സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. പത്തിടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ജയം. 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്.
മിനിമം താങ്ങുവിലയ്ക്ക് നിയമം ആവശ്യപ്പെട്ട് ദില്ലിയിൽ സമരം ചെയ്യുന്ന കര്‍ഷക നേതാക്കള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താന്‍ നീക്കം. സമരത്തിനിടെ പൊതുമുതലോ സ്വകാര്യസ്വത്തോ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും, സ്വത്തോ ബാങ്ക് അക്കൗണ്ടോ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടിയെടുക്കുമെന്നും അംബാല പൊലീസ് അറിയിച്ചു.
കോഴിക്കോട് കൊയിലാണ്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പി വി സത്യനാഥനെ ക്ഷേത്രോത്സവത്തിനിടെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമാണെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമാണ് പ്രതി. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി.
സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥൻ കൊയിലാണ്ടി പ്രദേശത്തെ പാര്‍ട്ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങേയറ്റം ദുഃഖഭരിതമായ നിമിഷമാണിതെന്നും സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തില്‍ പങ്കുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്പിവി സത്യനാഥനെന്നും നല്ലൊരു പാർട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്, പ്രതിയായ അഭിലാഷിന്റെ ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോൾ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. സത്യനാഥ് സ്നേഹത്തോടെ വളർത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
പിവി സത്യനാഥന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാനത്തില്‍ ജമീല. കൊയിലാണ്ടി നഗരസഭയിലെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വഭാവ പ്രശ്‌നങ്ങള്‍ അഭിലാഷിനുണ്ടായിരുന്നുവെന്നും കാനത്തില്‍ ജമീല പറഞ്ഞു.
കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങള്‍ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തില്‍ ഗാനത്തിന്റെ ഹിന്ദി പകര്‍പ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു.
വന്യജീവി ആക്രമണങ്ങളെ തുടർന്ന് നടത്തിയ ഹർത്താലിൽ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റു തുടരുന്നു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. എല്ലാ പ്രതികൾക്കും ജാമ്യം നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്യുന്നത്. അന്യായമായി സംഘം ചേരൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കലടക്കം കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്.
പുല്‍പ്പള്ളി സംഘര്‍ഷത്തിലെടുത്ത കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് ആരും വോട്ട് ചോദിച്ച് വരണ്ടെന്ന് തലശേരി അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ പാംപ്ലാനി. ചില മന്ത്രിമാരുടെ വര്‍ത്തമാനം കേട്ടാല്‍ ഇതിലും ഭേദം കടുവയാണെന്ന് തോന്നുമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. മാനന്തവാടി രൂപതയുടെ വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു, എന്നാൽ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്നും, ഇപ്പോൾ ദുബായിലാണെന്നുമാണ് സൂചന. അതോടൊപ്പം ഇന്ന് ഓൺലൈനായി നടക്കുന്ന എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗിൽ ബൈജു രവീന്ദ്രൻ പങ്കെടുക്കില്ല. ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്‍റെ പാരന്‍റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ഇജിഎം നിയമവിരുദ്ധമാണെന്നും, ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇജിഎമ്മിൽ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ലെന്നും ബൈജൂസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നൽകുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് സമരം പ്രഖ്യാപിച്ചു. അതിനാൽ സംസ്ഥാനത്തെ തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമ റിലീസില്ല. 28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിച്ചുവെങ്കിലും പങ്കെടുക്കില്ലെന്നാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞിരിക്കുന്നത്.
ആലപ്പുഴ കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രജിത്തിനെ കഴിഞ്ഞ 15 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ ആരോപണത്തിൻമേൽ മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. വിശദമായ അന്വേഷണത്തിന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകൻ സിദ്ധീഖ് അലിയെ മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എന്‍ഡിഎ ഘടക കക്ഷിയാണെങ്കിലും മുന്നണിയില്‍ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) നേതാവ് സി കെ ജാനു. മുന്നണിയിലെ ഒരു അംഗമായ രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറത്തേക്ക് സാധാരണ ഒരു ഘടകകക്ഷിയെ പരിഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളൊന്നും മുന്നണിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിനിടെ ജാനു പ്രതികരിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. പ്രതിദിനം ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം മുപ്പതായി നിജപ്പെടുത്തി. മേയ് 1 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ ഇനി എച്ച് ഉണ്ടാവില്ല. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിലല്ല വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്തണമെന്നും സർക്കുലറിലുണ്ട്
ആറര കോടിയിലേറെ രൂപ കുടിശ്ശിക വരുത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പിനുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു. ഫെസിലിറ്റി മാനേജ്മെന്‍റ് പ്രോജക്ട് വഴി മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ഒട്ടേറെ സേവനങ്ങളാണ് സി-ഡിറ്റ് നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പ് സി-ഡിറ്റ് നല്‍കിയിരുന്നു. അതുകൊണ്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് കാണിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കായംകുളത്ത് എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ടയിൽ പി.സി. ജോർജിന് പകരം പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മത സാമുദായിക സംഘടനകൾ ഒന്നടങ്കം ശ്രീധരൻപിള്ളയെ പിന്തുണയ്ക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.
രാജസ്ഥാനിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിൽ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹിക നീതി മന്ത്രി അവിനാശ് ഗെലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവരെ ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ചതിനാൽ നാല്‍പത് മിനിറ്റോളം എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. അതോടൊപ്പം രാജസ്ഥാനില്‍ 100 ശതമാനത്തില്‍ കുറഞ്ഞ ഒരു റിസല്‍ട്ടും സ്വീകാര്യമല്ലെന്ന മുന്നറിയിപ്പും നൽകി.
മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ കാലത്ത് ലോക്സഭാ സ്പീക്കർ ആയിരുന്നു മനോഹർ ജോഷി.
അയോധ്യ പ്രതിഷ്ഠയ്ക്ക് പിന്നാലെ ക്യാമ്പസിൽ ആഘോഷം നടത്തിയതിനെ വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിൻമേൽ മുംബൈ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് വിദ്യാർത്ഥി അനന്തകൃഷ്ണൻ അറസ്റ്റിലായി. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തെലങ്കാനയിൽ ബിആർഎസ് വനിതാ എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. മുപ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഹൈദരാബാദ് ഔട്ടർ റിംഗ് റോഡിൽ പട്ടൻചെരുവിൽ വച്ച് കാർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കന്‍ സിക്കിമില്‍ അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 500 അധികം വിനോദ സഞ്ചാരികളെ ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ത്രിശക്തി കോര്‍പ്സിലെ സൈനികർ രക്ഷപ്പെടുത്തി. സീറോ ഡിഗ്രി സെല്‍ഷ്യസിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
- ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ടെസ്റ്റിന് റാഞ്ചിയിൽ തുടക്കമായി. 2-1 ന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാൽ പരമ്പര നേടാം. ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തുന്നത് ഇന്ത്യൻ ബോളർമാർ തുടരുകയാണ്. 24.1 ഓവറിൽ 112 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകൾ വീണിട്ടുണ്ട്.