മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ. ഛത്തീസ്ഗഡ് സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്.
മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ചുമത്തി ഛത്തീസ്ഗഢിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കാര്യത്തിൽ ചർച്ചക്ക് തയാറാകാതെ കേന്ദ്ര സർക്കാർ. ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ ഇന്നും തള്ളി. കന്യാസ്ത്രീകളെ അന്യായമായാണ് തടങ്കലിൽ വെച്ചിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് എംപിമാർ തുടർച്ചയായ മൂന്നാം ദിവസവും രാജ്യസഭയിൽ നോട്ടീസ് നൽകുന്നത്.
കെ സി വേണുഗോപാൽ എംപി ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ലോക്സഭയില്‍ ഉന്നയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്‍റെ സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്തെന്നും കഴിഞ്ഞ അഞ്ച് ദിവസമായി നിരപരാധികളായ കന്യാസ്ത്രീകൾ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ബിജെപി എംപിമാർ കോൺഗ്രസിനെ എതിർത്തു. ബിജെപി എംപിമാർക്കെതിരെ ബഹളം വച്ച് ഹൈബി ഈഡനും ബെന്നി ബഹനാനും അടക്കമുള്ള കോൺഗ്രസ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സിബിസിഐ സംഘം ദില്ലിയിൽ നിന്ന് റായ്പൂരിൽ എത്തി. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുമാണ് എത്തിയത്. സിബിസിഐ അടക്കം കന്യാസ്ത്രീകൾക്ക് വേണ്ടി ഇടപെടുന്നില്ല എന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു.
ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകൾ പരിഗണിക്കുന്നുവെന്നും റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. ഡിസംബർ 31ന് മുമ്പ് വീട് നിർമാണം പൂർത്തിയാക്കും. പുതുവർഷം പുതുനഗരത്തിലേക്കായിരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ ധനസഹായത്തിന് വയനാട് എം പി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ നോട്ടീസ് നൽകി. കേന്ദ്ര സർക്കാർ ദുരന്തബാധിതർക്കുള്ള സഹായം വായ്പയായി നൽകിയത് അത്ഭുതകരവും നീതിരഹിതവുമാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. കേന്ദ്രത്തിന്റെ പരിമിതമായ ധനസഹായ നടപടികൾ നിരാശയുണ്ടാക്കുന്നുവെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
ചൂരൽമല മണ്ണിടിച്ചിൽ അതിജീവിതരോടുള്ള അവഗണനയ്‌ക്കെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. 2024 ജൂലൈ 30 ന് കൃത്യം ഒരു വർഷം മുമ്പ് കേരളത്തിലെ വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇരകളോടുള്ള കുറ്റകരമായ അവഗണന ഉയർത്തിക്കാട്ടിക്കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
താൽകാലിക വിസി നിയമനം സംബന്ധിച്ച ഗവർണറുടെ ഹർജിയുമായി ബന്ധപ്പെട്ട് വിസി നിയമനം നീളുന്നത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്ന് സുപ്രിം കോടതി. ചാൻസിലറും സർക്കാരും ഐക്യത്തോടെയാണ് പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാന സർക്കാരും ചാൻസലറും കൂടി ആലോചിച്ച് സ്ഥിരം വി സി നിയമനത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ദയവായി രാഷ്ട്രീയം കൊണ്ടുവരരുതെന്നും സർക്കാർ സഹകരിച്ച് പോകണമെന്നും സർക്കാർ പറയുന്നത് ചാൻസിലറും കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്യാന്‍ ധാരണയായെന്ന് എ പി അബൂബക്കർ മുസ്ലിയാർ. ദി ഫെഡറൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം. ഉന്നതതല യോഗത്തിൽ ആണ് ധാരണ ആയതെന്ന് അദ്ദേഹം വ്യക്താക്കി. വധശിക്ഷ റദ്ദാക്കിയെന്ന് ആദ്യമായാണ് കാന്തപുരം പറയുന്നത്.
കേരളാ യൂണിവേഴ്സിറ്റിയിലെ പോരുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് വീണ്ടും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ. വിസി മോഹനൻ കുന്നുമ്മലുമായി മന്ത്രി ആർ ബിന്ദു ഫോണിൽ സംസാരിച്ചു. എന്നാൽ രജിസ്ട്രാർ സസ്‌പെൻഷൻ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്ന് വിസി പ്രതികരിച്ചു.
നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നു. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍. പത്രിക നല്‍കിയെങ്കിലും ജഗദീഷും, ജയന്‍ ചേര്‍ത്തലയും, രവീന്ദ്രനും പിന്‍മാറിയതായാണ് വിവരം.
താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുംബൈയിൽ പിടിയിലായ പ്രതിയെ പൊലീസ് കരീലക്കുളങ്ങര സ്റ്റേഷനിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ ഭരത് രാജ് പഴനിയാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട് നൽകിയത്.
എന്നാൽ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചിരുന്നു.
ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. ഷാർജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നും ഇതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നും കേസ് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന വ്യക്തമാക്കി.
ആലപ്പുഴ ചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ പ്രതി സിഎം സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച്. പത്ത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇന്ന് ഏറ്റുമാനൂർ കോടതിയിൽ അപേക്ഷ നൽകും. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ പ്രതി പൂർണമായും സഹകരിച്ചിരുന്നില്ല. പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ ഏറ്റുമാനൂരിൽ നിന്ന് കാണാതായ ജൈനമ്മയുടേതെന്ന സംശയത്തിലാണ് പൊലീസ്.
കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ സ്വർണ്ണമാലയ്ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് മകൻ സുമേഷ് കുറ്റസമ്മതമൊഴി നൽകി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടർന്ന് അച്ഛൻ്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.
വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി തളിച്ച ഗോതമ്പിൽ നിന്ന് വിഷവാതകം ശ്വസിച്ച് 2 കുട്ടികൾ മരിച്ചു. സഹോദരനും സഹോദരിയുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം.
ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ രണ്ടാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിൽ ഒരേസമയം പരിശോധന നടത്തും. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക.
ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്‍റെ മുഖ്യസൂത്രധാര ഷമാ പർവീണിനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. 30 വയസുകാരിയായ ഷമാ പർവീണാണ് സംഘത്തിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നതെന്നും കർണാടകയിൽ നിന്ന് ഓപ്പറേഷനുകൾ ഏകോപിപ്പിച്ചിരുന്നത് ഇവരാണെന്നുമാണ് സൂചനകൾ.
വിമാനത്തിൽ മുദ്രാവാക്യം വിളിച്ച ഇന്ത്യൻ വംശജൻ സ്കോട്ട്ലൻഡിൽ അറസ്റ്റിൽ. 41കാരനായ അഭയ് ദേവ്ദാസ് നായക് ആണ് അറസ്റ്റിലായത്. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് ഗ്ലാസ്ഗോയിലേക്കുള്ള വിമാന യാത്രയിലാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അക്രമം, വിമാനത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പസഫിക് തീരത്തും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക എന്ന് ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചു.
സ്വകാര്യ ഓസ്‌ട്രേലിയന്‍ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗില്‍മോര്‍ സ്പേസിന്‍റെ ആദ്യ ഓര്‍ബിറ്റല്‍ റോക്കറ്റായ എറിസിന്‍റെ കന്നി പരീക്ഷണം പരാജയം. ക്വീന്‍സ്‌ലന്‍ഡിലെ ബോവന്‍ ഓര്‍ബിറ്റല്‍ സ്പേസ്‌പോര്‍ട്ടില്‍ നിന്ന് കുതിച്ചുയര്‍ന്ന് 14 സെക്കന്‍ഡുകള്‍ക്ക് ശേഷം എറിസ് റോക്കറ്റ് നിയന്ത്രണം നഷ്‌മായി നിലംപതിക്കുകയായിരുന്നു.
നൈസാര്‍ എന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. ഇസ്രൊയുടെ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് ലോകത്തിലെ എറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് വൈകുന്നേരം 5:40നാണ് വിക്ഷേപണം. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹം കൂടിയാണ് നൈസാര്‍.
8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല.
ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകാത്തതിലെ അതൃപ്തി പ്രകടമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്നും ചർച്ചകൾ മുന്നോട്ട് പോകുന്നില്ലെന്നും പ്രസിഡന്‍റ് ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തീരുവ ഏർപ്പെടുത്തൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവച്ചു.
ഐ എസ് എൽ പന്ത്രണ്ടാം സീസണ്‍ തുടങ്ങുന്ന കാര്യത്തിലെ അനിശ്ചിതത്വത്തിൽ ആശങ്ക അറിയിച്ച് ക്ലബുകൾ. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ എട്ട് ടീമുകൾ സംയുക്തമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്(എഐഎഫ്എഫ്) കത്ത് നൽകി. ടീം പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് എഐഎഫ്എഫ് ക്ലബുകളെ അറിയിച്ചു.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായുള്ള സംപ്രേഷണ അവകാശ കരാർ പുതുക്കാത്തതിനാൽ ഐ എസ് എൽ പന്ത്രണ്ടാം സീസൺ തുടങ്ങാനാവില്ലെന്ന് ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ്എസ്
ഡിഎല്‍) അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം.