പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നും, പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് ബഹിഷ്‌കരിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടിൽ രാജ്ഭവന് അതൃപ്തി. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ രംഗത്തടക്കം ഗവർണർ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ചടങ്ങിന് പ്രസക്തിയില്ലെന്ന നിലപാടാണ് സർക്കാരിന്.
വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു, ആർഎസ്എസുമായുള്ള പാലമാണ് അജിത് കുമാർ അതുകൊണ്ടാണ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
എസ്‍സിഇആര്‍ടിയുടെ സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ് കണ്ടെത്തി. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തിൽ പരാമര്‍ശിച്ചത്. അധ്യാപകര്‍ തന്നെ ഇക്കാര്യം അധികൃതരെ അറിയിചുതിനെ തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കി.
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് പി.പി. ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പി.പി. ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കേസ് പരിഗണിക്കുന്നത് 23-ലേക്ക് മാറ്റി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ടിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ. നാഗരാജ് പറഞ്ഞു. കേസിൽ അന്വേഷണം നടത്താതെയാണ് എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള റിപ്പോര്‍ട്ട് നൽകിയതെന്നാണ് ആരോപണം.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലുള്ള വീട്ടിലേക്കാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനൊപ്പം എത്തിയത്.
സാങ്കേതിക സർവ്വകലാശാല ഡീനിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വൈസ് ചാൻസിലർ ശിവ പ്രസാദ്. വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം കൈമാറിയതിനാണ് നോട്ടീസ് നൽകിയത്. നിർദേശം നൽകേണ്ടത് രജിസ്ട്രാർ ആണെന്നാണ് വിസിയുടെ വാദം.
സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികള്‍ക്ക് രാഖി കെട്ടണമെന്ന ചൈൽഡ് ഡെവല്പ്മെന്‍റ് പ്രോജക്ട് ഓഫീസറുടെ നിര്‍ദ്ദേശത്തെ ചൊല്ലി വിവാദവും പ്രതിഷേധവും. സന്ദേശം അയച്ച സിഡിപിഒ ജ്യോതിഷ് മതിക്കെതിരെ നടപടി ആവശ്യപ്പെട്ട് വര്‍ക്കല ഐസിഡിഎസ് ഓഫിസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ് സന്ദേശം അനുസരിച്ച് വര്‍ക്കല ബ്ലോക്കിന് കീഴിലെ അങ്കണവാടികളിൽ ബിജെപിയുടെ നഗരസഭാ കൗണ്‍സിലര്‍ അടക്കം കുട്ടികള്‍ക്ക് രാഖി കെട്ടി.
ദേശീയപാത തൃശ്ശൂർ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. അടിപ്പാത നിർമ്മാണം നടക്കുന്ന പാതയുടെ സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയിൽ ടോൾ നിർത്തിവച്ചിരുന്നു. സുപ്രീംകോടതിയും അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. കുരുക്കഴിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.
താമരശ്ശേരിയിലെ നാലാംക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. വീടിന് സമീപമുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉൾപ്പെടെ ജല സാംപിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.
ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെ ആലുവ എടത്തല പൊലീസ് കേസെടുത്തു. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദേശീയപാതകയിലെ അശോക ചക്രത്തിന് പകരം മോശം ഇമോജി ഇട്ടുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് പരാതി. ഇന്ത്യ എന്‍റെ രാജ്യമല്ലെന്ന തരത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളോടെയാണ് പോസ്റ്റ് എന്നാണ് പരാതി.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ തീവ്രത കൂടിയും കുറഞ്ഞും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ന്യുനമർദ്ദം ആന്ധ്രാ, ഒഡിഷ, ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ, വടക്കൻ ജില്ലകളിലും മലയോര മേഖലയിയിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്നുണ്ടെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട നിലയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിൽ രക്തക്കറ കണ്ടെത്തി. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്‍റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്തവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. രാവിലെ 9 ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.
അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്നും ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. അതോടൊപ്പം പോസിറ്റീവായ മാറ്റമാണ് അമ്മയിൽ ഉണ്ടായതെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ.
ഇറങ്ങി പോകേണ്ടി വന്ന അതിജീവിതയോട് മാപ്പ് പറഞ്ഞു തിരിച്ചു കൊണ്ടുവരേണ്ടത് സംഘടനയാണ്. അത് അവർ ചെയ്യുമെന്ന് കരുതുന്നുവെന്നും എന്തു പിന്തുണയാണ് അതിജീവിതയ്ക്കും ഇറങ്ങിപ്പോയവർക്കും ഇതുവരെ സംഘടന നൽകിയത് എന്ന് എല്ലാവർക്കും അറിയാമെന്നും ദീദി വിമർശിച്ചു.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി സംവിധായകനും നിർമ്മാതാവുമായ വിനയൻ. ഭാരവാഹികളെ കണ്ടെത്താൻ വേണ്ടി നടന്ന തിരഞ്ഞെടുപ്പ് ഒരുതരത്തിലും ജനാധിപത്യപരമായിരുന്നില്ലെന്നും കാഴ്ചയിൽ ജനാധിപത്യപരമെന്നു തോന്നുമെങ്കിലും അധികാരം നിലനിർത്താനുള്ള ഭീഷണിയും പ്രലോഭനങ്ങളുമൊക്കെ തന്നെയാണ് ഇന്നലെയും നടന്നതെന്നും തന്റെ നോമിനേഷനെ പിന്തുണച്ച വ്യക്തിക്ക് പോലും വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വിനയൻ പറയുന്നു.
അമ്മ’യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് നടി ഭാവന പറഞ്ഞു. ‘അമ്മ’യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താൻ അമ്മയിൽ അംഗമല്ലെന്നും അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച് ഫോണിൽ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം.
സിപിഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ ബിജെപി മാർച്ചിനിടെ തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരനെ കണ്ടെത്താൻ ബിജെപി അന്വേഷണം തുടങ്ങി. മാസ്‌ക് ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജസ്റ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബിജെപി നേതാക്കളുടെ പക്കലുണ്ട്. ബിജെപി നേതാവിനെ തന്നെ തിരഞ്ഞു പിടിച്ച് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ സിപിഎം അനുഭാവിയാണെന്നാണ് സൂചന.
ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. കഴിഞ്ഞ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര പറഞ്ഞു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, പക്ഷേ ശ്രമം തുടർന്നുകൊണ്ടേയിരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിലാണെന്നും അവർ പറഞ്ഞു.
കവടിയാറിൽ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയർ വീണ്ടും തട്ടിപ്പുകാരുടെ കെണിയിൽപെട്ടു. പന്ത്രണ്ടേമുക്കാൽ കോടി രൂപയാണ് ഇത്തവണ നഷ്ടമായത്. പരാതിയുമായി വീണ്ടും സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് കവടിയാർ സ്വദേശി ഡാനിയേൽ. ഓണ്‍ലൈന്‍ ട്രൈഡിംഗിലൂടെ വൻലാഭം വാഗ്ദാനം ചെയ്താണ് ആദ്യം മൂന്നരക്കോടി തട്ടിയെടുത്തത്.
കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഷോക്കേറ്റത്.
വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര ഡാൽമുഖം സ്വദേശി രാഹുൽ വിജയനാണ് മരിച്ചത്. 26 വയസ്സായിരുന്നു. ക്ഷേത്ര പരിസരം പ്രഷർ ഗൺ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്.
ബെംഗളൂരു നഗരത്തിൽ വീണ്ടും തീപിടിത്തമുണ്ടായി. നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രാജസ്ഥാൻ സ്വദേശി മദൻകുമാർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് എന്നയാളുമാണ് മരിച്ചത്. നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍(89) അന്തരിച്ചു.1957നും 1978നുമിടയിൽ ഓസ്‌ട്രേലിയാക്കായി കളിച്ച സിംപ്സണ്‍ ഓസ്‌ട്രേലിയൻ ടീമിന്‍റെ മുൻ നായകനും പൂര്‍ണസമയ പരിശീലകനാവുന്ന ആദ്യ കോച്ചുമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിൽ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ച അവസാനിച്ചു. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജബൽപൂർ ഇസാഫ് ബാങ്ക് ശാഖ കൊള്ളയടിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ സൂത്രധാരനെ തിരിച്ചറിഞ്ഞെന്ന് ജബൽപൂർ പൊലീസ്. റെയിസ് സിങ്ങ് എന്ന ജബൽപൂർ സ്വദേശിയാണ് കൊള്ള ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. കൊള്ള നടന്ന ഇസാഫ് ബാങ്കിന് സമീപം വീട് വാടകക്കെടുത്താണ് ഇയാൾ കൊള്ള ആസൂത്രണം ചെയ്തത്. ഇയാൾക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഏഴു പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറയുന്നു.
മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്ന് ഗർഭിണിയായ ബംഗ്ലാദേശി വനിതയെ കാണാതായി. റുബിന ഇർഷാദ് ഷെയ്ഖ് എന്നാണ് കാണാതായ സ്ത്രീയുടെ പേര്. ഇവർക്ക് 25 വയസാണ് പ്രായമെന്ന് മുംബൈ പൊലീസ് പറയുന്നു. ഓഗസ്റ്റ് ഏഴിന് മുംബൈയിലെ വാഷിയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ഇന്ത്യൻ പാസ്പോർട്ടായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പരംസുന്ദരി എന്ന ചിത്രത്തിനെതിരെ ക്രിസ്ത്യൻ സംഘടന. ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പള്ളിയിലെ റൊമാൻസ് രംഗങ്ങൾക്ക് എതിരെ വാച്ച്ഡോഗ് ഫൗണ്ടേഷൻ എന്ന ഒരു ക്രിസ്ത്യൻ സംഘടനയാണ് രംഗത്തെത്തിയത്. സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനെ ശക്തമായ പ്രതിഷേധം അറിയിച്ച സംഘടന ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മുൻ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് മുൻ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ‘എനിക്ക് എൻ്റെ മുൻ രാഷ്ട്രീയ എതിരാളിയായ ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന്’ ട്രംപ് പ്രതികരിച്ചു.