പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ വനത്തിനുള്ളിലെ ബങ്കറിലെന്ന സൂചന. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോൺ പരിശോധന രാത്രിയിൽ നടത്തിയെങ്കിലും സൂചനകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരർ വനത്തിനുള്ളിലെ ബംഗറിൽ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുൻകൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചിൽ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാകിസ്ഥാനെ (എഫ്എടിഎഫ്) ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെടുത്താൻ ഇന്ത്യ നീക്കം തുടങ്ങി. 2018 മുതൽ 2022 വരെ പാകിസ്ഥാൻ ഈ പട്ടികയിലായിരുന്നു. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷക സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ ‘ഗ്രേ പട്ടിക’യിൽ ഉൾപ്പെട്ടാൽ പാകിസ്ഥാന്‍റെ വിദേശനിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയുമെല്ലാം ബാധിക്കും.
പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. ജനങ്ങളെ സ്‌കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്. അതിനിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൻ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിൽ വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎൽഎ. ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പിഴവ് വന്നിട്ടുണ്ടെന്നും കാഷ്വാലിറ്റിയിൽ അടിയന്തര രക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നും വീഴ്ചകളെ തുടർന്നാണ് രോഗികളുടെ മരണം എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിന്റെ തികഞ്ഞ അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗില്‍ ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻചാണ്ടിയുടെ പേര് പോലും പരാമർശിച്ചില്ലെന്ന്.ഡോ. ശശി തരൂർ എം.പി. ഇതിൽ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നു.എന്നാൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും തരൂർ പറഞ്ഞു.
മുഹമ്മദ് റിയാസിനെ പരോഷമായി പരിഹസിച്ച് കൊണ്ട് രാജീവ് ചന്ദ്രശേഖർ. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ വിഴിഞ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിലല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചത്, എസ്പിജി പ്രോട്ടോകോൾ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂർ മുമ്പ് സദസ്സിൽ എത്തേണ്ടതാണ് അത് മാത്രമേ രാജീവ് ചന്ദ്രശേഖർ ചെയ്തിട്ടുള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു.
നട്ടെല്ലുള്ള നേതാവാണ് ഞങ്ങളുടേതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ കമ്മീഷനിങ് വേദിയിലിരുന്നതിനെ വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടി നൽകിയിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ. കാര്യങ്ങൾ പറയുന്നത് പോലെ പറയാൻ അറിയുന്ന നേതാവാണെന്നും, അദ്ദേഹം പ്രസംഗിക്കാൻ വന്നതല്ല പ്രവർത്തിക്കാൻ വന്നതാണ്. തീരുമാനിക്കേണ്ടവർ തീരുമാനിച്ചത് കൊണ്ടാണ് അദ്ദേഹം വേദിയിലിരുന്നത് എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രത്തിന്റെ കുഞ്ഞ് തന്നെയെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. വിഴിഞ്ഞം കമ്മീഷനിങ്ങിനെ തുടർന്ന് തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്നുള്ള അവകാശ വാദങ്ങൾ മൂന്ന് മുന്നണികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.
പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ചര്‍ച്ച നടക്കുന്നില്ലെന്ന് കെ. പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ലെന്നും അക്കാര്യം ഹൈക്കമാന്‍ഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ല ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ല ഹൈക്കമാന്‍ഡ് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും, പോകാന്‍ പറഞ്ഞാല്‍ പോകുമെന്നും ദില്ലിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേറ്റ് കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ആവർത്തിക്കുന്നത്.
കെഎസ്എഫ്ഇയില്‍ വായ്പയ്ക്കായി അയൽവാസി ഹാജരാക്കിയ ഭൂമിയുടെ രേഖകൾ സ്വന്തം ചിട്ടിക്ക് ജാമ്യമാക്കി 30 ലക്ഷം രൂപ ബാധ്യതയുണ്ടാക്കിയെന്ന കേസിലെ പ്രതിക്കെതിരേ മറ്റൊരു കേസ് കൂടി. കെഎസ്എഫ്ഇ ആലപ്പുഴ അസിസ്റ്റന്റ് ജനറൽ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായ മണ്ണഞ്ചേരി സ്വദേശി എസ് രാജീവിനെതിരേയാണ് കേസെടുത്തത്.
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട് ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു. താന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവുമായി ബന്ധപ്പെട്ട് നിവിൻ പോളിയുടെ നടപടിയാണ് ലിസ്റ്റിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനം അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന് നിർമാതാവ് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷകരെന്ന നിലയില്‍ മാധ്യമ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കേണ്ടതിന്‍റെ ആവശ്യകത സര്‍ക്കാരിനേയും സമൂഹത്തേയും ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്. മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോകത്ത് 151 ആം സ്ഥാനത്താണ് ഇന്ത്യ.
പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. ഹിംസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബൈയില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. അബു സബാ എന്ന് അറിയപ്പെടുന്ന വ്യവസായി ബല്‍വീന്ദര്‍ സിങ് സഹ്നിയെയാണ് കോടതി ശിക്ഷിച്ചത്. ഷെല്‍ കമ്പനികളും സംശയകരമായ സാമ്പത്തിക ഇടപാടുകളും നടത്തിയ പ്രതികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖല പ്രവര്‍ത്തിപ്പിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി വിരമിച്ച മേജർ ജനറൽ എഎൽഎം ഫസ്ലുർ റഹ്മാൻ. ഇതിനായി ചൈനയുടെ സഹായം കൂടി ആവശ്യപ്പെടണമെന്നാണ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. ബംഗ്ലാദേശ് റൈഫിൾസ് മുന്‍ തലവനാണ് ഫസ്ലുർ റഹ്മാൻ
ആന്റി കമ്മ്യൂണൽ ടാസ്ക് ഫോഴ്സ് എന്ന പേരിൽ വർഗീയ വിരുദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. വർഗീയ കലാപങ്ങൾക്ക് വഴിവെക്കുന്ന സംഭവങ്ങൾ തടയാനാണ് സർക്കാർ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. മലയാളിയായ അഷ്‌റഫിനെ ആൾക്കൂട്ടം മർദിച്ച് കൊന്നതിന്റെയും സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.
ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം. അമ്പതിൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടന്നാൽ 20,000 റിയാൽ പിഴ ചുമത്തുെമന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനുമതി പത്രമില്ലാതെ ഹജ്ജ് പാടില്ല എന്ന കാമ്പയിെൻറ ഭാഗമായാണ് നടപടി. ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്.
ലിയോണൽ മെസ്സിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരുന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം .മെസ്സിയും ടീമും ഏഷ്യയിൽ വരുമെങ്കിലും, ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങൾ എന്നാണ് അർജന്‍റീനയിലെ മാധ്യമങ്ങൾ പുതുതായി റിപ്പോർട്ട് ചെയുന്നത്.