Untitled design 20250128 140330 0000

പോലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് എം ഷംസുദ്ദീൻ എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തിൽ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തിൽ തീർക്കാൻ സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്പോരുണ്ടായി. നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീൻ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങൾ ആണ് കേരളത്തിൽ നടക്കുന്നതെന്നും കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണെന്നും ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. എന്നാൽ

ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 

 

 

 

സ്വകാര്യ സർവകലാശാല ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

മുൻപ് പല സമരങ്ങളും നടന്നിട്ടുണ്ടാകുമെന്നും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചതെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകൾ വേണമെന്നും സർക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. അതോടൊപ്പം സ്വകാര്യ സർവകലാശാലകളുടെ മേൽ സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

 

 

ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ മുന്നറിയിപ്പുമായി എൻ കെ പ്രേമചന്ദ്രൻ

ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും, പ്രത്യാശക്കും, പ്രതീക്ഷക്കും മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി മുന്നണി വിടുമോയെന്ന് പ്രവചിക്കാനാവില്ലെന്നും ഇന്ത്യ സഖ്യത്തിലെ അനൈക്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള തുടർ തോൽവികളുടെ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ

സഖ്യത്തിലെ കക്ഷി നേതാവാണ് എൻ.കെ പ്രേമചന്ദ്രൻ.

 

 

 

 

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.

 

 

 

 

എൻസിപിയിൽ തമ്മിലടി രൂക്ഷമായതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിയുന്നത്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാൻ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.

 

 

 

മദ്യനിർമാണ കമ്പനിക്ക് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ച് യുഡിഎഫും ബി ജെ പിയും. എട്ടിനെതിരെ 14 വോട്ടുകൾക്ക് രണ്ട് പ്രമേയവും പാസായി. UDFഉം BJP യും പ്രമേയത്തെ പിന്തുണച്ചു. എട്ട് സിപിഎം അംഗങ്ങൾ പ്രമേയത്തെ എതിർത്തു. ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നിൽക്കുന്നുവെന്നും സി പി എം ആരോപിച്ചു.

 

 

 

 

വനം ഉദ്യോഗസ്ഥർക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ്. മലയോര ജനങ്ങൾ ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞുവെന്നും ഇനി തിരിച്ചടിക്കും, വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കും, ഇന്ന് വന്നത് കൊടിയുമായിട്ടാണ് നാളെ ചൂട്ടുകറ്റയുമായി വനം ഓഫീസുകളിലേക്ക് വരുമെന്നും ഓഫീസ് ചുട്ടുകരിക്കുമെന്നും ജോയ് പറഞ്ഞു.

 

 

 

 

കരിപ്പൂർ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രദേശവാസികളായ സ്ഥലമുടമകളുടെ ആശങ്കകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്ന് നിയമസഭയിൽ അറിയിച്ചു. പി. അബ്ദുള്‍ ഹമീദ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയാണ് മറുപടി നൽകിയത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയിൽ മറുപടി പറഞ്ഞു.

 

 

 

 

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ.

 

 

 

 

സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയായ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻറ് ഇഡ്ഡലി എന്ന ശരൺ ചന്ദ്രനെ നാടുകടത്തി. ഒരു വർഷത്തെക്കാണ് ശരൺ ചന്ദ്രനെ നാടുകടത്തിയിരിക്കുന്നത്. കാപ്പാക്കേസ് പ്രതിയെ മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. കാപ്പാക്കേസ് പ്രതി അല്ലെന്നും സ്വയം തിരുത്താനുമാണ് പാർട്ടിയിൽ എത്തിയതെന്നുമായിരുന്നു സിപിഎം വിശദീകരണം.

 

 

 

 

 

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 5,04,30,585 രൂപയും 2.016 കിലോ സ്വർണവും 11 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച 1000 രൂപയുടെ നാലും അഞ്ഞൂറിന്‍റെ 52 കറൻസിയും ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു.

 

 

 

 

സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. പകൽസമയത്തെ കനത്ത ചൂട് കാരണം കേരളത്തിൽ ഇന്ന് മുതൽ പുറം ജോലികൾക്കായുള്ള സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമം അനുവദിക്കണം.

 

 

 

കാസര്‍കോട് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ലിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് തുടര്‍ച്ചയായി പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷമായിരുന്നു കൂട്ടത്തല്ല്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ് പരാതി.

 

 

 

 

കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ 6 പേര് റാഗിംഗിനിരയായി. ഒന്നാം വർഷ വിദ്യാർഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തിയെന്നും കോമ്പസ് ഉപയോഗിച്ച് ശരീരത്ത് മുറിവുകൾ ഉണ്ടാക്കിയെന്നും ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രതികൾ സ്ഥിരമായി പണം വാങ്ങുമായിരുന്നുവെന്നും മദ്യം വാങ്ങാൻ വേണ്ടിയാണ് പ്രതികൾ പണം വാങ്ങിയതെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികൾ മൊഴി നൽകി.

 

 

 

 

മലപ്പുറം ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്യ മാഫിയക്കെതിരെ പ്രതികരിക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം നാട്ടിൽ അക്രമണം നടത്തിയത്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

പത്തനംതിട്ട അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന 19കാരി ഗായത്രിയുടെ മരണത്തിൽ സൈനിക റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ രാജി. മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായെന്നും വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത് പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു.

 

 

 

തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾക്കായി അന്വേഷണം തുടരുകയാണ്.

 

 

 

മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്.

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

 

 

 

വിദേശപര്യടനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേര്‍ക്ക് ഭീകരാക്രമണമുണ്ടായേക്കുമെന്ന് വ്യാജസന്ദേശം. ചൊവ്വാഴ്ച മുംബൈ പോലീസിന്റ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.

 

 

ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു. രണ്ട് ദിവസം മുമ്പ് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോർത്ത് ഈസ്റ്റ് ബംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സജിത്ത് കുമാർ പറ‌ഞ്ഞു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

 

 

 

 

ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം ഭക്ഷിച്ചത്. കുട്ടിയുടെ കുടുംബമാണ് ഈ സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

 

 

അറേബ്യൻ സമുദ്രം വഴി വൻ തോതിൽ ലഹരിമരുന്ന് വസ്തുക്കൾ കടത്താനുള്ള ശ്രമം ബഹ്റൈൻ ആസ്ഥാനമായുള്ള സംയുക്ത ടാസ്ക് ഫോഴ്സ് തടഞ്ഞു. 2400 കിലോ ഹാഷിഷ് ആണ് കപ്പലിൽ നിന്നും പിടികൂടിയത്. എന്നാൽ, ഏത് രാജ്യത്തു നിന്നുള്ള കപ്പൽ ആണെന്നത് വ്യക്തമല്ല. ന്യൂസ് ലാൻഡ് സംയുക്ത ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെയാണ് കപ്പലിൽ നിന്നും മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

 

 

 

നടന്‍ കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസന്‍ പാര്‍ലമെന്‍റില്‍ എത്തുക. ഇതിനായുള്ള ചർച്ചകള്‍ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തിയെന്നും ശേഖര്‍ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണെന്നാണ് റിപ്പോർട്ട്.

 

 

 

 

 

യുഎഇയിലെ 10 വർഷത്തെ ബ്ലൂ റസിഡൻസി വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ബ്ലൂ വിസ നൽകുന്നത്. വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് ബ്ലൂ വിസയുടെ പ്രാരംഭ ഘട്ട പ്രഖ്യാപനം നടത്തിയത്. ഈ ഘട്ടത്തിൽ സുസ്ഥിരത ചിന്താഗതിയും നൂതനാശയവുമുള്ള 20 പേർക്കാണ് വിസ ലഭിക്കുന്നത്.

 

 

 

ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ കേന്ദ്രം നടപടി കടുപ്പിച്ചു. സർക്കാർ നിർദ്ദേശത്തെ തുടർന്ന് വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലൂടെ വിവാദ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. വിഡീയോ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമല്ല എന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസയച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *