Untitled design 20241217 141339 0000

വയനാട് പുനരധിവാസത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റെടുത്ത ഭൂമിയിൽ നിയമ പ്രശ്നങ്ങളുണ്ടെന്നും 5 സെന്‍റ് ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കിയാൽ ആടിനെ കെട്ടാൻ സ്ഥലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീടിന് 30 ലക്ഷം ചെലവ് എന്നത് പദ്ധതി അനിശ്ചിതത്തിലാക്കിയെന്നും 6 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് ഒരു ചികിത്സ പദ്ധതി പ്രഖ്യാപിക്കാൻ സർക്കാരിന് ആയില്ല, പ്രധാനമന്ത്രി ചുരം ഇറങ്ങിയപ്പോൾ മന്ത്രിസഭ ഉപ സമിതിയും വയനാട് വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും അൻവർ നന്ദി അറിയിച്ചു.

 

 

 

യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണമെന്നും മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്നും പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

 

 

 

 

സിപിഎമ്മിലെ ഉന്നത നേതാക്കൾ പറഞ്ഞിട്ടാണ് പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ലെന്നും അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ വിശദീകരിച്ചു. സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയിൽ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിച്ചെന്ന് അൻവർ ആരോപിക്കുന്നു. ഈ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം പരസ്യമായി പ്രതികരിച്ചതെന്നും അൻവർ വ്യക്തമാക്കി.

 

 

 

പി.വി. അൻവർ എവിടേക്കാണ് പോകുക എന്ന് പറയാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വാചകക്കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യംചെയ്യാൻ കഴിയില്ലെന്നും ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാഗങ്ങൾ മാത്രമേ ഉള്ളൂ, അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ലെന്നും അതുകൊണ്ട് അൻവറിന്റെ സ്ഥാനം യുഡിഎഫിലായിരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

 

 

 

അന്‍വറിന്റെ തീരുമാനം അറിഞ്ഞിരുന്നില്ലെന്നും സര്‍പ്രൈസ് ആയെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഉപതിരഞ്ഞെടുപ്പ് ആസന്നമായെന്നും ഇനി തീരുമാനം യു.ഡി.എഫ് കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

 

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്‍റെ രാജി വളരെ ഗൗരവതരമാണെന്നും പിണറായി വിജയനെ പിതൃസ്ഥാനിയനായി കണ്ടയാളാണ് രാജിവെക്കുന്നതെന്നും സിപിഎം രാഷ്ട്രീയ ജീർണതയാണ് പ്രകടമാകുന്നതെന്നും നിലമ്പൂർ വിജയം കൂടി പൂര്‍ത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

തൃണമൂൽ കോൺഗ്രസിന്റെ സ്റ്റേറ്റ് കോഡിനേറ്ററായി പി വി അൻവറിനെ നിയമിച്ച മമത ബാനർജി കേരളത്തെക്കാൾ ലക്ഷ്യമിടുന്നത് ബംഗാളിലെ വോട്ടു ബാങ്ക് ഉറപ്പിച്ചു നിറുത്താനെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ പോലും ന്യൂനപക്ഷ നേതാക്കൾ തൃണമൂലിലേക്ക് എത്തുന്നുവെന്ന് ബംഗാളിലെ യോഗങ്ങളിൽ മമത ചൂണ്ടിക്കാട്ടിയേക്കും.

 

 

 

 

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുൽത്താൻ ബത്തേരിയിൽ സിപിഎം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജിവയ്‌ക്കുക, പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.16, 17 തീയതികളിൽ ഡിവൈഎഫ്ഐ രാപ്പകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. എംവി ഗോവിന്ദൻ എൻ എം വിജയൻറെ കുടുംബത്തെ സന്ദർശിക്കും.

 

 

 

 

പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിനെ തുടർന്ന് അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. മിന്നൽ പരിശോധനയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്കുവാഹനങ്ങൾ, കരിങ്കൽ ഉത്പ്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റി വരുന്ന വാഹനങ്ങൾ, ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എന്നിവരിൽ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.

 

 

 

 

പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. വൈകിട്ടോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്‍കി. പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

 

 

 

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി സ്ഥലത്ത് നാടകീയ രംഗങ്ങള്‍. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സബ് കളക്ടര്‍ ആല്‍ഫ്രഡിന്‍റെ സാന്നിധ്യത്തിലാണ് തുറന്ന് പരിശോധിക്കുന്നത്. ഫൊറന്‍സിക് സംഘവും സ്ഥലത്തുണ്ട്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

 

 

 

 

മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ലെന്നും തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്നും കളക്ടർ അറിയിച്ചു.

 

 

 

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കാല്‍ വിരലുകളുടെ പഴുപ്പുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അത്തോളി സ്വദേശി രാജന്‍ ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

 

 

 

തൃശ്ശൂർ വിയ്യൂരിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂർ ഡി.കെ ജ്വല്ലറിയിൽ നിന്നാണ് 8 കിലോയോളം വെള്ളി ആഭരണങ്ങൾ മോഷണം പോയത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോട് കൂടിയാണ് സംഭവം. ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.

 

 

 

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കടുവയിറങ്ങിയ സാഹചര്യത്തിൽ അമരക്കുനി മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

 

 

തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

 

 

 

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40)

എന്നിവർക്കാണ് പരിക്കേറ്റത്.

 

 

 

 

തൃശൂര്‍ കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ തീപിടുത്തം. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ സ്ഥാപനത്തിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു.

 

 

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

 

 

 

 

കൊല്ലം ചിതറയിൽ സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരിയാട് സ്വദേശിയായ 22കാരൻ അൻസറാണ് മരിച്ചത്. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനായിരുന്നു അൻസാർ. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്.

 

 

 

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 16 പേർ സഞ്ചരിച്ചിരുന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.

 

 

 

15 വർഷത്തിലധികം പഴക്കമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാൽ ഇനി പുതുക്കില്ലെന്ന് രാജസ്ഥാൻ ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ (MoRTH) നിയമങ്ങൾ അടുത്തിടെ അപ്‌ഡേറ്റ് ചെയ്‌തതിനെ തുടർന്നാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട് .

 

 

 

 

റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മോസ്കോയിൽ എത്തിയതായി റിപ്പോർട്ട്. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.

 

 

 

 

 

കാനഡയെ അമേരിക്കയിൽ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കർശന താക്കീതുമായി മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്. ഡൊണാൾഡ് ട്രംപിന് ഒരു സന്ദേശം കൈമാറാനുണ്ടെന്നും ഞങ്ങളുടെ രാജ്യമായ കാനഡ വിൽപ്പനയ്‌ക്ക് വച്ചിട്ടില്ല, അവർ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തിനായി ഏതറ്റം വരെയും പോരാടാൻ തയ്യാറാണെന്നുമാണ് ജഗ്മീത് സിങ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത്.

 

 

 

 

സിറിയയെ പിന്തുണയ്ക്കാൻ അറബ് രാജ്യങ്ങളുടെ തീരുമാനം. സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന അറബ് രാജ്യങ്ങളിലെ മന്ത്രിതല യോഗം സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഉപരോധം നീക്കാൻ സമ്മർദ്ദം ശക്തമാക്കാനാണ് യോഗത്തിലെ തീരുമാനം. സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാൻ കരുതൽ വേണമെന്നും യോഗം വിലയിരുത്തി.

 

 

 

 

പ്രഥമ ഖൊ ഖൊ ലോകകപ്പിന് ഇന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 24 രാജ്യങ്ങളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യൻ പുരുഷ ടീം നേപ്പാളിനെ നേരിടും. നാളെ ദക്ഷിണ കൊറിയക്കെതിരെയാണ് വനിതാ ടീമിന്‍റെ ആദ്യ മത്സരം. ഈ മാസം 19നാണ് ഫൈനല്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *