ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്നും ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിൻറെ ഇരയാണ് ഇന്ത്യ, ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം, ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച മോദി, മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടതെന്നും വ്യക്തമാക്കി.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ അസാധാരണ ചർച്ച. ഫോട്ടോ സെഷന് മുൻപായാണ് മൂന്ന് നേതാക്കളും ചേർന്ന് ഹ്രസ്വ ചർച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയിൽ മോദി എത്തിയത് വ്ളാദിമിർ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ളാദകരമാണെന്നും ഷി ജിൻപിങുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന‌് പ്രഖ്യാപനത്തില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം ഭീകരവാദത്തിൻറെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല ഭീകരവാദത്തെയും മതമൗലികവാദത്തെയും ശക്തമായി ചെറുക്കും . പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്.
ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്‍റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. റഷ്യയുമായുള്ളത് ദീർഘകാല ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുടിന്‍റെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും യുക്രയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും മോദി പറഞ്ഞു.
ബീഹാർ എസ് ഐ ആറില്‍ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. സെപ്തംബർ ഒന്നിന്ന് ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. പരാതികൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് ജനയുഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ലേഖനം. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറ്റൊരു ലേഖനവും ജനയുഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം നേരിടുന്ന പ്രതിസന്ധികൾ എന്നപേരിലാണ് ലേഖനമുള്ളത്. ജനാധിപത്യത്തെക്കുറിച്ച് ഇരുവരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ലേഖനം വന്നതിൽ സിപിഐക്കുള്ളിൽ ഭിന്നതയുണ്ടെന്നാണ് വിവരം.
വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വണ്ടി കയറേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം നീക്കമുണ്ടായാൽ കളിമാറുമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കിടെയാണ് എതിർചേരിക്കുള്ള ബിനോയ് വിശ്വത്തിന്‍റെ സന്ദേശം.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് എൻഎസ്എസ്. പരിപാടിയിലേക്ക് പ്രതിനിധിയെ അയക്കാനാണ് എൻഎസ്എസിൻ്റെ തീരുമാനം. രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കരുതെന്ന ആവശ്യം അംഗീകരിച്ചതിനെ എൻഎസ്എസ് സ്വാഗതം ചെയ്യുകയായിരുന്നു. നേരത്തെ, ഉപാധികളോടെ ആഗോള അയ്യപ്പ സംഗമത്തെ എൻഎൻഎസ് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തെ പിന്തുണക്കുന്ന നിലാപാടാണ് സ്വീകരിച്ചത്.
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രത്തിന് കേന്ദ്രാനുമതിയില്ല, വിമാന സുരക്ഷാനിയമം കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം, കേസിലെ തുടർ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ അഭിപ്രായം തേടിയിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി. സംഭവം നടന്ന് 3 വർഷത്തിന് ശേഷമാണ് അനുമതി നിഷേധിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിയെടുത്ത നടപടിയിൽ എ ഗ്രൂപ്പിന് അതൃപ്തി. രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് വിമർശനം ഉയരുന്നത്. രാഹുലിനെതിരെ പെട്ടെന്നുണ്ടായ കടുത്ത നടപടി കുറ്റം ശരിവെക്കുന്നത് പോലെ ആയെന്നുമാണ് എ ഗ്രൂപ്പിൻ്റെ വിമർശനം. എന്നാൽ രാഹുലിനെതിരെ എടുത്ത കടുത്ത നടപടിയാണ് പാർട്ടിയെ പിടിച്ചു നിർത്തിയതെന്നാണ് സതീശൻ അനുകൂലികളുടെ വാദം.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കയ്യേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കും അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. എന്നാൽ ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെ പാലക്കാട് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തും. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും. വൈകീട്ട് സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്താണ് ആത്മാഭിമാന സദസ് എന്ന പേരിൽ പരിപാടി നടത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ടു മരണവും ഉണ്ടായത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതേസമയം കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാർഡിയാക് പ്രശ്നവും ഉണ്ടായിരുന്നതായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
ഹരിപ്പാട് ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്.
സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ബദല്‍ മാര്‍ങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആണവ നിലയത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ടെന്നും ഇതിന്‍റെ സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഒരു തലമുറയ്ക്കായിട്ടാണ് വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയാണിത് ഭാവി ആലോചിച്ചാണ് പദ്ധതി തുടങ്ങേണ്ടത് ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടുമെന്നും മന്ത്രിസഭയിൽ ഉടൻ റിപോർട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിലെ കേരളത്തിലെ ഇടത് നേതാക്കളുടെ അസാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്. ഇടതുപക്ഷത്തിൻ്റെ ഏക മുഖ്യമന്ത്രി അനുകൂലിച്ചു ഒരു പ്രസ്താവന പോലും ഇറക്കിയില്ല എന്നത് ദുരൂഹമാണ്. ബിജെപി- സിപിഎം ഗൂഢാലോചന എന്ന ആരോപണത്തിനു ബലം നൽകുന്നതാണിതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വയനാട് തുരങ്കപാതയിലെ സി പി ഐ അതൃപ്തി സംബന്ധിച്ച് പ്രതികരണവുമായി മന്ത്രി കെ രാജൻ. സിപിഐയിൽ ഭിന്നാഭിപ്രായമില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ കൂടിയാലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണെന്നും ഭിന്നാഭിപ്രായം ഉയർന്നുവന്നത് അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്‌ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.
തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന് മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജൻ സ്കറിയ പറഞ്ഞു. അതേസമയം ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിലായി. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ വച്ചാണ് ഷാജൻ സ്കറിയയ്ക്ക് മർദമേറ്റത്.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു. അതുല്യ മരിക്കുന്നതിന് തലേ ദിവസം വലിയ സന്തോഷത്തിലായിരുന്നു, അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാൻ ഇരുന്നതാണ് വലിയ പ്രതീക്ഷയിലായിരുന്നുവെന്നും അങ്ങനെ ഒരാൾ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നും അഖില പറഞ്ഞു.
തെയ്യാലയിൽ കാർ ആക്രമിച്ച് 2 കോടി തട്ടിയ സംഭവത്തിൽ ക്വട്ടേഷൻ സംഘം പ്രതിഫലം സൂക്ഷിച്ചത് പട്ടിക്കൂട്ടിൽ. പ്രതി ഫവാസാണ് ക്വട്ടേഷൻ കൂലിയായി കിട്ടിയ അഞ്ച് ലക്ഷം രൂപ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിപ്പിച്ചത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. ആഗസ്റ്റ് 14 ന് രാത്രിയാണ് കാർ ആക്രമിച്ച് ഫനീഫയെന്നയാളുടെ 2 കോടി രൂപ ക്വട്ടേഷൻ സംഘം തട്ടിയെടുത്തത്.
തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.
ട്രെയിനിൽ വച്ച് മൊബൈൽ ഫോൺ അടിച്ച് മാറ്റിയ ആളെ പിടികൂടാനുള്ള ശ്രമത്തിൽ ബിഎസ്എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി. ന്യൂ ദില്ലി അമൃത്സർ ഷാനേ പഞ്ചാബ് എക്സപ്രസിലാണ് സംഭവം. ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമൻ ജയ്സ്വാൾ എന്ന ബിഎസ്എഫ് ജവാനാണ് ഇരുകാലുകളും നഷ്ടമായത്. ലുധിയാനയിലെ ദമോരിയ പാലത്തിൽ വച്ചായിരുന്നു സംഭവം.
ഇന്ത്യ – ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പുതിയ നീക്കത്തെ സിപിഎം സ്വാഗതം ചെയ്യുന്നു ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ അടുക്കുന്നത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും ലോക രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏക ധ്രുവ ലോകത്തിൽ നിന്നും ബഹു ധ്രുവ ലോകത്തിലേക്കുള്ള മാറ്റമാണ് ഇപ്പോൾ നടക്കുന്നതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും. ദളിത്, ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ നിയമത്തിൽ പറയുന്നത്. കടുത്ത വ്യവസ്ഥകളോട് കൂടിയാണ് നിയമം നിയമസഭയിലേക്ക് രാജസ്ഥാൻ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ കേസെടുത്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പരാമര്‍ശം ഭാഷാശൈലിയാണെന്നും വിഡ്ഢികള്‍ക്ക് ശൈലികള്‍ മനസ്സിലാകില്ലെന്നും മൊയ്ത്ര പറഞ്ഞു. അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘തല വെട്ടണമെന്ന മൊയ്ത്രയുടെ പ്രസ്താവനയാണ് വിവാദമായത്.
അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.
വ്യോമസേനയിലെ പൈലറ്റ് തസ്തികകളില്‍ പുരുഷന്മാര്‍ക്ക് മാത്രമായി സംവരണമുള്ളത് ന്യായീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരാതിക്കാരിയെ പൈലറ്റായി നിയമിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി, ഇത്തരം വിവേചനം അനുവദിക്കാവുന്ന കാലമല്ലെന്നും വ്യക്തമാക്കി. വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള അര്‍ച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന ആരോപണത്തിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. മോസ്കോയിൽ നിന്ന് എണ്ണ കിഴിവിൽ വാങ്ങി, ശുദ്ധീകരിച്ച് യൂറോപ്പിലെയും മറ്റിടങ്ങളിലും വിറ്റാണ് ഇന്ത്യ ലാഭം കൊയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഇന്ത്യയെ ‘റഷ്യയുടെ അലക്കുശാല’ എന്ന് വിശേഷിപ്പിക്കുകയും ‘ഇന്ത്യൻ ജനതയുടെ ചെലവിൽ’ ലാഭം കൊയ്യുന്നതിന് രാജ്യത്തെ ഉന്നതരെ വിമർശിക്കുകയും ചെയ്തു.