വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു.
വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടേ അവഗണിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാർലമെൻ്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മതസൗഹാർദ്ദം തകർക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യമെന്നും 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് ജെപിസി നടപടികൾ പൂർത്തിയാക്കിയതെന്ന് സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് പറഞ്ഞു.
മുനമ്പത്തിന് പരിഹാരം വഖഫ് ബില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ പ്രതിസന്ധി പരിഹരിക്കുമെന്നും മുനമ്പം വിഷയം വിശദമായി പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവിടെയുള്ളവരുടെ ഭൂമി വഖഫ് ബോർഡ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും ആ ഭൂമി തിരിച്ചുപിടിക്കണം, ന്യൂനപക്ഷങ്ങളുടെ താൽപര്യം ബില്ലിൽ ഉറപ്പ് വരുത്തുമെന്നും കിരൺ റിജിജു പറഞ്ഞു.
കേരളത്തിലെ എംപിമാർ വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ആയ ദീപിക. വഖഫ് നിയമം ഇല്ലാതാക്കാൻ അല്ല, കയ്യേറ്റ അനുമതി നൽകുന്ന വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്നും ബില്ലിനെ പിന്തുണയ്ച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോരെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്.. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്, ആശമാരെ ഇതിനായി കരുവാക്കുകയാണെന്നും തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് പ്രഖ്യാപിച്ച ധനസഹായം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ അനുവാദം ലഭിച്ചില്ല.
നിലമ്പൂര്‍ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്നും ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ലെന്നും നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു.
തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ മുറിയിൽ ആളുണ്ടായിരുന്നില്ല.
എമ്പുരാൻ വിവാദം ചർച്ച ചെയ്യാതെ പാർലമെന്‍റ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസുകൾ ഇരുസഭകളിലും തള്ളി. . കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ആന്‍റോ ആന്‍റണി എന്നിവർ ലോക്സഭയിലും, സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, സിപിഐ എംപി സന്തോഷ് കുമാര്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നൽകി.
എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിവി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാണ് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. ബിജെപിയുടെ അറിവോടെ അല്ല പരാതി നൽകിയതെന്നും വിജീഷ് പറഞ്ഞു.
മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് നല്ല കാര്യങ്ങൾ സംസാരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എംബി രാജേഷ്. എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നതെന്നും ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണ് ബുദ്ധിശൂന്യതയാണ് എതിർക്കാൻ കാരണമെന്നും നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്ക് അവരുടെ സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീനും എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീനും നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്.
ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പാലക്കാട് മീറ്റ്നയിൽ എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്ക്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലുള്ള അക്ബറിനുമാണ് പരിക്കേറ്റത്. ഇരു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്.
സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് എൻ പ്രശാന്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒപ്പം കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. ‘സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും ഒപ്പം ചേർത്തിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലാണ് എൻ പ്രശാന്ത്.
അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്അപ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു.
കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്‍റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു.
കോഴിക്കോട് കടലുണ്ടിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി ഉഫൈദ് ആണ് അറസ്റ്റിലായത്. ഇന്നലെയാണ് വാഹനാപകടത്തിൽ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ യുവാക്കൾ കടലുണ്ടിയിലെ ടിഎംഎച്ച് ആശുപത്രി ജീവനക്കാരെ മർദിച്ചത്. ജീവനക്കാരെ ആക്രമിച്ച യുവാക്കൾ ആശുപത്രി റിസപ്ഷൻ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക.
സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സർക്കാർ. മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു. ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം.
കർണാടകയിലെ ദാവൺഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയിൽ നിന്ന് 17 കിലോ സ്വർണം കവർന്ന മോഷ്ടാക്കളെ അഞ്ച് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ തമിഴ്‌നാട് മധുര സ്വദേശി വിജയ് കുമാർ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന് പുറമെ അജയ്കുമാർ, അവരുടെ ഭാര്യാ സഹോദരൻ പരമാനന്ദ, മൂന്ന് പ്രദേശ വാസികൾ എന്നിവരാണ് പിടിയിലായത്.
അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും
പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും എന്താകുമെന്ന് കാണട്ടേയെന്നുമാണ് ട്രംപിന്‍റെ വെല്ലുവിളി. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു.
വടക്കൻ യൂറോപ്പിലെ ലിത്വാനിയയിൽ പരിശീലനത്തിനിടെ കവചിത വാഹനം തകർന്ന് കാണാതായ 4 അമേരിക്കൻ സൈനികരിൽ 3 പേരുടെ മൃതദേഹം കണ്ടെത്തി. പാബ്രേഡ് എന്ന സ്ഥലത്ത് ചതുപ്പിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. ഒരു സൈനികനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയാണ് പരിശീലനത്തിനിടെ കവചിത വാഹനത്തിലെ അമേരിക്കൻ സൈനികരെ കാണാതായത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന് ട്രംപ് തന്നെയാണ് അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.