Untitled design 20241217 141339 0000

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന ഉത്തരവുമായി സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സാ നിഷേധം അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനോടാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. മാർച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

 

 

 

 

ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ലോകം ഇന്ന് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികൾ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്നും ലോകത്ത് പലയിടത്തും തലയുയർത്തി നടക്കാൻ സാധ്യമാക്കിയതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ആം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വേഗം മുന്നോട് സഞ്ചരിക്കുകയാണെന്നും 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്താരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

വന്യജീവീ ആക്രമണങ്ങളിൽ പലതും ഉൾവനത്തിലാണ് നടക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ബോധവൽക്കരണം വേണമെന്നും മന്ത്രി പറഞ്ഞു. വന നിയമത്തിൽ പരിഷ്കാരം വേണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും വനനിയമ ഭേദഗതി നടപ്പിലായില്ലെങ്കിൽ നിലവിലെ നിയമം തുടരുമെന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിയമസഭയിൽ മാത്രമേ ഇനി ചർച്ച നടക്കൂവെന്നും മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തനിക്ക് തൃപ്തിയുണ്ട് എന്നാൽ ഭേദഗതി മുഖ്യമന്ത്രി വേണ്ടെന്ന് പറഞ്ഞാൽ അത് വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

നിയമസഭാ തെരഞ്ഞെടുപ്പല്ല തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇനിയുള്ള ലക്ഷ്യമെന്ന് കോൺഗ്രസ് നേതാക്കളെ ഓർമ്മിപ്പിച്ച് മുതിർന്ന നേതാവ് എ കെ ആൻറണി. മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള അനാവശ്യ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണവിരുദ്ധവികാരം കൊണ്ട് മാത്രം അധികാരത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന അഭിപ്രായം പാർട്ടിയിലും മുന്നണിയിലും ഉയരുമ്പോഴാണ് എന്താകണം അടുത്ത പ്രധാന ലക്ഷ്യമെന്നുള്ള ആൻറണിയുടെ ഓർമ്മപ്പെടുത്തൽ.

 

 

 

കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അറിവോടെയാണ് ഇത് നടന്നതെന്നും കരുതൽ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സെബിയുടെ ഗ്യാരൻ്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ മരവിപ്പിക്കപ്പെട്ട സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കെ.വി.കുഞ്ഞിരാന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്ക് സിപിഎം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വന്‍സ്വീകരണമാണ് ലഭിച്ചത് ‘

 

 

 

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അതാണ്‌ നടക്കുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

എൻ എം വിജയൻറെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. കെഎൽ പൗലോസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾക്കൊപ്പം നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.

 

 

 

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി കെഎസ്ആർടിസി. മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്.

 

 

 

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സുബീഷ് എസ്, ഗാന്ധിനഗർ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 24 മണിക്കൂറും സജ്ജമായിരിക്കേണ്ട ഫയര്‍ഫോഴ്സ് ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സ്പെൻഷൻ ഉത്തരവിൽ പറയുന്നു.

 

 

 

 

 

വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റിൽ. പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിനായിരുന്നു സംഭവം.

 

 

 

ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടർന്ന് സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് ജില്ലാ കളക്ടർ അവധി നല്‍കി. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചിരുന്നു.

 

 

 

എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്.

 

 

 

കലൂർ സ്റ്റേഡിയത്തിൽ നടത്തിയ നൃത്ത പരിപാടിയ്ക്കിടെ ജിസിഡിഎക്ക് മനഃപ്പൂർവ്വമായ വീഴ്ചയുണ്ടായിട്ടില്ലെന്നും കരാർ മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും ജിസിഡിഎ പൊലീസിനോട് വ്യക്തമാക്കി. സംഭവത്തിൽ പ്രാഥമിക നടപടി എടുത്ത് ഒരാളെ സസ്പെൻഡ് ചെയ്തുവെന്നും സെക്രട്ടറിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും, വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചെന്നും ജിസിഡിഎ വ്യക്തമാക്കി.

 

 

 

 

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെയെന്നും അദ്ദേഹം പറഞ്ഞു.

 

 

നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കുമെന്നും ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി പറഞ്ഞു. നടിയുടെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. എന്നാൽ മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബോബി. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.

 

 

 

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ച് നടി ഹണി റോസ്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രംഗത്ത് എത്തിയ രാഹുല്‍ ഈശ്വറിനെ വിമര്‍ശിക്കുകയാണ് ഹണി റോസ് പുതിയ പോസ്റ്റില്‍. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും എന്നാണ് ഹണി റോസ് പറയുന്നത്.

 

 

 

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി.

 

 

 

 

മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

ആലുവയിൽ വയോധിക ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയില്‍. ശാന്തമണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിനു സമീപമുള്ള ഫ്ലാറ്റിൻ്റെ ഏഴാംനിലയിൽ നിന്ന് ഇവർ ചാടിയതാണെന്നാണ് സൂചന.

 

 

 

ഇന്ത്യ സഖ്യം പാർട്ടികളെ ഒപ്പം നിർത്താൻ അരവിന്ദ് കെജ്രിവാൾ. മമത ബാനർജിയെയും, അഖിലേഷ് യാദവിനെയും പ്രചാരണത്തിനെത്തിക്കാന്‍ കെജ്രിവാൾ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. എന്നാൽ കെജ്രിവാൾ തോൽവി ഭയന്ന് കള്ള അവകാശവാദം ഉന്നയിക്കുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു.

 

 

 

 

 

കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ കര്‍ശനമായി തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പൊലീസ്. പരിശോധനയിൽ നിയമം ലംഘിച്ച 19 പേരെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് റഫർ ചെയ്യുകയും മറ്റ് 35 പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

 

 

 

ദില്ലി സർവ്വകലാശാലയിലെ രാംജാസ് കോളേജിലൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ജോയിന്റ് ഡീനിന്റെ ലൈംഗിക അതിക്രമമെന്ന പരാതിയെ തുടർന്ന് ക്യാംപസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. എബിവിപി, എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് ജോയിന്റ് ഡീൻ പദവി പ്രൊഫസർ രാജി വെച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് വടികളും ഇരുമ്പ് കമ്പികളുമായി വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് അക്രമം തുടങ്ങിയതിന് പിന്നാലെയാണ് പ്രൊഫസർ രാജിവച്ചത്.

 

 

 

വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ അന്വേഷണത്തിന് സാധ്യത. ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടി. മാപ്പു പറയാൻ ജഡ്ജി തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

 

 

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ആറ് പേരുടെ മരണത്തിനിടയായ അപകടത്തിന്റെ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പൊലീസും. ക്യൂവിന് മുന്നിലെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ പുറത്തേക്ക് കൊണ്ട് പോകാൻ ക്യൂവിന്‍റെ ഒരു ഭാഗം പൊലീസ് കുറച്ച് തുറന്നു. ഈ സമയത്ത് ഇവിടേക്ക് ആളുകൾ ഇടിച്ച് കയറിയതിനെ തുടർന്നായിരുന്നു അപകടമെന്നാണ് സ്ഥിരീകരണം.

 

 

 

 

താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തിയതിനെ തുടർന്ന് താലിബാൻറെ സ്ത്രീവിരുദ്ധത അടക്കമുള്ള നയങ്ങൾ ഇന്ത്യ അംഗീകരിച്ചതായി ഇതിന് അർത്ഥമില്ലെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാൻ ഭരണകൂടം ഒരു സഹായവും നൽകരുത് എന്ന് വിദേശകാര്യ സെക്രട്ടറി ഇന്നലത്തെ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ പരസ്യ ചർച്ചയ്ക്ക് തയ്യാറാകുന്നത്.

 

 

 

ജനസംഖ്യാ ഇടിവ് വൻ ഭീഷണിയാവുമെന്ന കണക്കുകൂട്ടലിൽ ജനന നിരക്ക് വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ദ മോസ്കോ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇതിന്റെ ഭാഗമായി റഷ്യയിലെ കരേലിയ മേഖലയിലുള്ള താമസക്കാരിൽ, ആരോഗ്യമുള്ള കുട്ടികളെ പ്രസവിക്കുന്ന 25 വയസിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (81,000 ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കും. പ്രദേശത്തെ സർവകലാശാലയിലെയോ കോളേജുകളിലെയോ വിദ്യാർത്ഥിനികൾക്കാണ് ഈ സമ്മാനം ലഭിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.

 

 

 

അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടരുന്ന കാട്ടുതീ വലിയ ആശങ്കയാവുന്നു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെപിഎല്‍) കാട്ടുതീ ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ജെപിഎല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു.

 

 

 

 

ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കം. 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും. പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 18 ടീമുകളുമാണ് കളിക്കുന്നത്. ഖോ ഖോ ലോകകപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. തുടര്‍ന്ന് ആതിഥേയരായ ഇന്ത്യ, നേപ്പാളിനെ നേരിടും.

 

 

 

വിജയ് ഹസാരെ ട്രോഫിയില്‍ മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി. ഹരിയാനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് ഷമി നിര്‍ണായക പ്രകടനം പുറത്തെടുത്തത്. ഷമിയെ കൂടാതെ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാനയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കാനാണ് സാധിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *