20250825 140804 0000

പൊലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സ്ഥലത്ത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും അകത്തും വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

 

ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.

 

ടെറ്റ് യോഗ്യത നേടാത്തവർ അധ്യാപക ജോലി അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ കേരളം. പുനപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നൽകാനാണ് തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം. കേരളത്തിലെ 50000ത്തോളം അധ്യാപകരെ ഇത് ബാധിക്കും. നിലവിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ബാധകമായിട്ടുള്ളത് പ്രധാന അധ്യാപകർക്ക് മാത്രമാണ്.

 

ബീഡിയും ബീഹാറും’ വിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ കെപിസിസി നേതൃയോഗത്തിൽ നിലപാട് വിശദീകരിച്ച് വി ടി ബൽറാം. തന്‍റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ഒരു സംഘടനാ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും ബൽറാം പറഞ്ഞു. അതിൽ നിന്ന് തന്നെ പുറത്താക്കുകയോ ഞാൻ രാജിവെക്കുകയോ ചെയ്തിട്ടില്ലെന്നും ബൽറാം കൂട്ടിച്ചേർത്തു.

 

വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ‌ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.

 

കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ.ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു.

 

കൽപ്പറ്റ എംഎൽഎയായ ടി സിദ്ധീഖിനെതിരെ ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതമാണ് ഫെയ്‌സ്ബുക്കിൽ ആരോപണം ഉന്നയിച്ചത്.

 

ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണ്. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്നും ടി സിദ്ധിഖ് വാര്‍ത്താസമ്മേളനത്തിൽ പ്രതികരിച്ചു.

 

ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ ഭാവി വികസനത്തിനുള്ള പദ്ധതിയാണെന്ന് എഡിജിപി എസ് ശ്രീജിത്ത്. ശബരിമലയിൽ ഇനി എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകണം എന്നത് ചർച്ച ചെയ്യുന്നതിനാണ് അയ്യപ്പ സംഗമം. എല്ലാ സംഘടനകളുടെയും പിന്തുണയുണ്ടാവണം. എസ്എൻഡിപി യോഗം വൈക്കം യൂണിയന്‍റെ ചതയ ദിന പരിപാടിയിലാണ് ശ്രീജിത്തിന്‍റെ പ്രസംഗം.

 

പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. മറുപടി കിട്ടിയാലുടൻ രതീഷിനെതിരെ നടപടിയെടുക്കും. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

 

പത്തനംതിട്ട മുൻ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തില്‍ കോന്നി സിഐയായിരുന്ന മധുബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത്. മുൻ എസ്പി ഹരിശങ്കറാണ് റിപ്പോർട്ട് നൽകിയത്. 2016ലാണ് ഡിജിപിക്ക് മധുബാബുവിനെതിരെ നടപടി ശുപാർശ ചെയ്തത്. സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുവെന്നായിരുന്നു റിപ്പോർട്ട്. കൂടാതെ ക്രമസമാധന ചുമതലയിൽ വയ്ക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്തിരുന്നു.

 

അടൂര്‍ പൊലീസിനെതിരെ കൂടുതൽ ആരോപണം. ഡിവൈഎഫ്ഐ അടൂർ ടൗൺ മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദാണ് തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ചത് . 2020 മാർച്ചിൽ നടന്ന സംഭവത്തിൽ ഇതുവരെ നീതി കിട്ടിയിട്ടില്ല. അടൂർ പോലീസിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും തന്നെയും സഹോദരനെയും മർദ്ദിച്ചുവെന്നും ഹാഷിം പറഞ്ഞു.

 

പത്തനംതിട്ട അടൂർ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് അകാരണമായി മർദിച്ചെന്ന പരാതിയുമായി റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ. സബ് ഇൻസ്പെക്ടർ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി. മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് പള്ളിക്കൽ സ്വദേശി ബാബു പറയുന്നു.

 

കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനുമാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെ സ്ഫോടനം നടന്നത്.

 

തൃശൂരിൽ ഇന്ന് പുലിക്കൂട്ടമിറങ്ങും. 9 സംഘങ്ങളിലായി 459 പുലികളാണ് ഉച്ച തിരിഞ്ഞ് സ്വരാജ് റൗണ്ടിൽ ഇറങ്ങുന്നത്. ഒൻപതു പുലിക്കളിസംഘങ്ങളാണ് ഇക്കുറിയുള്ളത്. വൈകീട്ട് നാലരയോടെ ഓരോ സംഘവും റൗണ്ടിൽ പ്രവേശിക്കും. ഓരോ സംഘത്തിലും 51 വരെ പുലികളുണ്ടാകും. നിശ്ചലദൃശ്യങ്ങളും പുലിവണ്ടിയുമെല്ലാമുണ്ടാകും.രാത്രി 10-ന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി പൂർണമാകുക.

 

ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നിയന്ത്രണം ഉണ്ടാവും.

 

വയനാട് മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല – കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു. എന്നാൽ സംഘാടകസമിതിയോ ആലോചനാ യോഗമോ ചേരാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച എൽഡിഎഫ് രാവിലെ 11 മണിക്ക് പാലത്തിൻറെ ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ പാലത്തിൻറെ പണി മുഴുവൻ പൂർത്തിയാകാതെയാണ് ഉദ്ഘാടനങ്ങൾ എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.

 

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

 

അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്.പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

 

ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം. 522 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് നിയമിച്ചത്. ജയിലിൽ തടവിൽ കഴിയുന്ന പ്രതികൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന ജയിൽ ചട്ടങ്ങളുടെ ഭാഗമായാണ് നിയമനം നൽകിയത്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസവും മാസം കുറഞ്ഞത് 12 ദിവസവും ഇദ്ദേഹം ജോലി ചെയ്യണം.

 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും. വോട്ടു ചെയ്യേണ്ട വിധം അടക്കം നേതാക്കൾ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ രാത്രി അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്. അതേസമയം എൻഡിഎ എംപിമാരും ഇന്ന് യോഗം ചേർന്നേക്കും.

 

ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

 

കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഘർഷം ഒഴിവാക്കാൻ പൊലീസ് റൂട്ട് മാർച്ചും നടത്തി.

 

പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ഇന്ത്യ ശക്തമാക്കും. ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ളവ നേരിടാൻ പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും. തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാനാണ് നടപടികൾ. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ ( LLLR -E), 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാർ (ADFCR-DD) തുടങ്ങിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും എന്നാണ് റിപ്പോർട്ട്.

 

അജിത്‌ കുമാർ നായകനായ ചിത്രത്തിലെ പാട്ടുകൾക്ക് എതിരായി ഇളയരാജ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിക്കാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പവകാശ ലംഘന പരാതിയിലാണ് ഇടക്കാല ഉത്തരവ്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹർജിയിൽ പറഞ്ഞിരുന്നു.

 

എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ദില്ലിയിൽ തുടരുന്നു. ഇന്നലെ എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്.ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ദില്ലിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയിൽ പങ്കെടുക്കും.

 

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്‍റെ യുവതാരം കാര്‍ലോസ് അല്‍കാരസ് സ്വന്തമാക്കിയതില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് നിരാശ. യുഎസ് ഓപ്പണിലെ അല്‍കാരസ്-സിന്നര്‍ കിരീടപ്പോരാട്ടം കാണാന്‍ ട്രപും വരുന്നുവെന്ന് അറിയിച്ചതോടെ കര്‍ശന സുരക്ഷയാണ് ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. മത്സരത്തിന് മുമ്പ് ആരെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും മത്സരശേഷമുള്ള ട്രംപിന്‍റെ മുഖഭാവത്തില്‍ നിന്ന് ജാനിക് സിന്നര്‍ക്കായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പിന്തുണയെന്ന് ആരാധകര്‍ വായിച്ചെടുത്തു.

 

ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ഒരു സൈനികന് പരിക്കേറ്റതായുമാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു കശ്‌മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

 

പലസ്തീൻ തടവുകാർക്ക് ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്ന രൂക്ഷ വിമർശനവുമായി ഇസ്രയേൽ സുപ്രീം കോടതി. പലസ്തീൻ തടവുകാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് ഇസ്രയേൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് സുപ്രീം കോടതി ഞായറാഴ്ച വിശദമാക്കിയത്.

 

ജനസംഖ്യാ ഇടിവ് അപകടകരമായ നിലയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ വൻ നികുതി ഇളവുകളും സാമ്പത്തിക പ്രോത്സാഹനവുമായി ഗ്രീസ്. യൂറോപ്പിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ ഗ്രീസിൽ വലിയ രീതിയിലുള്ള ജനസംഖ്യാ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി 1.6 ബില്യൺ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *