വഖഫ് ബിൽ മറ്റ് സമുദായങ്ങളെയും ഉന്നം വയ്ക്കുമെന്ന് താൻ പറഞ്ഞത് ശരിയാകുന്നുവെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസ് ക്രിസ്ത്യാനികളെ ഉന്നം വയ്ക്കാൻ അധികം വൈകില്ല, ഭരണഘടനയാണ് ഏക ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യൻ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ കുറിപ്പ്. തൊട്ടുപിന്നാലെ വിവാദ ലേഖനം ഓർഗനൈസർ പിന്‍വലിച്ചു. ഏപ്രിൽ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കൂടുതൽ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തിൽ പറയുന്നത്.
വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി സൂചന. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇന്നലെ തമിഴ്‌നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് ഇഡി അറിയിക്കുന്നത്. എന്നാൽ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
മധുരയിൽ പാർട്ടി കോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സിപിഎം. കെസിബിസിയും സിബിസിഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എൽഡിഎഫും യുഡിഎഫും മുഖംതിരിച്ചുവെന്നും വി.മുരളീധരൻ പറഞ്ഞു.
നടൻ പൃഥ്വിരാജിനോട് പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണെന്നും ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണെന്നും സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന യുവി ഇൻഡെക്സ് രേഖപ്പെടുത്തിയ 14 ജില്ലകളിലെ സ്റ്റേഷനുകളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലർട്ട് രേഖപ്പെടുത്തിയത് 10 ഇടങ്ങളിലാണ്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മൂന്നാർ, കളമശ്ശേരി, ഒല്ലൂർ, തൃത്താല പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് രേഖപ്പെടുത്തിയത്.
വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടി രൂപീകരണ സാധ്യത തള്ളാതെ താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. മുനമ്പം വിഷയത്തിൽ ഇടത് വലത് മുന്നണികൾ സമുദായ താത്പര്യം സംരക്ഷിച്ചില്ല. സമുദായത്തിന്റെ നിലപാട് വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനത്ത് പ്രഖ്യാപിക്കുമെന്നും ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിൽ മഹസ്സർ രേഖപ്പെടുത്തിയതിൽ തിരുവല്ലം എസ്.ഐക്ക് ജാഗ്രതകുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ഇത് പ്രകാരം എസ്.ഐ തോമസിനെ സ്ഥലം മാറ്റും. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും. എന്നാൽ എസ്.ഐ ബോധപൂർവ്വം പ്രതിയെ സഹായിച്ചിട്ടില്ലെന്നാണ് ഡിസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഒഡീഷയിലും മലയാളി വൈദികന് മർദനമേറ്റു. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു.
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം. 2500 രൂപയാണ് വീഡിയോ ചിത്രീകരിച്ച നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി നൽകിയത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് ലഭിക്കുക.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യണമെന്നും DYFI ആവശ്യപ്പെട്ടു. മേഘയെ ചൂഷണം ചെയ്യുകയും അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയും ഗർഭഛിദ്രം നടത്താനായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത് കൃത്രിമ രേഖകളുണ്ടാക്കിയാണെന്നും റിപ്പോർട്ടുകളുണ്ട്.
കൊല്ലത്തെ ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടി ഗായകൻ മാർകോസ്. കിഴക്കേ കല്ലട ചിറ്റുമല ശ്രീദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലാണ് സംഭവം. കാണികളുടെ ആവശ്യപ്രകാരമാണ് ഇസ്രായേലിൻ നാഥനായി എന്ന ഗാനം ഗായകൻ മാർക്കോസ് ആലപിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയവർ പാട്ട് ആസ്വദിച്ചത്. കൊല്ലത്ത് തന്നെ കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകൻ കാണികളുടെ ആവശ്യപ്രകാരം വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു.
സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവർ പിടിയിലായി. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു.
നിലമ്പൂർ വനത്തിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയിൽ ഇന്നലെ കണ്ടത്. മരുതയിൽ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനകളുടെ മൃതദേഹങ്ങൾക്ക് 4 ദിവസം പഴക്കമുണ്ട്.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായ കേസിന്റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിൽ ആയിരിക്കും തുടർ നടപടികൾ. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് കേസന്വേഷിക്കുന്നത്.
എമ്പുരാൻ സിനിമയിലെ മുല്ലപ്പെരിയാൽ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും എന്നാൽ എതിർപ്പിനെ തുടർന്ന് ഈ ഭാഗം നീക്കിയെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടിവികെ എംഎൽഎ ടി വേൽമുരുകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. മത്സരം കാണാനെത്തിയ നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.