്കൂളിൽനിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. സ്കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികൾക്ക് നേരെ വെടിയുതിർത്ത ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതർ വിശദമാക്കുന്നത്.