Untitled design 20250128 140330 0000

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ച സംഭവത്തിൽ ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നുവെന്നും സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

കുംഭമേള ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. വിഐപികള്‍ക്ക് പിന്നാലെ പോയ യോഗി സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സാധാരണക്കാരായ തീര്‍ത്ഥാടകരുടെ ജീവന്‍ ബലി കഴിച്ചെന്ന് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി.

 

 

 

 

ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഇന്ന് രാവിലെ കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി റോക്കറ്റ്, രണ്ടാം തലമുറ എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള 100-ാം വിക്ഷേപണം എന്ന പ്രത്യേകതയും ജിഎസ്എല്‍വി-എഫ്‌15/എന്‍വിഎസ്-02 ദൗത്യത്തിനുണ്ടായിരുന്നു.

 

 

 

 

എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്. വിശദീകരണത്തിനായി ഉച്ചക്ക് 2.45ന് എക്സൈസ് മന്ത്രി വാർ‌ത്താസമ്മേളനം വിളിച്ചു. ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് അനുമതി നൽകാനുള്ള നോട്ട് വരുന്നത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടിൽ മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നു. കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്.

 

 

 

പാലക്കാട് മദ്യനിർമാണശാലക്കെതിരെയുള്ള നിലപാട് വ്യക്തമാക്കി സിപിഐ. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. പാർട്ടി ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി ഇല്ലാതാകും. സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് ലേഖനത്തിലെ ആവശ്യം.

 

 

 

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാൻ ആണെന്നും പാലക്കാട് എസ്പി അജിത്കുമാർ. പ്രതിയെ പുറത്തു വിടാതിരിക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിക്കുമെന്നും വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. പൊലീസിൻ്റെ പരിശോധന ഇയാൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു ഭക്ഷണം കിട്ടാത്തതാണ് പ്രതി താഴെ വരാൻ കാരണമെന്നും എസ്പി പറഞ്ഞു.

 

 

 

നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോൾ ആവശ്യപ്പെട്ടത് ഭക്ഷണം. സുധാകരനുമായി തലേദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ചെന്താമര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയിൽ വ്യക്തമായി. ഇപ്പോൾ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.

 

 

 

വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. തുറമുഖം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ നിർണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

 

 

 

കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സവത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ് യു വിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനിൽ മേധാവിത്വം നഷ്ട്ടപ്പെട്ട ശേഷം നിരന്തരം എസ്എഫ്ഐ അക്രമം അഴിച്ചു വിടുകയാണെന്നും കലകളെ എസ്എഫ്ഐ രക്തക്കലകളാക്കുന്നുവെന്നും എംഎസ്എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി .

 

 

 

 

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു.

 

 

 

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. സമാന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നടത്തുന്നത് വസ്തുതാ പരിശോധനമാത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കമ്മീഷന് ജുഡീഷ്യൽ അധികാരമോ, അർധ ജുഡീഷ്യൽ അധികാരമോ ഇല്ല. മുനമ്പത്തെ താമസക്കാരുടെ താൽപര്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന ശുപാർശകളാകും കമ്മീഷൻ നൽകുക. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാ‍ർ സത്യവാങ്മൂലം നൽകിയത്.

 

 

 

 

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കും എതിരെയാണ് പോസ്റ്ററുകൾ. ‘കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്.

 

 

എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. പി.സി ചാക്കോക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി രംഗത്തെത്തി. പി.എസ്. സി അംഗത്തിന്റെ നിയമനത്തിന് പി.സി. ചാക്കോ കൈക്കൂലി വാങ്ങിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു.

 

 

 

സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന് മുമ്പ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയിൽ മൂന്ന് ക്യാമറകൾ സ്ഥാപിക്കണം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

 

 

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്ന് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

 

 

രാജ്യത്തെ ഏറ്റവും കൂടുതൽ സിപിഎം അംഗങ്ങളും, വർഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകമായി കണ്ണൂർ. നിലവിൽ 65,550 സിപിഎം മെമ്പർമാരാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. 4421 ബ്രാഞ്ചുകൾ, 249 ലോക്കൽ കമ്മിറ്റികൾ, 18 ഏരിയ കമ്മിറ്റികൾ എന്നിവ ചേർന്നുള്ള കണക്കാണിത്. പാർട്ടിയിലെ വനിതകളുടെ എണ്ണത്തിലും കണ്ണൂർ ജില്ല തന്നെയാണ് മുന്നിൽ.

 

 

 

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഇനി മുതൽ തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയില്‍ നടക്കും. പ്രതിഭാഗ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ ആരോഗ്യപ്രശ്നം ഉണ്ടെന്ന് കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സെഷൻസ് കോടതി ഉത്തരവിട്ടത്.

 

 

 

 

 

 

 

മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. സൗരവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

 

 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കി. നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് വിമാനം പുറപ്പെടുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് വിമാനം ചൊവ്വാഴ്ച രാത്രി 8.30ന് മാത്രമെ പുറപ്പെടൂ എന്ന് യാത്രക്കാരെ അറിയിച്ചത്. ഇതോടെ പ്രകോപിതരായ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം ഉണ്ടാക്കി. തകരാര്‍ പരിഹരിച്ച് ഇന്നലെ രാത്രി വൈകിയാണ് വിമാനം ദുബൈയിലേക്ക് പറന്നത്.

 

 

 

 

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വാർത്ത സ്ഥിരീകരിച്ചു. ടിക്‌ടോക് ഏറ്റെടുക്കൽ നടപടികളിൽ നിന്ന് ചൈനയെ ഒഴിവാക്കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റോ ടിക്ടോക്കോ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. പോലീസിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടാം എന്നാല്‍ ഉടനടി അറസ്റ്റ് രേഖപ്പെടുത്തേണ്ട ആവശ്യമില്ല. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 41A അല്ലെങ്കിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 35 പ്രകാരം നിയമ നിർവ്വഹണ ഏജൻസികൾക്ക് പ്രതികൾക്ക് നോട്ടീസ് നൽകാവുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 

 

 

 

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രായപൂർത്തിയാകാത്തവർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിയന്ത്രണമേർപ്പെടുത്തിയുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്. ആണും പെണ്ണും എന്ന ജെൻഡർ മാത്രമെ ഇനി യുഎസിൽ ഉണ്ടാകൂവെന്നും സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

 

 

 

 

കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോക റെക്കോർഡ് സൃഷ്ടിച്ചു. ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറാണ് വീണ്ടും ലോക റെക്കോർഡ് തകർത്തത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.

 

 

 

 

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ കൊലപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സൻ്റെ പുതിയ വെളിപ്പെടുത്തൽ. ദ ടക്കര്‍ കാള്‍സണ്‍ ഷോ എന്ന കാള്‍സന്‍റെ പോഡ്കാസ്റ്റിലാണ് വിവാദ പരാമര്‍ശം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെയാണ് ഇത്തരത്തില്‍ ഒരു വധ ശ്രമം ഉണ്ടായതെന്ന് പറയുന്ന കാൾസൺ തന്‍റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വിശദീകരിച്ചിട്ടില്ല.

 

 

 

ബഹിരാകാശത്ത് കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ ഇലോൺ മസ്കിനോട് സഹായം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുനിത വില്ല്യംസിനെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ നാസ സ്പെയ്സ്എക്സിനോട് ബന്ധപ്പെട്ടെങ്കിലും ബൈഡൻ സർക്കാർ ഇത് നീട്ടികൊണ്ട് പോവുകയായിരുന്നുവെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *