വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായതെന്നും ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാൻ വ്യവസ്ഥയില്ലേയെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി.
മകൾക്കെതിരായ എസ്എഫ്ഐഒ കേസിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ പ്രേരിതമല്ല കേസിനെ ഗൗരവത്തോടെ നേരിടണമെന്നും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ടതില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തിലെ ശശി തരൂരിന്‍റെ പ്രസംഗത്തിൽ കോൺഗ്രസ് പ്രതീക്ഷയുടെ പാർട്ടിയാകണം എന്ന നിർദ്ദേശമാണ് ഉണ്ടായിരുന്നത്. വിമർശിക്കുകയും പരാതി പറയുകയും ചെയ്യുന്ന ശൈലി മാത്രം പോര എന്നും ഭാവിക്കു വേണ്ടിയുള്ള പദ്ധതിയാണ് മുന്നോട്ടു വയ്ക്കേണ്ടത് എന്നുമുള്ള തരൂരിന്‍റെ നിലപാട് പാർട്ടിയിലുള്ള വ്യത്യസ്ത വീക്ഷണങ്ങളുടെ സൂചനയായി.
ആശ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 60 ദിവസമായി നടക്കുന്ന സമരമാണത് അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ എല്ലാ വിവരങ്ങളും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഇതുവരെ ഇൻസെന്റീവ് വർദ്ധിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞത് തെറ്റാണ് 2019ൽ വർദ്ധിപ്പിച്ചതാണ് എന്നാൽ അത് അപര്യാപ്തമാണ്. കേരള സർക്കാറും കേന്ദ്ര സർക്കാറും ഇതിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ആശാ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമർശം വസ്തുത അറിയാതെ എന്നാണ് മറുപടി. സമരം ഇന്ന് 60-ആം ദിനത്തിലേക്ക് കടന്നു. മറ്റന്നാൾ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം സംഘടിപ്പിക്കാനാണ് പൗരസമിതിയുടെ തീരുമാനം.
ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചരിപ്പിച്ചത്. താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ് പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂവെന്നും 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം.
കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേർ പാർട്ടിയിലുണ്ട്. അവരെയെല്ലാം മാറ്റിനിർത്തും. എഐസിസി നേതൃത്വത്തിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നും ഡിസിസികൾക്ക് കൂടുതൽ ചുമതല നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഹിയറിങിന് വിളിച്ചതിന് പിന്നാലെ വിചിത്ര ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് എൻ പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് എൻ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് എൻ പ്രശാന്ത് വീണ്ടും കത്തയച്ചു. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ്. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടർ പട്ടികയിൽ സിപിഎം ചേർക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. ആരോപണങ്ങളിൽ സിപിഎമ്മിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്നും ഇതിലൊന്നും സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പദ്മാക്ഷൻ പ്രതികരിച്ചു.
കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിൽ ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ആശങ്കയിൽ. ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെതെന്നാണ് സൂചന.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി, നാലു വർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത് എന്നിട്ടും നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞു.
കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്.
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും. ഓപ്പൺ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നൽകിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്മെന്റ് ഓർഡർ ദേവസ്വം ബോർഡ് വേഗത്തിൽ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹൻദാസ് പ്രതികരിച്ചു.
മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ മരണത്തിൽ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഫാത്തിമ്മയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിഐ മോശമായി പെരുമാറിയതായും പരാതിക്കാർ ആരോപിക്കുന്നു. സംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്‍റെ ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തിന് അനൂകൂലമായി രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഏപ്രില്‍ ഇരുപത് മുതല്‍ പഞ്ചായത്ത് തലം വരെ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഇത് ചെറുക്കാനുള്ള നീക്കത്തിന് ബിജെപിയും തയ്യാറെടുക്കുന്നത്. പ്രചാരണപരിപാടികൾക്കായി ദേശീയ തലത്തിൽ ബിജെപി സമിതി രൂപീകരിച്ചു.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള സമിതിയിൽ അനില്‍ ആന്‍റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ അംഗങ്ങളാണ്.
ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ തൂക്കം വരുന്ന സ്വർണ കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് സ്വർണ്ണ കിരീടം സമർപ്പിച്ചത്. രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ കിരീടം ഏറ്റുവാങ്ങി.
കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും പണം തട്ടി. കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് പണം തട്ടിയത്. മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത, എലത്തൂരിൽ താമസിക്കുന്ന വയോധികനിൽ നിന്നാണ് പണം തട്ടിയത്. മുംബൈയിൽ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഫോണിൽ ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു.
കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി. കണ്ണനല്ലൂർ സ്വദേശി സംഗീതിനെ എക്സൈസ് എൻഫോഴ്സ്മെന്റെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. പരിശോധനാ സംഘം എത്തുമ്പോൾ സംഗീതും സുഹൃത്തുക്കളും ചേർന്ന് വിൽപനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുകയായിരുന്നു. റെയ്ഡിനിടെ എക്സൈസുകാരെ പ്രതികൾ ആക്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വർണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കമാണ് തേടിയത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കർണാടക ഗവർണർക്ക് വീണ്ടും കത്ത്. ബെംഗളൂരു സ്വദേശി എച്ച് രാമമൂർത്തി എന്നയാളാണ് ഇത്തവണ ഗവർണറെ സമീപിച്ചത്. 2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ രാമമൂർത്തി ആവശ്യപ്പെട്ടിരിക്കുന്നത്.
ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് ആണ് ഇവരെ പിടികൂടിയത്. അഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 28നും 51നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടിൽ ഇവർ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്. പത്ത് ലക്ഷം ബഹ്റൈൻ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്.
മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഒരു പ്യൂൺ വിലയിരുത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഈ സംഭവത്തില്‍ ഒരു സർക്കാർ കോളേജ് പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷനും ലഭിച്ചു. ഇതേ തുടർന്ന് വിദ്യാർത്ഥികൾ പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷിയെ സമീപിക്കുകയും തുടർന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നൽകുകയുമായിരുന്നു. എന്നാല്‍,ഉത്തരക്കടലാസുകളുടെ മൂല്യനിർണയം രണ്ടുതവണ ഔട്ട്‌സോഴ്‌സ് ചെയ്ത ശേഷം പ്യൂണിന്റെ കയ്യിലെത്തിയെന്നാണ് പുതിയ വിവരങ്ങൾ.
എൻജിഒയുടെ മറവിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനിൽ പിടിയിൽ. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളിൽ നിന്നുള്ള യുവതികളെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിരുന്നത്. ഗായത്രി വിശ്വകർമ്മ എന്നു പേരുള്ള ഇവർ തന്നെയായിരുന്നു ഈ വ്യാജ എൻജിഒ നടത്തിയിരുന്നതുമെന്നുമാണ് വിവരം
തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ നിന്ന് 9 കോടി രൂപ വിലവരുന്ന വെള്ളിക്കട്ടികൾ കാണാതായതായി പരാതി. ലണ്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത ശേഷം കമ്പനിയിലേക്ക് അയക്കും മുൻപ് കണ്ടെയ്നർ രണ്ട് തവണ തുറന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ശ്രീപെരുംപുത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കയറ്റുമതി – ഇറക്കുമതി സ്വകാര്യ കമ്പനിയാണ് ലണ്ടനിൽ നിന്ന് ഏകദേശം 39 ടൺ വെള്ളിക്കട്ടികൾ ഇറക്കുമതി ചെയ്തത്.പതിവ് പരിശോധനയ്ക്കിടെ, രണ്ട് കണ്ടെയ്‌നർ ബോക്സുകളിൽ ഒന്നിന്‍റെ ഭാരം കുറവാണെന്ന് കണ്ടെത്തി. 922 കിലോഗ്രാം ഭാരമുള്ള 30 വെള്ളി ബാറുകളാണ് കാണാതായത്. ഇത് ഏകദേശം 9 കോടി രൂപ വിലമതിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.
അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ കുതിച്ചുയർന്ന് അമേരിക്കൻ ഓഹരി വിപണി. ഡൗ ജോൺസ് സൂചിക 8 ശതമാനം ഉയർന്നു. 3000 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 12 ശതമാനവും, എസ് ആൻഡ് പി 500 ഒൻപത് ശതമാനവും മുന്നേറി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ ആറ് ലക്ഷം കോടി ഡോളർ മാഞ്ഞുപോയിടത്ത് നിന്നാണ് ഓഹരി സൂചികകളുടെ തിരിച്ചുവരവ്.