കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കി, കൊല്ലം ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. യുവി ഇൻഡക്സ് 11ന് മുകളിലെത്തിയതിനാൽ ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .

 

 

 

 

ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാണെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം സഭയിൽ ആരോപിച്ചു. സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു , സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ലെന്നും വെയിലത്തും മഴയത്തും സമരം ചെയ്യുന്നവർക്ക് നീതിയില്ലെന്നും സർക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങൾക്കും കയ്യിൽ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

അങ്കണവാടി ആശാവർക്കർമാരുടെ സമരത്തിൽ ട്രേഡ് യൂണിയനുകൾ നിലപാടെടുക്കാത്തതെന്താണെന്നും യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയിൽ വന്നാൽ അതിന്‍റെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും മന്ത്രി പി രാജീവ്. ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്നും സമരത്തോട് ഐഎൻടിയുസിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

 

 

 

ആരോഗ്യമന്ത്രി വീണ ജോർജ് ദില്ലിയിലെത്തിയത് ക്യൂബൻ പ്രതിനിധി സംഘത്തെ കാണാനെന്ന് റിപ്പോർട്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കിൽ നിവേദനം കൊടുക്കുമെന്നും ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഇതിൽ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശ കേന്ദ്ര പദ്ധതിയാണെന്നും ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനിൽ സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത് അതിൽ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ആശാ വർക്കർമാരുടെ സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്നും അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല, ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലതെന്നും അവർ പറഞ്ഞു.

 

 

 

 

വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കാനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിലവില്‍ പരമ്പരാഗത യാനങ്ങള്‍ ഇവിടെ കരക്കടുപ്പിക്കാന്‍ പ്രയാസം അനുഭവിക്കുന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ സർക്കാർ നടപടിയെടുത്തത്. സാന്‍ഡ്‌ പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക.

 

 

 

കണ്ണൂർ വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിർണയ നടപടികൾ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. രേഖകൾ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിർണയിക്കുമെന്നും നടപടികൾ വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ശശി തരൂരിനെയും മോദിയേയും പുഴ്ത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. റഷ്യയെ ഉപരോധിക്കില്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോൾ തരൂർ പരിഹസിച്ചതാണ് ഇപ്പോൾ തരൂർ നിലപാട് മാറ്റിയതാണ് തുറന്നു കാട്ടിയതെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് മോദി തുടർന്നത് ശരിയായ നിലപാടായിരുന്നുവെന്നും, പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരി ചെയ്തു അമേരിക്കൻ വിധേയത്വത്തിന്‍റെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടെന്നും ബ്രിട്ടാസ് പറഞ്ഞു.

 

 

 

മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിച്ചു. അഴിമുഖത്തെ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് തീരദേശ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. അഞ്ച്തെങ്ങു മുതൽ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. ആംബുലൻസ് ഒഴികെയുളള എല്ലാ വാഹനങ്ങളും തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

 

 

 

 

സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ. ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

 

 

 

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസിൽ ശിക്ഷ ഈ മാസം 22 ന് വിധിക്കും.

 

 

 

ആലുവയിൽ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്.

 

 

 

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ കാത്ത് ലാബ് പണിമുടക്കിയിട്ട് മാസങ്ങളെന്ന് പരാതി. രണ്ട് കാത്ത് ലാബുകളുള്ള മെഡിക്കൽ കോളെജിൽ ഒരെണ്ണം പ്രവർത്തന രഹിതമായിട്ട് ആറുമാസമായിട്ടും അതു മാറ്റിസ്ഥാപിക്കാനോ പുതിയതു വാങ്ങാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.

 

 

 

 

കാസ‍ർകോട് വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കാസർകോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി ചെയ്തത്. വായ്പാ തിരിച്ചടവിന് ആറ് മാസമെങ്കിലും സാവകാശം നൽകണമെന്നും ഒരു വർഷം കിട്ടിയാൽ മുഴുവൻ തുകയും തിരിച്ചടക്കാമെന്നും വിജേഷ് പറയുന്നു.

 

 

 

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി കെ എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 6.987 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അതോടൊപ്പം നെയ്യാറ്റിൻകരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേരും പിടിയിലായി. പാറശാല കോഴിവിള സ്വദേശി സൽമാൻ (23), വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 21ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

 

 

 

 

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍ പിടിയിലായി. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡന വിവരം വിശദീകരിച്ച് സഹപാഠിയായ പെണ്‍കുട്ടിക്ക് അയച്ച കത്താണ് കേസില്‍ നിര്‍ണായകമായത്.

 

 

 

 

 

ആലപ്പുഴ മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം. മണ്ണഞ്ചേരി സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്കാരം തടഞ്ഞു. യുവാവിൻ്റെ മരണകാരണം വ്യക്തമല്ല. യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.

 

 

 

തമിഴ്നാട് ഈറോഡിൽ പട്ടാപ്പകൽ നടുറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു. സേലം സ്വദേശിയും നിരവധി കൊലക്കേസുകളിൽ പ്രതിയുമായ ജോൺ എന്ന ചാണക്യനെ ആണ് രണ്ട് കാറുകളിലായി എത്തിയ എട്ടംഗ അക്രമി സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നത്. ഭാര്യക്കൊപ്പം കാറിൽ പോകുമ്പോഴായിരുന്നു ആക്രമണം.

 

 

 

 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. ബിഹാറിലെ ജഗത്‌പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്.

 

 

 

 

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനും അടിസ്ഥാന ചെലവുകൾ വഹിക്കാനും പാടുപെടുന്ന സാഹചര്യത്തിലും രേവന്ത് റെഡ്ഡി സർക്കാർ സൗന്ദര്യ മത്സരത്തിന് ഭീമമായ തുക അനുവദിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം. മിസ് വേൾഡ് മത്സരത്തിന് 200 കോടി അനുവദിച്ചപ്പോൾ ഫോർമുല-ഇ റേസ് ഇവന്‍റിനായി 46 കോടി സർക്കാർ ചെലവഴിച്ചെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു ആരോപിച്ചു.

 

 

 

 

അമേരിക്കയിൽ ഗവേഷകനായ ഇന്ത്യക്കാരനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജോർജ്‍ടൗൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സുരിയെയാണ് വിർജീനിയയിലെ വീടിന് മുന്നിൽ നിന്നാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബദർ ഖാൻ സുരി ഹമാസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

 

 

 

 

രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ നയരൂപീകരണം നടത്തണമെന്ന്‌ സുപ്രീംകോടതി. കോടതി നിർബന്ധിത നിർദേശങ്ങൾ പുറപ്പെടുവിച്ചാൽ ഉചിതമാകില്ലെന്നും സംസ്ഥാനങ്ങൾ നയരൂപീകരണം നടത്തുന്നതാണ്‌ ഉത്തമമെന്നും ജസ്‌റ്റിസ്‌ സൂര്യകാന്ത്, എൻ കോടീശ്വർ സിങ്‌ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒപ്പം സ്വകാര്യ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലേക്ക് പ്രവേശിക്കുന്നതിനെതിരെ യുക്തിരഹിതമായ നിയന്ത്രണങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു

 

 

 

 

 

തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപ്പന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിലെ തുടർ നടപടികൾ തിങ്കളാഴ്ച വരെ വിലക്കി മദ്രാസ് ഹൈക്കോടതി. കാരണം വ്യക്തമാക്കാതെ ടാസ്മാക ജീവനക്കാരെ അന്യായമായി മണിക്കൂറുകൾ തടഞ്ഞുവച്ചെന്ന പരാതി ഭയാനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇഡി റെയ്ഡിനെതിരെ

സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ വാക്കാൽ പരാമർശം .

 

 

 

ട്രെയിനിൽ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തകം അശ്ലീല സന്ദേശങ്ങളയച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ സർവീസ് നടത്തുന്ന ബുണ്ടേൽഖണ്ഡ് എക്സ്പ്രസിലെ 3എസി കോച്ചിലെ ടിടിഇയെ ജോലിയിൽ നിന്ന് മാറ്റി. റിസർവേഷൻ വിവരങ്ങളിൽ നിന്ന് മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു ടിടിഇയുടെ ഉപദ്രവം. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവെ അറിയിച്ചു.

 

 

 

 

കർണാടക നിയമസഭയിൽ പുരുഷന്മാര്‍ക്ക് കുടിക്കാൻ മദ്യം സൗജന്യമായി നൽകണമെന്ന ആവശ്യവുമായി മുതിർന്ന ജെഡിഎസ് നിയമസഭാംഗം എം ടി കൃഷ്ണപ്പ. നിങ്ങൾ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നൽകുന്നു. അത് ഞങ്ങളുടെ പണമാണ് അതിനാൽ, കുടിക്കുന്നവർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകുക എന്ന എംഎൽഎയുടെ ആവശ്യം സഭ പ്രക്ഷുബ്ധമാക്കി.

 

 

 

 

 

 

 

ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *