bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

വേതനം വർദ്ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ യുഡിഎഫ് ഭരണത്തിലുള്ള ചില തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് അധിക വേതനം നൽകാൻ തനത് ഫണ്ടിൽ നിന്ന്‌ തുക മാറ്റി വച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ആകുക. ബജറ്റ് ചർച്ചയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങൾ അനുമതി തേടി സർക്കാരിനെ സമീപിക്കും. സർക്കാർ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാൻ ആകില്ല.

 

 

 

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സർക്കാർ. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്.ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

 

 

നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. മേയ് മാസത്തിൽ ഉണ്ടാകുമെന്നാണ് സൂചന. കോൺഗ്രസ് എപി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഒരുക്കങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

 

 

 

 

 

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

 

 

 

ബിജെപിയുടെ കോർ ഗ്രൂപ്പ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണ്. സംസ്ഥാന സമിതിയുടെ പുനസംഘടനയാണ് പ്രധാന അജണ്ട. യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം കിട്ടാനിടയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ചയാകും. തിരുവനന്തപുരത്ത് വിവി രാജേഷിനെതിരെ പോസ്റ്റർ ഉയർന്നതും ചർച്ചക്ക് വരാനിടയുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

 

 

 

സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്‍റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽഗോപാലകൃഷ്ണന്‍റെ വാദത്തോടും ഫേസ്ബുക് പോസ്റ്റിനോടും തത്കാലം മറുപടിയില്ലെന്ന് പി കെ ശ്രീമതി വ്യക്തമാക്കി. ഗോപാലകൃഷ്ണന്‍റെ വാദങ്ങൾ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അവര്‍ പറഞ്ഞു.

 

 

 

 

 

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സിപിഎം നേതാവ് പി കെ ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തു തീർപ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തു തീർപ്പ് രേഖയിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ തന്‍റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ വ്യക്തമാക്കുന്നു.

 

 

 

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചുവെന്നും ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

 

 

 

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്.

 

 

 

 

ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടർനടപടി നിർത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവെച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

 

 

 

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ. സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും അധ്യാപകർ പൊലീസിനോട് പറ‍ഞ്ഞു. മലപ്പുറം ചെണ്ടപ്പുറായ എആർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകൻ്റെ കാറിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത്.

 

 

 

 

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ചോദ്യം ചെയ്യാൻ ആണ് കസ്റ്റഡി. രണ്ടാഴ്ച്ച മുൻപ്, സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.

 

 

 

സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമെന്ന് ജോസഫ് ജോർജ് പറഞ്ഞു. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ ഇന്നലെ തന്നെ പോലീസിന് കൈമാറിയിരുന്നു.

 

 

 

എറണാകുളത്ത് അയ്യമ്പുഴയിൽ മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി. യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ് പറയുന്നു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി. നേപ്പാൾ സ്വദേശിനി ഗീതയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലാണ് യുവതിയും സുഹൃത്തും ഉള്ളത്. മദ്യത്തിന് പുറമെ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

 

 

നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അലീന മരിച്ച് 24-ാം ദിവസമാണ് ഉത്തരവിറങ്ങിയത്. ഭിന്നശേഷി നിയമനം സംബന്ധിച്ച നടപടിക്രമങ്ങൾ നിലനിൽക്കുന്നതിനാൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നൽകിയാണ് ഉത്തരവ്.

 

 

 

 

പാലാ ഉള്ളനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരി മരുന്ന് കണ്ടെത്തി. സംഭവത്തിൽ ഉള്ളനാട് സ്വദേശി ജിതിൻ ചിറക്കൽ എക്സൈസ് പിടിയിലായി. ഇയാളുടെ കയ്യിൽ നിന്ന് 300 പായ്ക്കറ്റ് മെഫൻടെർമിൻ സൾഫേറ്റ് പിടികൂടിയിട്ടുണ്ട്. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്.

 

 

 

 

 

കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബീഹാർ സ്വദേശിയായ13 കാരൻ സൻസ്കാർ കുമാർ ചാടിപ്പോയത്. കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട്‌ എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

 

 

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായതായി പരാതി. കിഴവങ്കുളം സ്വദേശിയായ ബിസ്മി (41) യെ ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതാണ്. പക്ഷെ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.

 

 

 

ഇടുക്കി ഖജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുഴിച്ചിട്ടതാണെന്നാണ് ജാർഖണ്ഡ് സ്വദേശിയായ യുവതി പൊലീസിനോട് പറഞ്ഞു.

 

 

 

കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 5 പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. അതുൽ, ഹരി, പ്യാരി, രാജപ്പൻ എന്നിവരുടെയും ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇന്നലെയാണ് യുവാവിനെ വീട്ടൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾക്കായുള്ള വിപുലമായ അന്വേഷണത്തിലാണ് പൊലീസ്.

 

 

 

ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ഒന്നാം പ്രതി ജോമോൻ്റെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോൾ ജോമിനെയും വിളിച്ച് വരുത്തി. നാല് പേരും ചേർന്നാണ് ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

 

 

 

 

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലെയും 2000 ആരോഗ്യപ്രവര്‍ത്തകരെ പരിച്ചുവിട്ടു. എട്ട് ജില്ലകളിൽ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് പിരിച്ചുവിട്ടത്.

 

 

 

 

 

 

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍ 86 തടവുകാരെ മോചിപ്പിച്ചു. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 68 ലക്ഷം ദിര്‍ഹത്തിന്‍റെ സാമ്പത്തിക കേസുകള്‍ തീര്‍പ്പാക്കിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്.

 

 

 

 

യുഎഇ ദിർഹത്തിന് ഇനി പുതിയ ചിഹ്നം. യുഎഇ സെൻഡ്രൽ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമായ`ഡി’യിൽ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകൾ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്.

 

 

 

 

ഉത്ത‍ർപ്രദേശിലെ ഒരു സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെത്തുട‌ർന്ന് ഭിന്നശേഷിക്കാരായ നാല് കുട്ടികൾ മരിച്ചു. 16 പേർ ഇതേത്തുടർന്ന് ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്.

 

 

ഹൈദരാബാദിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3 പേ‌ർ പൊലീസിന്റെ പിടിയിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈംസ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ പത്രക്കുറിപ്പിൽ പറയുന്നു. തോട്ട ശ്രീനിവാസ റാവു (59), ലാം ജീവൻകുമാർ (38), തമ്മിഷെട്ടി രഘുവീർ (40) തുടങ്ങിയ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

 

 

 

മ്യാന്മറില്‍ ശക്തമായ ഭൂചലനം. കെട്ടിടങ്ങള്‍ തകര്‍ന്നതായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളുടെയും മറ്റും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അയല്‍രാജ്യമായ തായ്‌ലന്‍ഡിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ബാങ്കോക്കില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളിൽനിന്ന് ഇറങ്ങി ഓടി. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

 

 

 

താരിഫ് യുദ്ധത്തിൽ ഡോണൾഡ് ട്രംപിന് കനത്ത മറുപടിയുമായി കാനഡ. അമേരിക്കയുമായുള്ള പഴയ ബന്ധം പൂർണമായി അവസാനിച്ചെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സാമ്പത്തികമായും സൈനികമായും ഇനി അമേരിക്കയുമായി യാതൊരു സഹകരണവുമില്ലെന്നും അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് പരമാവധി ആഘാതമേൽപിക്കും വിധം എതിർ താരിഫുകൾ ചുമത്തുമെന്നും കാർണി അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *