മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണെന്നും അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന്‍റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാരയായി ഐഎൻടിയുസി പണപ്പിരിവ് നടത്തുന്നുവെന്ന് തിരുവനന്തപുരം ഡിസിസി. ഫണ്ട് പിരിവ് നിര്‍ത്താൻ ഐഎൻടിയുസിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയും ഡിസിസി പ്രസിഡന്‍റും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കണ്ടു. പാര്‍ട്ടി ലൈന് വിരുദ്ധമായി ആശ സമരത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരൻ നിലപാട് എടുത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് ഫണ്ട് പിരിവിലും ഐഎൻടിയുസി പാരവയ്ക്കുന്നുവെന്ന പരാതി കോണ്‍ഗ്രസിൽ ഉയരുന്നത്.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രേഖാമൂലം താക്കീത് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ചയിൽ സര്‍ക്കാരിന് സഹായകരമായ നിര്‍ദേശം വെച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കീത്. അതോടൊപ്പം പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് ആര്‍ ചന്ദ്രശേഖരൻ വ്യക്തമാക്കി.
മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത എ പി വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ മുഖപ്രസംഗം. പ്രതികൾ മുസ്ലിങ്ങൾ എങ്കിൽ കൽത്തുറങ്കിൽ അടയ്ക്കുകയും അമുസ്ലിങ്ങൾ എങ്കിൽ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസിൽ നിന്നുണ്ടാവാറുള്ളതെന്നും വെള്ളാപ്പള്ളിയുടെ കാര്യത്തിൽ അത് ആവർത്തിക്കരുതെന്നും മുഖപ്രസംഗത്തിൽ ഉണ്ട് . എസ്എൻഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു.
ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
പാർട്ടി കോൺഗ്രസിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്‍റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടത്. സി പി എം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആർ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചെയോടെ ഫ്ലെക്സ് ബോർഡുകൾ കണ്ടത്. ഇന്നലെ സമാപിച്ച പാർട്ടി കോൺഗ്രസിൽ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്ലെക്സ് ബോർഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന് സിപിഎം നേതാവ് ജി സുധാകരൻ. എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുവെന്നും സ്വയം പുകഴ്ത്തൽ നടത്തിക്കോട്ടെ പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണെന്നും ജി സുധാകരൻ ചോദിച്ചു. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണെന്നും സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല ഉത്തരക്കടലാസുകൾ വരെ കാണാതെ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടയ്ക്കൽ കോട്ടുക്കൽ ദേവീക്ഷേത്രത്തില്‍ ആർഎസ്എസ് ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ക്ഷേത്രത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ, പ്രവർത്തനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി കൃത്യമായി പാലിക്കപ്പെടും. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഗാനമേള സംഘങ്ങളും ശ്രദ്ധിക്കണമെന്ന് പ്രശാന്ത് പറഞ്ഞു.
സംഭവദിവസം നടന്ന കാര്യങ്ങൾ മുഴുവനും ഓർമ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ മാതാവ് ഷെമി. എന്നാൽ ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാൻ താല്പര്യമില്ലെന്നും ഓൺലൈൻ ആപ്പുകളിൽ നിന്ന് ഉൾപ്പെടെ മകൻ വായ്പ എടുത്തിരുന്നു 25 ലക്ഷം രൂപയ്ക്ക് മുകളിൽ ബാധ്യതയുണ്ടെന്നും അവര് പറഞ്ഞു.
പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യ അപേക്ഷ നൽകി. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയിൽ പറയുന്നത്. അറസ്റ്റ് തടയണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച അസ്മയുടെ മരണത്തിന് പിന്നാലെ ഭർത്താവ് സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം. മടവൂര്‍ കാഫിലയെന്ന യൂട്യൂബ് പേജില്‍ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചു. ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ആശാ വര്‍ക്കര്‍മാരോടുപോലും മറച്ചുവച്ച സിറാജുദ്ദിന്‍ ഭാര്യ അസ്മയെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നു.
ശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂർ മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.
കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍, ഫവാസ്, റസാഖ്, മുന്‍ഷീദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വാളും കത്തികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചവര്‍ ലഹരിക്ക് അടിമകളാണോ എന്ന് സംശയുമുണ്ടെന്നും പരിക്കേറ്റവര്‍ പറഞ്ഞു.
കൊച്ചിയിൽ പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് മുണ്ടൂരിൽ ഇന്നലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.ആന കൊമ്പ് അലന്റെ നെഞ്ചിനകത്ത് കുത്തി കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതോടൊപ്പം അലന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം രൂപയും ഉടൻ കൈമാറാൻ തീരുമാനമായി. കൂടാതെ വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.
എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും. നാളെ നടക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മറ്റന്നാളാകും സമ്മേളനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സെഷനില്‍ രൂപം നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി പോർച്ചുഗലിലെത്തി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്. 1998ൽ കെ ആർ നാരായണനായിരുന്നു അവസാനമായി പോർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി. പോർച്ചുഗൽ പ്രസിഡന്‍റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം.
വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച അധ്യക്ഷൻ മുഹമ്മദ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്കർ അലി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടിന് നേരെ ആക്രമണമുണ്ടായത്.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് നോട്ടീസ്. യുപി മുസാഫർ നഗറിൽ 300 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് ആണ് നോട്ടീസ് നൽകിയത്. പള്ളിയിലെ പ്രാർത്ഥനാ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിന് എത്തിയവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചവർ ഈമാസം 16ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
ട്രംപിന്റെ നയങ്ങളിൽ ബ്രിട്ടനിലെ വ്യാപാരങ്ങൾ തകരാതിരിക്കാൻ കവചം തീർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. കനത്ത തീരുവ ഒഴിവാക്കിയുള്ള വ്യാപാര ബന്ധത്തിനായി അമേരിക്കയുമായി ചർച്ച ചെയ്യും. ദേശീയ താൽപര്യം മുൻനിർത്തിയാകും ഇതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശദമാക്കിയത്. ലോകം അതിവേഗത്തിൽ മാറുമ്പോൾ പഴയ വൈകാരികതയിൽ തൂങ്ങിപ്പിടിച്ച് ഇരിക്കാനാവില്ലെന്നും മാർക്കറ്റിന് രാജ്യ രൂപം നൽകാൻ ശ്രമിക്കുന്നത് പരിഹാസ്യപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 3000 പോയിന്‍റിലേറെ നഷ്ടം നേരിട്ടു.നിഫ്റ്റി ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ടെക്, മെറ്റല്‍ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. നിഫ്റ്റി ഐടി സൂചിക 6% ഇടിഞ്ഞു, നിഫ്റ്റി മെറ്റല്‍ സൂചിക 7 ശതമാനവും ഇടിഞ്ഞു.
അമേരിക്കയുടെ പകര ചുങ്ക പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണികൾ തകർന്നടിഞ്ഞതോടെ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചില കാര്യങ്ങൾ ശരിയാക്കാൻ ചില സമയത്ത് മരുന്ന് കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിപണികളുടെ തകർച്ച താൻ ആസൂത്രണം ചെയ്തതല്ലെന്നും വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കമ്മി പരിഹരിക്കപ്പെട്ടില്ലെങ്കിൽ മറ്റ് രാജ്യങ്ങളുമായി ഒരു കരാറിലും ഏർപ്പെടില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഗാസയിൽ രക്ഷാപ്രവർത്തകരുടെ ആംബുലൻസുകൾ ആക്രമിച്ച് പതിനഞ്ച് പേരെ കൊന്ന സംഭവത്തിൽ മുൻ നിലപാട് തിരുത്തി ഇസ്രയേൽ. ആദ്യ റിപ്പോർട്ട് നൽകിയയാൾക്ക് തെറ്റ് പറ്റിയെന്നാണ് ഇസ്രയേൽ വിശദീകരണം. വാഹനവ്യൂഹം ഹെഡ്‍ലൈറ്റുകളോ ബീക്കണോ തെളിയിക്കാതെയാണ് സഞ്ചരിച്ചതെന്ന വാദം ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊളിഞ്ഞതോടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട് മാറ്റം.കഴിഞ്ഞ മാസമാണ് ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിൽ പലസ്തീൻ വാഹന വ്യൂഹം ഇസ്രയേൽ സൈന്യം ആക്രമിച്ചത്. 15ഓളം ആരോഗ്യ പ്രവർത്തകരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.