സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ നാളെ മുതൽ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും, മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറും.
ഓണം, ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ ഇനി മുതൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. മന്ത്രി വി ശിവൻകുട്ടിയാണ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആഘോഷ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു അതനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. ഒരു വർഷം മുൻപ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ജയിക്കാൻ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേർക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാമെന്നും വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അതേസമയം വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്നും കാന്തപുരത്തിൻ്റെ ആരാധകനാണ് താനെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറയുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള 47കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഇയാൾ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ നടത്തിയ സ്രവ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കത്ത് ചോർച്ച വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ വക്കീൽ നോട്ടീസിന് മറുപടി നൽകി വ്യവസായി മുഹമ്മദ് ഷർഷാദ്. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ല കത്ത് ചോർത്തിയതിൽ എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മുഹമ്മദ് ഷർഷാദ് മറുപടിയില്‍ പറയുന്നു.
പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്കൂൾ വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി ശിവൻകുട്ടി.സ്കൂൾ കോമ്പൗണ്ടിൽ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും,ഇവിടെ ആർഎസ്എസ് ക്യാമ്പ് നടക്കുന്ന സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനും നിവാരണത്തിനുമായി പുതിയ നയരേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 273 തദ്ദേശ സ്ഥാപനങ്ങൾ സംഘര്‍ഷ ബാധിത പ്രദേശങ്ങളാണ്. 30 തദ്ദേശ സ്ഥാപനങ്ങൾ ഹോട്സ്പോട്ടുകളാണ്, കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും രണ്ടിലേക്കു മാറ്റണമെന്നും കാട്ടുപന്നികളെ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവര്‍ത്തിക്കും.
രാഹുൽമാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഷാഫി പറമ്പിലിന്‍റെ സ്കൂളിൽ പഠിച്ചവരാണ് ഇവരൊക്കെ, ഷാഫിയാണ് ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു. അതേസമയം ആരോപണം ഉന്നയിച്ചവർക്കെതിരെ തിരിച്ച് ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും വിരട്ടി ഭീഷണിപ്പെടുത്താൽ നോക്കേണ്ടെന്നും വി കെ ശ്രീകണ്ഠന് ശിവൻ കുട്ടി മറുപടി നൽകി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരും. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സംഘടനാപരമായ നടപടി മാത്രം മതിയെന്നും കോണ്‍ഗ്രസിൽ ധാരണയായി. അതേസമയം, രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിൽ തന്നെ തുടരുന്നുവെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ പുതിയ സാഹചര്യത്തിൽ റദ്ദാക്കി. അതേസമയം
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തൽ.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെൺകുട്ടികളെ അപമാനിച്ചും വികെ ശ്രീകണ്ഠൻ എംപി നടത്തിയ പരാമര്‍ശം പിൻവലിച്ചു. അല്‍പ വസ്ത്ര പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് വി കെ ശ്രീകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് കോൺഗ്രസ് ശൈലിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേയും ഷാഫി പറമ്പിൽ എംപിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഇരുവരും പൂര പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതെരഞ്ഞെടുപ്പ് സമയത്ത് എത്തിയത് വലിയ ഫണ്ടാണെന്നും പാലക്കാട് കോൺഗ്രസിൽ വിമർശനമുയർന്നു. ഈ തുക എന്തു ചെയ്തുവെന്ന് ഇവർ വ്യക്തമാക്കണമെന്നും രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം എതിർത്തത് സ്വഭാവ ദൂഷ്യം കൊണ്ട് കൂടിയാണെന്നും കോൺഗ്രസിൽ വിമർശനം ഉയരുന്നുണ്ട്.
സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായി ടി സിദ്ധീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സിദ്ധീഖും ഷറഫുന്നീസയും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്. കെകെ ലതിക, ശശികല റഹീം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകൾക്ക് എതിരെയാണ് പരാതി നൽകിയത്.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണത്തില്‍ പരാതി നൽകി എഴുത്തുകാരി ഹണി ഭാസ്‌കർ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഹണി ഭാസ്‌കർ പരാതി നൽകിയത്. ഇമെയിൽ വഴിയാണ് പരാതി അയച്ചത്.
കോട്ടയം സിഎംഎസ് കോളേജ് യൂണിയനിൽ ആകെയുള്ള 15 ൽ 14 സീറ്റിലും KSU സ്ഥാനാർഥികൾ ജയിച്ചു എസ്എഫ്ഐ ജയിച്ചത് I DC rep മാത്രം. സിഎംഎസ് കോളേജിലെ ksu വിജയം 37 വർഷത്തിന് ശേഷമാണ്. കെഎസ്‍യു വിലെ ഫഹദ് സിയാണ് ചെയർമാൻ. സംഘർഷ സാധ്യത കണക്കിലെടുത്തു ഇന്നലെ ഫല പ്രഖ്യാപനം മാറ്റിയിരുന്നു
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ.റീന കെ.ജെ തുടരും. ഒരു വർഷത്തേക്ക് കൂടി നിയമന കാലാവധി നീട്ടിനൽകി ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കി. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് സ്ഥാനത്തെ ഡോ.റീനയുടെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ഡോ.റീനയ്ക്ക് സർവീസ് ബാക്കിയുണ്ട്. എന്നാൽ, റൊട്ടേഷൻ അടിസ്ഥാനത്തിൽ പുതിയ ഡിഎച്ച്എസിനെ നിയമിക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്.
വാഹനം മാറ്റുന്നതിനെ ചൊല്ലി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷുമായുണ്ടായ തർക്കത്തിൽ വിശദീകരണവുമായി കെപിസിസി അംഗം വിനോദ് കൃഷ്ണ. നടുറോഡിൽ കാർ തടഞ്ഞത് സുരേഷ് ഗോപിയുടെ മകനായിരുന്നെന്നും വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തെന്നും പോലീസ് എത്തിയതോടെ തെറ്റ് ബോധ്യപ്പെട്ടെന്ന് മാധവ് സുരേഷ് പറയുകയായിരുന്നുവെന്നും ഇതോടെ പരാതി അവസാനിപ്പിച്ചെന്നും വിനോദ് കൃഷ്ണ വിശദീകരിച്ചു.
ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ നിന്നു ഭാരമുള്ള 150 തറയോടുകൾ ഇറക്കിയത്. സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്നാണ് പ്രിയ പറയുന്നത്. പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികൾ ഗേറ്റിന് സമീപത്ത് നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു.
മലപ്പുറത്ത് നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സര്‍വീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചത്. ബാങ്ക് ജീവനക്കാരായ തൂത പാറല്‍ ചമ്മന്‍കുഴി അന്‍വര്‍ (52), ആനമങ്ങാട് കാഞ്ഞിരുട്ടില്‍ അലി അക്ബര്‍ (55), തൂത പാറല്‍ സ്വാലിഹ് (52) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്രമന്ത്രി അമിത് ഷായുടെ ഡ്യൂട്ടിക്കെത്തിയ കെഎപി. ബറ്റാലിയനിലെ ഉയർന്ന ഉദ്യോഗസ്ഥനെ രാത്രി ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.കെ എ പി അഞ്ചാം ബറ്റാലിയൻ അസിസ്റ്റൻറ് കമാൻഡൻറ് എസ്.സുരേഷ് ആണ് ഉദ്യോഗസ്ഥൻ. രാത്രി ഡ്യൂട്ടിക്കെത്തിയ ഇദ്ദേഹം മദ്യപിച്ചിരുന്നതായി സംശയിക്കപ്പെട്ടതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് മാലിന്യകുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം. ഉമ്മിനി ഹൈസ്കൂളിന് എതിർവശമുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടം.
മഞ്ചേശ്വരം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോലിലെ മധുസൂദനൻ (50) ആണ് മരിച്ചത്. അവിവാഹിതനാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
ജയിലിൽ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരാണ് ബില്ല് കൊണ്ടു വന്നതിൽ ഞെട്ടിയതെന്നും ബില്ല് പാസ്സായാൽ അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഹാറിലെ റാലിയിലായിരുന്നു ജയിലിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ല് വിഷയത്തിൽ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി സുശീൽ കുമാർ ലോഹാനി, ധനകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡി ആനന്ദൻ എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത്.
ജമ്മു കാശ്മീരിലെ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ആർഎസ് പുര അതിർത്തിയിൽ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്‍റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനിൽ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിർത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം.
കർണാടകയിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണയ്ക്ക് ഇഡി നോട്ടീസ്. സതീഷ് കൃഷ്ണ സെയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇഡി പണവും സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
അഞ്ചരക്കോടി വിദേശികളുടെ വീസ പുനഃപരിശോധിക്കുനൊരുങ്ങി അമേരിക്ക. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നത്. ട്രംപ് ഭരണകൂടം വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ദില്ലിയിലെ തെരുവുനായ പ്രശ്നത്തിൽ നായകളെ ഷെൽട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന വിധി സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തു. ദില്ലിയിലെ തെരുവുനായ പ്രശ്നത്തിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നയം വേണമെന്നും കോടതി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്‍റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കും. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേർക്കും രണ്ട് പേർ വീതം പൂർണ്ണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങൾ കൊണ്ട് മാത്രമേ ഒരു പ്രദേശത്തെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കു.