Untitled design 20241217 141339 0000

തിരുവനന്തപുരത്ത് 63ാ മത് സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്നും കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്സിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു. 5 നാൾ നീളുന്ന കൗമാരകലാമേളയിൽ 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

 

 

 

 

 

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിന് കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈൽ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാൻ കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ https://play.google.com/store/apps/details?id=com.technocuz.kalolsavam എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്ലിക്കേഷനായും ലഭിക്കും.

 

 

 

 

സനാതന ധർമ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതെന്നും അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണെന്നും സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണം അല്ലാതെ പൊതു ചർച്ച അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട് അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിൻ്റെ പ്രതികരണം.

 

 

 

 

മുഖ്യ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിൽ ഉള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടതെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല, എല്ലാ മത സാമുദായിക സംഘടനകളും ആയി കോൺഗ്രസിനു നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ചൈനയിൽ വൈറൽ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന് വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും മലയാളികൾ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലർത്തണമെന്ന് മന്ത്രി ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

 

 

 

പാലക്കാട് കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി നേരിട്ടെത്തി വിലയിരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പാലക്കാട് കൂട്ടുപാതയിലെ ഈ കേന്ദ്രം കുപ്പക്കാട് എന്നാണ് അറിയപ്പെടുന്നതെന്നും കുപ്പക്കാട് പൂർണമായും മാലിന്യമുക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

 

സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം ഇന്ത്യ വിക്ഷേപിച്ച റോബോട്ടിക് ആം (യന്ത്രകൈ) പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം എന്ന വിശേഷണത്തോടെ യന്ത്രകൈയുടെ വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ബഹിരാകാശ മാലിന്യങ്ങളെ പിടികൂടാന്‍ വേണ്ടിയാണ് ഈ യന്ത്രകൈ ഇസ്രൊ വികസിപ്പിച്ചത്.

 

 

 

 

മൃദംഗവിഷൻ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം വിട്ടുനൽകിയതിൽ ഉന്നതരുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. 2024 ഓഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മൃദംഗവിഷൻ ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്ക് അപേക്ഷ സമർപ്പിക്കുന്നത്. ചന്ദ്രൻപിള്ള ഈ അപേക്ഷ സ്റ്റേഡിയത്തിന്റെ എസ്റ്റേറ്റ് വിഭാഗത്തിന് കൈമാറി എന്നാൽ 2025 ഏപ്രിൽ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നൽകിയിരിക്കുന്നതിനാൽ സ്റ്റേഡിയം വിട്ടുനൽകാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാഗത്തിന്റ തീരുമാനം. എന്നാൽ, ഈ തീരുമാനം പിന്നീട് അട്ടിമറിച്ചായിരുന്നു സ്റ്റേഡിയം മൃദംഗവിഷന് ലഭിച്ചത്.

 

 

 

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ജി.സി.ഡി.എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ളയെ ഉപരോധിക്കുകയുമായിരുന്നു. ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെയാണ് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

 

 

 

 

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 9 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് പ്രതികൾ. പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇവർക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും. 2005 ഒക്ടോബറിൽ കണ്ണൂർ കണ്ണപുരത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ റീജിത്തിനെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.19 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

 

 

 

 

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. എംഎൽഎ കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എക്സർസൈസിന്‍റെ ഭാഗമായി പേപ്പറിൽ എഴുതിയതായും ഡോക്ടർമാർ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങൾക്ക് നിർദേശം നൽകി.

 

 

 

 

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിക്ക് നൃത്തം ചെയ്ത ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് നടി ഗായത്രി വർഷ വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം. സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി വിമർശിച്ചു.

 

 

 

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോഴാണ് വിജിലൻസ് അന്വേഷണത്തിനും ഉത്തരവാകുന്നത്.

 

 

 

 

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും. എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിക്കും. കേസ് എടുത്തതിന് പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

 

 

 

ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോട് മാർച്ച് 28ന് ഹാജരാകാൻ തൃശൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഗോകുലം ഗോപാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ ആരോപണം.

 

 

 

ബാലരാമപുരത്ത് നടന്ന സാംസ്ക്കാരിക കൂട്ടായ്മയായ വനിതാ ജംഗ്ഷൻ പരിപാടി വഴിയാത്രക്കാരെ വഴിമുട്ടിച്ചിട്ടും കേസെടുക്കാതെ പൊലീസ്. വിഴിഞ്ഞം റോഡിൽ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. പൊതുവേ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനിൽ ഓഫീസ് -സ്കൂൾ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

 

 

 

 

എറണാകുളം കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്. തൃശൂർ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂർ സ്വദേശി തൻസീർ എന്നിവർ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടയുടെ മുൻവശം കമ്പിപ്പാര വച്ച് കുത്തിത്തുറന്ന പ്രതികൾ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നു.

 

 

 

 

കണ്ണൂർഎഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

 

 

 

 

 

നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടത്.

 

 

 

 

തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

 

പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം.

 

 

 

 

 

നടിയും ചലച്ചിത്ര നിർമ്മാതാവും അധ്യാപികയുമായ അപർണ മല്ലാടി അന്തരിച്ചു. യുഎസിലെ ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു നടി അന്തരിച്ചത്. 54 വയസായിരുന്നു. ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിന് വളരെ മുമ്പുതന്നെ തെലുങ്ക് സ്വതന്ത്ര ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ ചലച്ചിത്ര നിർമ്മാതാവായിരുന്നു അപർണ.

 

 

 

 

തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തറിയിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

 

 

 

ഛത്തീസ്ഗഡില്‍ കാണാതായ സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കറിന്‍റെ മൃതദേഹം പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ബിജാപൂർ നഗരത്തിലെ റോഡ് കോൺട്രാക്ടറുടെ വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് യുവ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്.

 

 

 

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരടിലാണ് വ്യവസ്ഥ.

 

 

 

 

അദാനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ചെന്നൈ പൊലീസ്. അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കത്തിന്‍റെ നേതൃത്വത്തിലുള്ള നാളത്തെ യോഗത്തിന് അനുമതിയില്ല.ഗതാഗത തടസ്സത്തിനു സാധ്യത എന്നാണ് വിശദീകരണം. സ്ഥിരംയോഗങ്ങൾ നടക്കുന്ന വള്ളുവർകോട്ടത്തിൽ ആയിരുന്നു വേദി. ഇതോടെ സ്റ്റാലിൻ അദാനിയുടെ ഏജന്‍റെന്ന് തെളിഞ്ഞതായി അറപ്പോർ ഇയക്കം വ്യക്തമാക്കി.

 

 

 

ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച് എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങൾ ആശുപത്രിയിലായി. എന്നാൽ രോഗപ്പകർച്ചയുടെ വിശദംശങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

 

 

ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് വെെറസ് പടരുന്നതായുള്ള റിപ്പോർട്ടുകളിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കി. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

 

 

 

 

മൈക്രോ ബ്ലോഗിംഗ് സംവിധാനമായ എക്സില്‍ തന്‍റെ പേരും പ്രൊഫൈൽ പിക്ചറും മാറ്റി എക്സിന്റെ ഉടമയും നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണൾഡ്‌ ട്രംപിന്‍റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. ലാസ് വേഗാസിലെ ഡൊണള്‍ഡ് ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ ഇലോൺ മസ്ക് എക്‌സില്‍ പഴയ നാമമായ കെകിയസ് മാക്സിമസ് എന്നതിലേക്ക് തിരിച്ചെത്തി.

 

 

 

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ. വിരമിക്കാന്‍ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. നിര്‍ണായകമായ മത്സരമായതിനാല്‍ മികച്ച ഫോമിലുള്ള താരങ്ങള്‍ ആവശ്യമുണ്ട് അതിനാലാണ് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനമെടുത്തതെന്നുമാണ് രോഹിത്തിന്റെ വിശദീകരണം.

 

 

 

 

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അന്ത്യത്തിലേക്ക്. ഓസീസിനെ 181 ന് എറിഞ്ഞിട്ട് നാല് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ഇന്ത്യ തുടങ്ങിയത് തന്നെ ആക്രമണശൈലിയിലായിരുന്നു. സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറില്‍ നാല് ബൗണ്ടറിയുമായി ജയ്‌സ്വാള്‍ നയം വ്യക്തമാക്കി. മികച്ച തുടക്കമിട്ട ഇന്ത്യയെ ഞെട്ടിച്ച് ബോളണ്ട് ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *