ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയ്ക്കെതിരെ തെളിവുകളുമായി എന്‍ഐഎ. തഹാവുർ റാണയ്ക്ക് മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി അയച്ച ഇമെയിലുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി. 18 ദിവസം കഴിഞ്ഞ് ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിക്ക് അപേക്ഷ നല്‍കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചോദ്യം ചെയ്യൽ നിരീക്ഷിക്കും. അതോടൊപ്പം തഹാവുർ റാണയ്ക്ക് വധശിക്ഷ വാങ്ങി നല്‍കാനാവുമെന്നും ഇതിനുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നും അന്വേഷണ ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.
വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വയനാട് പുനരധിവാസ പദ്ധതിക്കായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും എന്നാൽ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നഷ്ടപരിഹാരമായി 17 കോടി രൂപ കൂടി കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് അറിയിച്ചു .
സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചുവെന്നും അവരെ രക്ഷിക്കാന്‍ എത്തിയ പൊലീസിനെയും മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്നും നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വർത്തമാന കാലത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ‘മ’ എന്ന് പറയാൻ പറ്റില്ല മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി ഈ രണ്ടക്ഷരവും മിണ്ടിപ്പോയാൽ വർഗീയതയായി എന്നും തന്നെ വെറുതെ വിടാൻ മുസ്ലിം ലീഗ് തയ്യാറാകുന്നില്ലെന്നും മുസ്ലിം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നിൽക്കാത്തത് കൊണ്ടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ എം എബ്രഹാം 2015- ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോള്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സിപിഎം സാധ്യതപട്ടികയിൽ മൂന്ന് സ്വതന്ത്രർ. യു.ഷറഫലി, പ്രൊ.തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നിവരെയാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരമാണ് യു.ഷറഫലി. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാൾ ആണ് പ്രൊ.തോമസ് മാത്യു. നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടാണ് ഷിനാസ് ബാബു. മൂന്നു പേരോടും സി.പി.എം നേതൃത്വം സംസാരിച്ച് ഉറപ്പിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.
പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെഎസ്ആർടിസിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിവാദം. മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് ഡിപ്പോയിലെ കണ്ടക്ടർ ജയപ്രകാശ് താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് പറയുന്നു. തകരാറുള്ള മെഷീൻ വെച്ചാണ് പരിശോധിച്ചതെന്ന് ജയപ്രകാശ് ആരോപിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നുവെന്നും ഡിപ്പോക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്നും ജയപ്രകാശും കുടുംബവും അറിയിച്ചു.
പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചു. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്‍പി ആര്‍ ബിനു പറഞ്ഞു.
തിരുവനന്തപുരം വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് തകർന്നത്. 2024 മാർച്ച് മാസം 9 ന് അപകടമുണ്ടായ അതേ മേഖലയിൽ തന്നെയാണ് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കാനുള്ള പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. എൻഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റ് പരിശോധനയ്ക്കായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിച്ചത്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നാല് സാറ്റലൈറ്റ് ഫോണുകളുമായി യാത്രക്കാരൻ പിടിയിൽ. ദില്ലിയിൽ നിന്നെത്തിയ കൗഷൽ ഉമാംഗിനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. രാജ്യത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുളളതിനാൽ ഇയാൾ എന്തിനാണ് ഇത് കൈവശം വച്ചതെന്നടക്കം പരിശോധിക്കും. കൗഷൽ ഉമാംഗിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സാറ്റലൈറ്റ് ഫോണുകൾ കോടതിയിൽ ഹാജരാക്കും.
ഇടുക്കി ഉപ്പുതറയിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാല് പേരുടെയും പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു. ഉപ്പുതറ ഒൻപതേക്കർ പട്ടത്തമ്പലം വീട്ടിൽ സജീവ് മോഹനൻ(36), ഭാര്യ രേഷ്മ(25), മക്കളായ ദേവൻ(5), ദിയ(4) എന്നിവരെയാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ ആരോപണത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം തുടങ്ങി. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചങ്ങരംകുളം നന്നംമുക്ക് പൂച്ചപ്പടിയിൽ റോഡിലെ മൺകൂനയിൽ വീണ് യുവാവിന് ദാരുണാന്ത്യം. നിധിൻ (20) സുഹൃത്ത് ആദിത്യൻ (20)എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ നിധിന്‍ മരിച്ചു. ആദിത്യന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ കുടിവെള്ള പൈപ്പിനുവേണ്ടി കുഴിച്ച മൺകൂനയിൽ കയറി തെന്നി ലോറിയുടെ അടിയിലേക്ക് വീണു എന്നാണ് നിഗമനം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തിൽ സൗദി സന്ദർശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദർശിക്കുന്നത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സൽമാൻ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കൂടിക്കാഴ്ചയിൽ നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
തമിഴ്നാട് മന്ത്രി കെ. പൊന്‍മുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച് പൊന്‍മുടി നടത്തിയ മോശം പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്റ്റാലിന്റെ നടപടി. എന്നാൽ, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിട്ടില്ല.
കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികൾ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തിൽ നിന്നുളള 1300 ഓളം പേർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്.
ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ക്ക് ദാരുണാന്ത്യം. സ്‌പെയിനില്‍നിന്നുള്ള അഞ്ചംഗ വിനോദസഞ്ചാരികുടുംബവും ഹെലികോപ്റ്ററിന്റെ പൈലറ്റുമാണ് മരിച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ജര്‍മന്‍ ബഹുരാഷ്ട്ര കമ്പനിയായ സീമെന്‍സിന്റെ സ്‌പെയിനിലെ സി.ഇ.ഒയായ അഗസ്റ്റിന്‍ എസ്‌കോബാറും ഭാര്യ മേഴ്‌സെ കാംപ്രുബി മോണ്ടലും ഇവരുടെ മൂന്ന് മക്കളുമാണ് അപകടത്തിൽ പെട്ടത് .
കോടതിയില്‍ ഹാജരാവാനുള്ള നിര്‍ദേശം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയ കന്നഡ ചലച്ചിത്രതാരം ദര്‍ശന്‍ തൂഗുദീപ സിനിമ കാണാന്‍ എത്തിയതായി ആക്ഷേപം. രേണുക സ്വാമി കൊലക്കേസില്‍ ജാമ്യത്തിലുള്ള ദര്‍ശന്‍ തന്‍റെ പുതിയ ചിത്രം വാമനയുടെ ബെംഗളൂരുവില്‍ നടന്ന പ്രത്യേക സ്ക്രീനിംഗിലാണ് പങ്കെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സിനിമാ പ്രദര്‍ശനം. നടുവേദന കാരണമായി പറഞ്ഞ് കോടതിയില്‍ ഹാജരാവുന്നത് ഒഴിവാക്കി മണിക്കൂറുകള്‍ക്കിപ്പുറമാണ് ദര്‍ശന്‍ സിനിമ കാണാന്‍ എത്തിയത്.
ഭോപ്പാൽ ദാമോയിലെ മിഷൻ ആശുപത്രിയിലെ കാത്ത് ലാബ് സീൽ ചെയ്ത് ആരോഗ്യ ഉദ്യോഗസ്ഥർ. ഏഴ് പേരുടെ മരണത്തിന് കാരണക്കാരനായ വ്യാജ ഡോക്ടർ രോഗികളെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് ഇവിടെ വച്ചായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം, കാത്ത് ലാബ് മാത്രമാണ് സീൽ ചെയ്തത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ ഉള്ളതിനാലാണ് ഇവിടം സീൽ ചെയ്തതെന്ന് ജില്ലാ ആരോഗ്യ ഓഫീസർ പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാജ ഡോക്ടറായി വേഷമിട്ടാണ് പ്രതിയായ നരേന്ദ്ര വിക്രമാദിത്യ യാദവ് എത്തിയത്. നിലവിൽ ഇയാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 പേർക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചുവെന്നുമാണ് റിപ്പോർട്ട്.
ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകര ചുങ്കം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ ഓഹരി വിപണി കുതിച്ചുയർന്നു. സെൻസെക്സ് 1,472.2 പോയിന്റ് അഥവാ 1.99 ശതമാനം ഉയർന്ന് 75,319.35 ൽ വ്യാപാരം ആരംഭിച്ചു. അതേസമയം, നിഫ്റ്റി 475.3 പോയിന്റ് അഥവാ 2.12 ശതമാനം ഉയർന്ന് 22,874.45 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു.