പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയറും രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷയും വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു.
ഷാരോൺ കേസിൽ വിധി പറയവേ നിരവധി പരാമർശങ്ങൾ നടത്തി കോടതി. അതിൽ ഒന്ന്, ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നതായിരുന്നു. മറ്റൊന്ന് സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത് എമായിരുന്നു. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും കോടതിയുടെ പരാമർശത്തിൽ പറയുന്നു.
പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 വയസുകാരിയായ ഗ്രീഷ്‌മ. കേരളത്തില്‍ ഇപ്പോള്‍ വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ മാത്രം സ്ത്രീയുമായി ഗ്രീഷ്‌മ മാറി.
ഷാരോൺ വധക്കേസിൽ ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു പ്രതി ഗ്രീഷ്മയുടെ ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. ഒക്ടോബർ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു എന്നാല്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനു ശേഷവും പ്രതി ഷാരോണുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ കെജെ ജോൺസൺ. അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു ഇതെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും കെജെ ജോൺസൺ പറഞ്ഞു. അന്വേഷണ ടീമിന്റെ വിജയമാണിതെന്നും ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ഗ്രീഷ്മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല അതോടൊപ്പം ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
എലപ്പുളളിയിലെ മദ്യനിർമ്മാണ കമ്പനിക്കുളള അനുമതി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഭരണ സമിതി തീരുമാനത്തെ ബി ജെപി അംഗങ്ങൾ പിന്തുണച്ചു. എന്നാൽ യോജിക്കാനും വിയോജിക്കാനുമില്ലെന്ന് സിപിഎം അംഗങ്ങൾ വ്യക്തമാക്കി. ചർച്ചയ്ക്കിടെ സി പി എം ബി ജെ പി അംഗങ്ങൾ തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി.
എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നൽകിയെന്ന വാദം തള്ളി ബി ജെ പി. ഒയാസിസിനെ കേന്ദ്രം ഷോർട്ട്ലിസ്റ്റ് ചെയ്തത് എഥനോൾ ഉൽപാദിപ്പിക്കാൻ മാത്രമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാനം ഇതിന്‍റെ മറവിൽ വിദേശ മദ്യം ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളം പ്രധാന അസംസ്കൃത വസ്തുവായ കമ്പനിക്ക് സംസ്ഥാനം എവിടുന്ന് വെള്ളം കൊടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്കായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളമെത്തിക്കാനുള്ള സർക്കാരിൻ്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് റിപ്പോർട്ട്. മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങൾ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങൾക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കർഷകർ.
വയനാട് പാക്കേജിന് കൂടുതൽ സഹായം കിട്ടുക എന്ന ലക്ഷ്യത്തോടെ മുംബൈ മാരത്തണിൽ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടെയാണ് കെ.എം. എബ്രഹാം. 43 കിലോമീറ്റർ ദൂരം നാല് മണിക്കൂറിൽ അദ്ദേഹം പൂർത്തിയാക്കി. റൺ ഫോർ വയനാട് എന്ന ബാനർ പ്രദർശിപ്പിച്ചാണ് അദ്ദേഹം ഓടിയത്. ഈ നല്ല കാര്യത്തിന് വേണ്ടി ഓടിത്തീർക്കാൻ കഴിഞ്ഞു എന്നുള്ളത് വലിയ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നും പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ നിബന്ധനകൾ ഉണ്ടെന്നും പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു എന്നാൽ ഈ
വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞുവെന്നും മലപ്പുറം കുഴിമണ്ണയിൽ നടത്തിയ പ്രസംഗത്തിൽ അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി.
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അവിടെ നിന്ന് ഒരു ടീം വർക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയതെന്നും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസ് ആണ് കത്തിനശിച്ചത്. കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിൻ്റെ മുന്നിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട ഉടൻ തന്നെ ഡ്രൈവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂർണ്ണമായും കത്തിനശിച്ചു.
നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.
എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂർവവിദ്യാർഥി സംഗമത്തില്‍ പ്രസംഗിക്കവേ മുൻ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ (90)ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാലാ കാമ്പസ് ഗവ.ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച് (1975) വിദ്യാർഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയായിരുന്നു സംഭവം.
കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ വിധി പറയാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെയാണ് പ്രതികരണം.
ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് ജനുവരി 30 ന് തൊഴില്‍ മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ജനുവരി 30 വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.
വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്ന് പ്രതി പ്രതി ഷെഫീറുൾ ഇസ്ലാം. വീടിന്റെ പരിസരത്ത് പലതവണ എത്തി പ്രതി കവർച്ചയ്ക്ക് സാധ്യത തേടിയെന്നും മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പ്രതി മോഷണത്തിന് പദ്ധതിയിട്ടുവെന്നും പൊലീസ് വ്യക്തമാക്കുന്നു. നിരവധി സെലിബ്രിറ്റികളുടെ വീടുകൾ പ്രതി അന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. ഇതിൽ സേഫ് അലിഖാന്റെ വീടാണ് എളുപ്പത്തിൽ കവർച്ച നടത്താൻ സാധിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് അവിടെ കയറിയതെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കും. അതോടൊപ്പം അധികാരമേറ്റാലുടൻ യുഎസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ആളുകളെ കുടിയൊഴിപ്പിക്കാൻ പോവുകയാണ് ട്രംപ്.
പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ യുഎസിൽ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങൾ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിൽ യുഎസിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി ടിക് ടോക്. യുഎസിലെ ജനങ്ങളുടെ വിവരങ്ങൾ ചോരുന്നുവെന്ന സംശയത്തെ തുടർന്നാണ് ജോ ബൈഡൻ സർക്കാർ രാജ്യ സുരക്ഷ മുൻനിർത്തി ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിർത്തലാക്കാൻ തീരുമാനിച്ചത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ബന്ദികളാക്കിയവരില്‍ ചിലരെ ഹമാസ് മോചിപിച്ചു. 90 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് മൂന്ന് സ്ത്രീകളെ ഹമാസ് മോചിപ്പിച്ചത്. റോമി ഗോനന്‍, ഡോറോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍, എമിലി ഡമാരി എന്നീ മൂന്ന് സ്ത്രീകളാണ് 471 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വീടണയുന്നത്.
ബിസിസിഐ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് താരങ്ങളുടെ സ്വകാര്യ യാത്രയ്ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) നിയന്ത്രണം ഏര്‍പ്പെടുത്തി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബുധനാഴ്ച്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ഐക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഖോ ഖോ ലോകകപ്പില്‍ ഇന്ത്യയുടെ പുരുഷ – വനിതാ വിഭാഗങ്ങള്‍ ലോക കിരീടമുയര്‍ത്തി. ഇരു വിഭാഗങ്ങളിലും നേപ്പാളിനെയാണ് ഇന്ത്യ തോല്‍പ്പിക്കുന്നത്. നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം കിരീടം നേടുന്നത്. വനിതകള്‍ നേപ്പാളിനെതിരെ 78-40 എന്ന സ്‌കോറിന് വിജയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു പുരുഷ ടീമിന്റെ ജയം.