ആശ പ്രവർത്തകരുടെ വേതനം വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. സന്തോഷ് കുമാർ എം പി യുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എൻ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നൽകിയിട്ടുണ്ടെന്നും എന്നാൽ വിനിയോഗത്തിൻ്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്നും കേരളത്തിൻ്റെ വിഹിതത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന് മാർച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ ടി.സിദ്ദിഖ് എം എൽ എ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത നിവാരണ പ്രക്രിയയിലാണ് സർക്കാരെന്നും കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയതെന്നും 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും സർക്കാർ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും ദുരന്തമുണ്ടായിട്ട് എട്ട് മാസമായി, ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതർ. ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോളെന്നും അദ്ദേഹം പറഞ്ഞു.
വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണ്, എന്നാൽ മന്ത്രിസഭക്ക് പ്രത്യേക തീരുമാനം എടുക്കാമായിരുന്നുവെന്നും കേന്ദ്രം സഹായിച്ചില്ലെങ്കിൽ പകരം പദ്ധതി സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരുടെ സിബിൽ സ്കോർ താഴേക്ക് പോയതിനാൽ ഇനി ഒരു വായ്പയും കിട്ടാത്ത അവസ്ഥയാണെന്നും സംസ്ഥാന സർക്കാരിൻ്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കുറ്റപ്പെടുത്തി സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സിപിഎം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ കെപിസിസി വേദിയിൽ എത്തും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കുന്നത്. മുൻമന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കും. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്‍വഹിക്കും.
വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പദ്മകുമാര്‍. പറഞ്ഞത് തെറ്റായിപ്പോയി എന്നും അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. കേഡറിന് തെറ്റ് പറ്റിയാൽ അത് തിരുത്തുന്ന പാർട്ടിയാണ് സിപിഎം എന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നേരിട്ട് ഹാജരായി. പൊലീസ് കേസ് ഡയറിയും ഹാജരാക്കി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി കൃത്യവിലോപം പൊലീസിൽ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്നും വ്യക്തമാക്കി. പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.
മലപ്പുറം തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്മത്തുള്ള നേരത്തെ പിടിയിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകൾ തിരുത്തി നൽകാനായി ഏഴ് ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തിൽ പ്രതികരണവുമായി തന്ത്രി പ്രതിനിധി. ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു. ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടുക്കി പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്ഥാപിച്ച ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെ കേസെടുത്തു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിർമാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊല്ലത്ത് പള്ളിവളപ്പിൽ ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് പേർക്ക് കുത്തേറ്റു. വെളിച്ചം മുഖത്തേക്ക് അടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പാലപ്പുറം സ്വദേശികളായ വിഷ്ണു, സിനു രാജ്, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. 10 പേർ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം മൃഗശാലയിലെ മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗശാലയിൽ ഞായറാഴ്ച ചത്ത മ്ലാവ് വർഗത്തില്‍പ്പെടുന്ന സാമ്പാർ ഡിയറിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൃഗശാലയിൽ വെച്ച് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേര് പിടിയിലായി. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നത്. സംഭവത്തിൽ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.
പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിക്കാത്ത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്നുപേരെ പിടികൂടി.ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
മ്യാൻമർ, തായ്ലൻഡ് അതിർത്തിയിൽ ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ 283 പേരെ വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ചു. വ്യാജ ജോലി വാഗ്ദാനം നൽകി സൈബർ കുറ്റകൃത്യങ്ങളുടെ ശൃംഖലയിൽ കുടുങ്ങിയ ഏകദേശം 540 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിൽ 283 പൗരന്മാരെയാണ് തിരിച്ചെത്തിച്ചത്. വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മ്യാൻമാർ തായിലാൻഡ് അതിർത്തിയിൽ നിന്ന് തിരികെ എത്തിച്ചവരിൽ എട്ടു മലയാളികളും ഉൾപ്പെടുന്നതായി വിവരം. ഒരു വനിതയടക്കമാണ് തിരികെ എത്തിയത്. സോഷ്യൽ മീഡിയയിൽ കണ്ട ജോലി അവസരം വഴിയാണ് തായിലാൻഡിൽ എത്തിയതെന്നും ബാങ്കോക്കിൽ എത്തിച്ചതിന് ശേഷം പിന്നീട് തായിലാൻഡ് അതിർത്തിയിൽ എത്തിച്ച് മ്യാൻമാറിലേക്ക് കടത്തുകയായിരുന്നെന്നും ജോലി ഓഫർ നൽകി മനുഷ്യക്കടത്തിന് ഇരയാക്കിയെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. പന്ത്രണ്ടാം തീയ്യതി നടക്കുന്ന മൗറീഷ്യസിന്റെ അൻപത്തിയാറാം ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും തമ്മിൽ നിർണായക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം.
യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴ. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്. ദുബൈ, ഷാര്‍ജ, ഉമ്മുൽഖുവൈൻ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അല്‍ അവീര്‍, അല്‍ ഖൂസ്, പാം ജുമൈറ, ദൈറ എന്നിവിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി.
ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖുലാബാദിൽ സ്ഥിതി ചെയ്യുന്ന മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുൻ കോൺഗ്രസ് സർക്കാർ ശവകുടീരം ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യക്ക് കൈമാറി സംരക്ഷിച്ചതിനാൽ നിയമപരമായി മാത്രമേ ശവകുടീരം നീക്കം ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ സംഭലിൽ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗുൽഫാം സിംഗ് യാദവ് എന്ന ഗ്രാമമുഖ്യനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ് വിവരം. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഗുൽഫാം സിംഗ് യാദവ് മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.
ബാങ്കിംഗ് മേഖലാ തലത്തിൽ ഡിജിറ്റൽ പരിവർത്തന പ്രക്രിയകൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു. ചില ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ചുമത്താനുള്ള ബാങ്കിംഗ് നിർദ്ദേശത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത കുവൈത്ത് സെൻട്രൽ ബാങ്ക് നിഷേധിച്ചു.
ഇറക്കുമതി തീരുവയിൽ ഇന്ത്യ അമേരിക്കക്കക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഏപ്രിൽ രണ്ടിന് ഇന്ത്യക്ക് മേൽ ട്രംപ് പകരം തീരുവ ചുമത്താൻ സാധ്യതയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു.
ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ അവഗണിച്ചെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി ഐസിസി. ചെയര്മാന് മൊഹ്സിന്‍ നഖ്വി ഉള്‍പ്പടെയുളള പി സി ബി ഭാരവാഹികളെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും ഐസിസി വ്യക്തമാക്കി. പാകിസ്ഥാനില്‍ കളിക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനാലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തിയത്.