Untitled design 20241217 141339 0000

രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു.

 

 

 

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്.

 

 

 

 

പി വി അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യുമെന്നും കണ്‍വീനര്‍ എംഎം ഹസ്സൻ. ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതിൽ യു ഡി എഫിന് പ്രതിഷേധമുണ്ട് അത് പ്രകടിപ്പിച്ചിട്ടുണ്ടെന്നും മത നേതാക്കൾ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

തനിക്കെതിരെ പിവി അൻവറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്‍റെ കാവ്യ നീതിയാണ് ഇപ്പോൾ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് തീരുമാനം എടുക്കണമെന്നും ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

 

 

പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് പി വി അൻവർ. മലയോര മേഖലയുടെ പ്രശ്നങ്ങളിൽ പിന്തുണ അറിയിച്ചുവെന്നും അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യമെന്നും വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളെയും കാണുമെന്നും ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും അൻവർ പറഞ്ഞു.

 

 

 

സംസ്ഥാന കായികമേളയിൽ നിന്നും രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിച്ചേക്കും. മാർ ബേസിലിന്‍റെയും നാവാമുകുന്ദ സ്കൂളിന്‍റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പ്രതികരിച്ചു. കുട്ടികളുടെ അവസരം നിഷേധിക്കുന്ന നടപടിയുണ്ടാകില്ല. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ സ്കൂളുകളുടെ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത്‌ ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.

 

 

 

മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’ ദിനപത്രം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. മകനെതിരായ കഞ്ചാവ് കേസില്‍ യു. പ്രതിഭ എം.എല്‍.എയെ പിന്തുണച്ച് മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ‘വിഷപ്പുകയും വിവരക്കേടും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 

 

 

ആലപ്പുഴയിൽ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. സി പി എം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. നേതാവുമായ സക്കീര്‍ ഹുസൈനാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

 

 

 

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബന്ധുക്കള്‍. മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്നും വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നു. കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണെന്നും എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിക്കുന്നു.

 

 

 

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആര്‍എസ്എസ് – ബിജെപി പ്രവർത്തകർക്കും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.

 

 

 

 

കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരേ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍. ഏകീകരണം പഠിക്കാന്‍ നിയോഗിച്ച സമിതി കെ.എസ്.ഇ.ബി.യിലെ എച്ച്.ആര്‍. വിഭാഗവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച റദ്ദാക്കിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രക്ഷോഭത്തിലേക്കു കടക്കുമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

 

 

 

 

 

സംസ്ഥാനത്ത് മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ എന്നും എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഈമാസംതന്നെ മറ്റിടങ്ങളിലും നടപ്പാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു.

 

 

 

 

 

 

ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാറിനെ തൃശ്ശൂരിൽ നിന്ന് പിടികൂടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.

 

 

 

 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം കട്ടക്കയം പ്രേമകഥ എന്ന തന്‍‌റെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്. തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിച്ചു.

 

 

 

കായികസമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്‌പോര്‍ട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടര്‍ഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി പ്രവര്‍ത്തനമാനദണ്ഡം രൂപവത്കരിക്കാന്‍ സ്‌പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

 

 

 

 

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകി. വിചാരണ ദിവസങ്ങളിൽ തലശ്ശേരി കോടതിയിൽ എത്താനാണ് അനുമതി. കോടതിയിൽ എത്താൻ പരോൾ വ്യവസ്ഥയിൽ ഇളവ് തേടി സുനി അപേക്ഷ നൽകിയിരുന്നു. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.

 

 

 

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് അമ്മു സജീവിൻ്റെ കുടുംബം ആരോപിച്ചിരുന്നു.

 

 

 

 

ടിബറ്റിലും നേപ്പാളിലും 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു… ഇന്ത്യൻ സമയം 6.35നാണ് കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

 

 

 

ദില്ലിയിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയോടൊപ്പം എത്തിയ ശീത തരംഗം ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നെടുക്കുന്ന ട്രെയിനുകൾ വൈകിയോടാൻ കാരണമായി. ഇന്നലത്തെ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഫ്ലൈറ്റുകളും വൈകിയോടി. ഇന്നലെ ദില്ലി വിമാനത്താവളത്തിൽ 400 വിമാനങ്ങൾ വൈകിയോടിയെന്നാണ് റിപ്പോർട്ട്.

 

 

 

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കി. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ (ഗവര്‍ണര്‍) നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സര്‍വകലാശാലാ വി.സി. നിയമനങ്ങളെച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യു.ജി.സി. ഇറക്കിയത്.

 

 

 

ഗുജറാത്തിലെ സൂറത്തിലെ പൊതുയോഗത്തിൽ വച്ച് ബെൽറ്റൂരി സ്വയം അടിച്ച് എഎപി നേതാവ് ഗോപാൽ ഇറ്റാലിയ. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി.

 

 

 

 

യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് നൽകിയതിന് പിന്നാലെ തനിക്കും സഹോദരിക്കും ജീവിക്കാൻ വയ്യാത്ത സ്ഥിതിയെന്ന് അതിജീവിതയുടെ സഹോദരൻ. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഹോദരന്‍റെ പ്രതികരണം.കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ഇപ്പോൾ ജാമ്യത്തിലാണ്.

 

 

 

 

പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് നടൻ അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശ്രീ തേജ്. ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം.

 

 

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019-21, 2021-23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ കളിച്ച ഇന്ത്യക്ക് 109 റേറ്റിംഗ് പോയിന്റാണുള്ളത്. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 112 പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *