എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്‍റെ പ്രധാന കാരണം എസ്എഫ്ഐയിൽ ഉള്ളവരാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നതെന്നും 9 വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ കഞ്ചാവ് വിതരണത്തിന് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ പണം നൽകുന്നവർക്ക് വിലയിളവിലാണ് ഹോസ്റ്റലിൽ കഞ്ചാവ് വിറ്റിരുന്നത്. അതോടൊപ്പം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിലായി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്.
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുന്നെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ എം.കെ.സ്റ്റാലിന്‍റെ പോരാട്ടത്തിന് സിപിഎം പിന്തുണ. ചെന്നൈ സമ്മേളനത്തിൽ പങ്കെടുക്കാൻ പിണറായി വിജയന്, പാർട്ടി കേന്ദ്ര നേതൃത്വം അനുമതി നൽകി. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥനെങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്‍റെ ആവശ്യം ന്യായമെന്നാണ് സിപിഎം അഭിപ്രായം.
കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരന്‍റെ ആക്ഷേപം തള്ളി കെ വി തോമസ്. സുധാകരൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണെന്നും കെ വി തോമസ് പറഞ്ഞു. ക്യാബിനെറ്റ് റാങ്കിൽ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നുവെന്നും അങ്ങനെ വന്നാൽ നിലവിലുള്ള എംപി, എംഎൽഎ പെൻഷൻ വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോൾ പെൻഷൻ പുനസ്ഥാപിക്കുന്നത് എളുപ്പമല്ല അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ വി തോമസ് പറഞ്ഞു.
ലവ് ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം.
കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് പ്രയോജനപ്രദമാകുന്ന നിർദ്ദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി എംഡി. ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിക്കുന്നത്.
തിരുവനന്തപുരം കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോർഡ്. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും, റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരായാലും നടപടിയുണ്ടാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. 19ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
സർക്കാർ കർഷക സൗഹൃദമാകണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹം സർക്കാരിനെതിരായി വിമർശനം ഉന്നയിച്ചത്. സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണെന്നും കാർഷിക മേഖലയിലേക്ക് കടന്നു വരാൻ യുവജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനത്ത് കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പുതുക്കാട് നന്തിപുലം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. പൂരത്തിനെത്തിച്ച ആന കഴിഞ്ഞ ദിവസം വിരണ്ടിരുന്നു ഇതിന് പിന്നാലെയാണ് സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ചതിനും പൊലീസ് കേസെടുത്തത്.
കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി കൊടിനട മുതൽ വഴിമുക്ക് വരെയുള്ള കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. വർഷങ്ങളായി ഇഴഞ്ഞ് നീങ്ങിയ രണ്ടാം ഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി. നഷ്ടപരിഹാരം വൈകുന്നത് പദ്ധതിക്ക് വെല്ലുവിളിയായിരുന്നതിനാൽ നടപടി പൂർത്തിയാക്കിയവരുടെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കി. ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്താനുള്ള സൗകര്യമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കൽപ്പുര കയറി ദർശനം നടത്താം. പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കും.
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് 7 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.
കോഴിക്കോട് വടകരയിൽ മൂന്ന് ബൈക്കുകൾ കൂടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടികൾ മോഷ്ടിച്ച ബൈക്കുകൾ ആണോ എന്ന് ആളുകൾ പരിശോധിക്കുന്നുണ്ട്. കണ്ടെടുത്ത ബൈക്കുകളുടെ എണ്ണം 10 ആയി. വാഹനത്തിന്‍റെ നമ്പർ മാറ്റിയും ചേസ് നമ്പർ മായ്ച്ചുമാണ് വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിന്‍റെ അടക്കം ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പങ്കെടുക്കുന്ന പാലോട് സ്വദേശി അനിത കുമാരിയുടെ ജപ്തി കുടിശിക അടയ്ക്കുമെന്ന് ഓർത്തഡോക്സ് സഭ. അനിത കുമാരിയുടെ വീട് ജപ്തി ചെയ്യാൻ കേരള ബാങ്ക് നോട്ടീസ് അയച്ച വാർത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓർത്തഡോക്സ് സഭ വിഷയത്തിൽ ഇടപെട്ടത്. രണ്ട് ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയായതോടെയാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയത്.
തൃശൂർ ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റിൽ നിന്നും കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. പാവറട്ടി സ്വദേശി മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി അജ്മൽ എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സൂപ്പർ മാർക്കറ്റിൽ സീനിയർ അക്കൗണ്ടന്‍റും ക്യാഷ് ഹെഡ് ഓഫീസറുമായി ജോലി ചെയ്തിരുന്ന ഇരുവരും പല ദിവസങ്ങളിലായി സ്ഥാപനത്തിൽ കളക്ഷനായി ലഭിച്ച തുകയിൽ കൃത്രിമം കാട്ടിയെന്നാണ് പരാതി.
നിരോധിത വല ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ട്രോളർ ബോട്ട് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്‍റ് കോസ്റ്റൽ പൊലീസ് സംയുക്ത സംഘം പിടികൂടി പിഴ ചുമത്തി. എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറം സ്വദേശി മരിയാലയം വീട്ടിൽ ശെൽവരാജ് എന്നയാളുടെ കരിഷ്മ 2 എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് കിട്ടിയ 3,23,250 രൂപ അടക്കം 5,73,250 രൂപ പിഴ ഈടാക്കി.
തൃശൂർ പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിലെ കള്ള്ഷാപ്പ് പൂട്ടി. കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂട്ടിയത്. പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും, കെട്ടിടത്തിൽ അനധികൃതമായി നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതർ കണ്ടെത്തിയിരുന്നു.
കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടികൂടിയ ലിത്വാനിയൻ പൗരൻ അലക്സേജ് ബസിക്കോവ് വര്‍ക്കലയിൽ താമസം തുടങ്ങിയത് അഞ്ച് വര്‍ഷം മുമ്പെന്ന് പൊലീസ്. സൈബർ ആക്രമണവും കംപ്യൂട്ടർ ഹാക്കിംഗ് ഉള്‍പ്പെടെ നിരവധി കേസുകൾ അമേരിക്കയിൽ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് ഡിഐജി അജിത ബീഗം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം നടുവട്ടത്ത് യുവതിയെ ഭർത്താവ് ഉപദ്രവിക്കുന്നുവെന്നും ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും പരാതി. മലപ്പുറം നടുവട്ടം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസ് ഭര്‍ത്താവ്
എടക്കുളം സ്വദേശി ഷാഹുല്‍ ഹമീദിനെതിരെ കേസെടുത്തു. മൂന്നു വര്‍ഷം മുമ്പാണ് യുവതിയും ഷാഹുല്‍ ഹമീദും തമ്മിലുള്ള വിവാഹം നടന്നത്.
വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും. എന്നാൽ മരണത്തിൽ ജുനൈദിന്റെ കുടുംബം പരാതി നൽകിയിട്ടില്ല.
നിര്‍മാണ കരാറുകളിൽ മുസ്ലിം സംവരണത്തിനുള്ള വിവാദ നിയമഭേദഗതിയുമായി കർണാടക സർക്കാർ. രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% മുസ്ലിം സംവരണം ഏര്‍പ്പെടുത്തും. നേരത്തേ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍സി, എസ്‍ടി സംവരണമുണ്ട്. സമാനമായ രീതിയിൽ മുസ്ലിം സമുദായത്തിലുള്ളവർക്കും ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി.
തിരിച്ചറിഞ്ഞ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും അമേരിക്കയിൽ നിന്ന് തിരികെയെത്തിച്ചതായി ഇന്ത്യ.
388 പേരെ തിരികെയെത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ഏജൻസികൾക്കെതിരെ യു എസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പാലസ്തീന്‍ ജനതയ്ക്കും ഹമാസിനും അനുകൂലമായ പ്രതിഷേധത്തില്‍ പങ്കാളിയായി എന്ന പേരില്‍ പേരില്‍ സ്റ്റുഡന്റ് വിസ റദ്ദായ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിനി അമേരിക്കയില്‍നിന്നും സ്വയം നാടുകടന്നു. കൊളംബിയ സര്‍വ്വകലാശാലയിലെ അര്‍ബന്‍ പ്ലാനിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനി രഞ്ജിനി ശ്രീനിവാസനാണ് പുതുതായി നിലവില്‍വന്ന’സ്വയം നാടുകടക്കല്‍’ അവസരം ഉപയോഗിച്ച് അമേരിക്ക വിട്ടതെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി.
കുവൈത്തിൽ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.ഈദുൽ ഫിത്റിന്‍റെ ആദ്യ ദിവസം മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, ഈദുൽ ഫിത്റിന്‍റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി നൽകാൻ കൗൺസിൽ സെഷനിൽ അംഗീകാരം നൽകി. തുടർന്ന് ഏപ്രിൽ 2 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.
കുവൈത്തിൽ ഒരു സ്കൂളിന് തീപിടിച്ചു. ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്കൂളിലാണ് തീപിടുത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്കൂൾ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഇറ്റലിയിൽ കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. ഇതേ തുടർന്ന് ഫ്ലോറൻസിലും പിസയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. ടസ്കനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഫ്ലോറൻസ് കത്തീഡ്രൽ അടച്ചു. ഫ്ളോറൻസിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തതോടെ നദികൾ കര കവിഞ്ഞൊഴുകുകയും തെരുവുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തതോടെ ജാഗ്രത പുലർത്താൻ ടസ്കനി പ്രസിഡന്‍റ് യൂജെനിയോ ഗിയാനി ജനങ്ങൾക്ക് നിർദേശം നൽകി.
വസന്തകാല അവധിക്കായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയ 20കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി സുദീക്ഷ കൊണങ്കിയെ കാണാതായ സംഭവത്തിൽ അന്വേഷണത്തിൽ കണ്ടെത്തിയത് നിരവധി ദുരൂഹതകൾ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ സുദീക്ഷ പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനിയായിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്ക് സ്വദേശിയായ 24കാരൻ ജോഷ്വാ റിബ്ബേയ്ക്കൊപ്പമാണ് സുദീക്ഷയെ അവസാനം കണ്ടത്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ വ്യത്യസ്ത മൊഴികളാണ് നൽകുന്നത് .
തൻ്റെ കന്നി പ്രസംഗത്തില്‍ ട്രംപിന്‍റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിര്‍ദേശം അസംബന്ധമെന്നും ട്രംപിനെ ബഹുമാനിക്കുന്നു, എന്നാല്‍ തല്‍ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാര്‍ണി പറഞ്ഞു. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത നിലപാട് തന്നെയാകും കാനഡ സ്വീകരിക്കുകയെന്ന് കാർണി തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33 ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്.
വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം ഇന്ന് വൈകിട്ട് എട്ടിന് മുംബൈയിൽ. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും ഫൈനലിനെത്തിയിരിക്കുന്നു. എന്നാൽ ഡല്‍ഹിക്കിത് മൂന്നാം ഫൈനലാണ്.രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണിത്. ഡല്‍ഹിക്കായി മിന്നു മണിയും മുംബൈക്കായി സജന സജീവനും കളിക്കുന്നുണ്ട്.