Untitled design 20250222 135156 0000

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാല് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്.

 

 

 

പിണറായി വിജയൻ അവതരിപ്പിക്കുന്ന നവകേരള രേഖ സിപിഎം പിബി പരിശോധിച്ചിട്ടില്ലെന്ന് നേതൃത്വം. സംസ്ഥാനത്ത് ഭരണത്തിൽ നടപ്പാക്കേണ്ട പുതിയ നിർദ്ദേശങ്ങളാവും രേഖയിൽ മുന്നോട്ടു വയ്ക്കുക. നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ പാർട്ടിയുടെ പങ്ക് എങ്ങനെ എന്നും സമ്മേളനം തീരുമാനിക്കും.

 

 

 

 

കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണെന്നും ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണെന്നും അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരം ചെയ്യരുതെന്നും പ്രശ്ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്നതാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

 

 

 

സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48000 യു.എസ് ഡോളർ സ്റ്റാർട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം വിമർശിച്ചു.

 

 

 

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

 

 

 

 

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കും. നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും പ്രേരണ പി പി ദിവ്യയുടെ പ്രസംഗമാണെന്നുമാണ് കണ്ടെത്തൽ. നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി. ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇനി കേസിൽ ലഭിക്കാനുള്ളത് രാസപരിശോധന ഫലമാണ്.

 

 

 

ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണ കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്നത്. ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 2023-24 വർഷത്തിൽ 636 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു.

 

 

 

കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു.

 

 

 

ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിലേക്ക് വിദ്യാർഥി സംഘടനകളുടെ മാർച്ച്. മാർച്ച് സംഘർഷമായതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളും ഇന്നും പത്താം ക്ലാസ് പരീക്ഷയെഴുതുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനകൾ പ്രതിഷേധിച്ചത്.

 

 

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം.

 

 

 

 

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി. കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. ജയചന്ദ്രന് നല്‍കിയ ഇടക്കാല സംരക്ഷണം മാര്‍ച്ച് 24 വരെ സുപ്രീം കോടതി നീട്ടി.

 

 

 

അതിരപ്പിള്ളിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന് ചികിത്സ നൽകാൻ വനംവകുപ്പ്. നിലവിൽ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. എന്നാൽ ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാർശ. നേരിയ പരിക്ക് ആണെന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നും റിപ്പോർട്ടിലുണ്ട്.

 

 

 

 

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. താനൂർ തെയ്യാലയിൽ കഴിഞ്ഞ ഓഗസ്റ്റ് 17ന് പരാതിക്ക് ആധാരമായ സംഭവം നടന്നത്. തെയ്യാല എസ്എസ്എംഎച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ആണ് മർദനമേറ്റത്. വെള്ളച്ചാൽ സിപിഎച്ച്എസ്എസ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

 

 

 

 

 

 

 

 

ഇടുക്കി കുമളിയിൽ സിപിഎം പഞ്ചായത്ത് അംഗം നശിപ്പിച്ച വൈദ്യുത കണക്ഷൻ പുനസ്ഥാപിച്ച് കെഎസ്‍ഇബി. കെഎസ്ഇബിക്കുണ്ടായ നഷ്ടം പഞ്ചായത്തംഗം തന്നെ അടച്ചതിനെ തുടർന്നാണ് നടപടി. പൊലീസിൽ നൽകിയ പരാതി കുടുംബവും പിൻവലിച്ചു. പുതിയ മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. നാളെ പത്ത് മണിക്ക് ഒത്തുതീർപ്പാക്കാമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി. കുമളി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജിജോ രാധാകൃഷ്ണനാണ് കുടുംബത്തോട് അതിക്രമം നടത്തിയത്.

 

 

 

നിലമ്പൂർ മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങി. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് രാത്രിയിൽ കടുവക്ക് മുന്നിൽ പെട്ടെങ്കിലും രക്ഷപ്പെട്ടത്.

 

 

 

തിരുവനന്തപുരം പള്ളിത്തുറയിൽ നാല് തിമിംഗല സ്രാവുകൾ വലയിൽ കുരുങ്ങി. വലയില്‍ കുരുങ്ങിയ രണ്ട് സ്രാവുകളെ കടലില്‍വെച്ച് തന്നെ വല മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കരയ്ക്കെത്തിയ രണ്ട് സ്രാവുകളില്‍ ഒരെണ്ണത്തിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഒരു സ്രാവ് കരയ്ക്കടിഞ്ഞു. പള്ളിത്തുറ സ്വദേശി സുനിലിന്‍റെ വലയിലാണ് നാല് തിമിംഗല സ്രാവുകളും അകപ്പെട്ടത്. സ്രാവുകളെ രക്ഷപ്പെടുത്താന്‍ വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

 

 

 

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഘോഷയാത്ര നടക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. അരംഗ മുഗൾ സ്വദേശി രാഹുൽ (29)നാണ് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാമപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക് സമീപത്താണ് സംഘർഷം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് തമ്മിലടിച്ചതെന്ന് പൊലീസ് പറയുന്നു.

 

 

 

ആലപ്പുഴ മുഹമ്മയിലെ ജ്വല്ലറി ഉടമയുടെ മരണത്തിൽ നിർണ്ണായകമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാധാകൃഷ്ണന്റെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകളുണ്ട്. ശരീരത്തിന്റെ പിൻഭാഗത്തും രണ്ട് ഷോൾഡറുകളിലുമായി ക്ഷതമേറ്റപാടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

 

 

 

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികൾ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനും ഭാര്യ ലിനുവുമാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. അഞ്ചലിൽ ഏദൻസ് പാർക്ക് ഗ്ലോബൽ എന്ന സ്ഥാപനത്തിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിനീഷിനെയും ലിനുവിനെയും അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് അയക്കാമെന്ന് പറഞ്ഞ് പലരിൽ നിന്നായി 50 ലക്ഷത്തിലധികം രൂപ കമ്മീഷനായി വാങ്ങിയിരുന്നു.

 

 

 

 

ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്ത മതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ജഗത് സിങ് പൂരിലാണ് സംഭവം. തിങ്കളാഴച പുലര്‍ച്ചെയാണ് 21 കാരനായ സുര്‍ജ്യകാന്ത് ക്രൂരമായി മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. 65 കാരനായ പ്രശാന്ത് സേതി, ഭാര്യ കനകലത, മകള്‍ റോസ്ലിന്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

 

 

 

 

 

സ്വർണ്ണം കടത്തുന്നതിനിടെ കർണാടകയിൽ സിനിമാ നടി കസ്റ്റംസ് പിടിയിൽ. കന്നഡ നടി രന്യ റാവുവാണ് 14.8 കിലോ സ്വർണവുമായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡിആർഒ ഉദ്യോഗസ്ഥർ രന്യയെ അറസ്റ്റ് ചെയ്തത്.

 

 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്ക് ചുമത്തിയ അധിക താരിഫുകൾക്ക് പകരമായി തിരികെ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകും. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25% താരിഫാണ് ട്രംപ് ഏർപ്പെടുത്തിയത്.

 

 

 

ഒമാനിൽ നേരിയ ഭൂചലനം. ദാഖിലിയ ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

 

 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന്ആഗ്രഹിക്കുന്നുവെന്നും ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയ്യാറാണെന്നും സെലൻസ്കിയുടെ കുറിപ്പിലുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *