Untitled design 20241217 141339 0000

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

വയനാട് പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ. റവന്യൂ മന്ത്രി ഇന്ന് വയനാട്ടിൽ എത്തും. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള നടപടികൾ അടക്കം വിലയിരുത്തും. തുടർന്ന് കളക്ടറേറ്റിൽ അവലോകന യോഗത്തിലും പങ്കെടുക്കും.

 

 

 

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തിയെന്നും എന്നാൽ 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തതിനാൽ പലിശ ഉൾപ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി ആണെങ്കിലും കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അനില്‍ അംബാനിയുടെ കമ്പനിയില്‍ കെഎഫ്സി 60 കോടി നിക്ഷപിച്ചതില്‍ അഴിമതിയെന്ന വി.ഡി. സതീശന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ആക്ഷേപത്തിന് തെളിവ് ഹാജരാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് RBl യുടെ ഷെഡ്യൂൾഡ് സ്ഥാപങ്ങളിൽ നിക്ഷേപിക്കാമെന്ന

മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നിക്ഷേപമെന്നും , ഡബിൾ റേറ്റിംഗ് ഉള്ള റിലയൻസിലാണ് അന്ന് നിക്ഷേപം നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.

 

 

 

പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഉദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദിയെന്നും ജീവിതത്തിൽ അഭിമാനമായി കാണുന്ന മുഹൂർത്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

 

 

 

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ലെന്നും കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നതെന്നും ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പരിപാടികൾക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവയ്ക്കാനാണ് നിർദേശം. ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് പിന്നാലെയാണ് കോർപ്പറേഷന്റെ ഇടപെടൽ. എന്നാല്‍, ഇത്തരമൊരു സ്റ്റോപ്പ് മെമ്മോ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പന്തല്‍ നിര്‍മിച്ചതിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണ് കത്ത് ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

 

 

 

മാസപ്പടി വിവാദത്തില്‍ വീണ വീജയന്‍റെ സർവീസ് ടാക്സ് രജിസ്ട്രേഷൻ വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍. എന്നാല്‍ വിവരങ്ങൾ ലഭ്യമല്ലെന്നാണ് മറുപടി കിട്ടിയത്. വീണയെ സംരക്ഷിക്കാൻ ധനമന്ത്രിയെ കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു.1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു തന്‍റെ ചോദ്യം എന്നാൽനിയമ പ്രകാരം സംസ്ഥാനത്തിന് കിട്ടേണ്ട നികുതി കിട്ടി എന്നായിരുന്നു മന്ത്രി പറഞ്ഞത്.

 

 

 

കാസർകോട് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനത്തിനെതിരെ സുപ്രീകോടതിയിൽ ഹർജി. പ്രോ വി സിയായി നിയമിച്ച ഡോ. കെ കെ ജയപ്രസാദിന് യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയില്ലെന്നാണ് വാദം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശി ഡോ. എസ് ആർ ജിതയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

 

 

 

കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

 

 

 

കലൂരിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതോടൊപ്പം വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പരിപാടിയിലെടുത്ത കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്.

 

 

 

 

നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാമെന്ന് സാമൂഹികാഘാത പഠന റിപ്പോർട്ട്. തൃക്കാക്കര ഭാരത്‍ മാതാ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം നടത്തിയ പഠന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുളള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. വിശദമായ റിപ്പോർട്ട് കളക്ടർ സംസ്ഥാന സർക്കാരിന് കൈമാറും.

 

 

 

യമന്‍ പൗരനെ കൊലപ്പെടുത്തി എന്ന കേസില്‍ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. മാനുഷികപരിഗണന നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെയായിരുന്നു പ്രതികരണം.

 

 

 

കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

 

 

 

എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

 

 

ലൈഫ് മിഷൻ പദ്ധതിയിൽ അന്ധരായ കുടുബത്തിന് വാസയോഗ്യമല്ലാത്ത ഭൂമി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടപരിഹാരം ഈടാക്കാനും ബാലാവകാശ കമ്മിഷൻ ഉത്തരവായി. റാന്നി വടശ്ശേരിക്കര പഞ്ചായത്തിൽ കാഴ്ചയില്ലാത്ത മാതാപിതാക്കൾക്കൊപ്പം എട്ടാംക്ലാസ് വിദ്യാർത്ഥിനി അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന വിഷയത്തിൽ കമ്മിഷൻ സ്ഥലം സന്ദർശിക്കുകയും സ്വമേധയാ നടപടി സ്വീകരിക്കുകയുമായിരുന്നു.

 

 

 

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്.

 

 

 

വരും വർഷങ്ങളിലെ കലാ കായിക മേളകളിൽ പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ കായിക മേളയുടെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

 

 

 

കാലിക്കറ്റ് ട്രേഡ് സെന്‍ററിലെ പുതുവര്‍ഷാഘോഷം നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് കോര്‍പറേഷന്‍. ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് പരിപാടി സംഘടിപ്പിച്ചതെതെന്നും ട്രേഡ് സെന്‍റര്‍ അനധികൃത കെട്ടിടമെന്നും വ്യക്തമാക്കിയ കോര്‍പറേഷന്‍ ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അറിയിച്ചു. എന്നാല്‍ തദ്ദേശഭരണ മന്ത്രി പങ്കെടുത്ത അദാലത്തിലെ തീരുമാനത്തെ മറയാക്കിയാണ് ട്രേഡ് സെന്‍ററിന്‍റെ പ്രതിരോധം.

 

 

 

10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ കുഞ്ഞപ്പു മകൻ സജീവനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

 

 

 

കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞു. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സനാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ കാണാനില്ലെന്ന് ഭാര്യ രാവിലെ പൊലീസിൽ പരാതി നൽകിയിരുന്നു.

 

 

 

കുന്നംകുളം കേച്ചേരി വേലൂരിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

 

തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചായിരുന്നു അപകടം.

 

 

 

പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ കാമറ കണ്ടെത്തിയതിന് പിന്നാലെ ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനിയറിങ് കോളേജിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സംഭവത്തിൽ അടിയന്തിര നടപടികൾ വേണമെന്ന് വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. ഹോസ്റ്റലിലെ അടുക്കള ജോലിക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വിദ്യാര്‍ത്ഥിനികൾ പൊലീസിനോട് പറഞ്ഞു.

 

 

 

ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ നാലുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. പിടിയിലായവരില്‍ രണ്ടു പേര്‍ ബംഗ്ലാദേശികളാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്നവരാണ് മറ്റുരണ്ട് പേരെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു.

 

 

 

 

സൈബര്‍ തട്ടിപ്പുകാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. സൈബര്‍ ക്രൈമുകള്‍ക്ക് വാട്‌സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്നും വാട്‌സ്ആപ്പിനെ കൂടാതെ ടെലഗ്രാമും ഇൻസ്റ്റഗ്രാമും സൈബര്‍ തട്ടിപ്പ് കൂടുതലായി നടക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റിലുണ്ടെന്നുമാണ് റിപ്പോർട്ട്.

 

 

 

അമേരിക്കയിലെ ലാസ് വേഗാസിലുള്ള ട്രംപ് ഹോട്ടലിന് മുമ്പില്‍ ടെസ്‌ലയുടെ സൈബർട്രക്ക് പൊട്ടിത്തെറിച്ച സംഭവം തീവ്രവാദി ആക്രമണമെന്ന് വിശേഷിപ്പിച്ച് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. സൈബര്‍ട്രക്കിന്‍റെ ഡിസൈന്‍ സ്ഫോടനത്തിന്‍റെ ആഘാതം കുറച്ചെന്നും ഹോട്ടല്‍ ലോബിയുടെ ഗ്ലാസ് ഡോര്‍ പോലും തകര്‍ന്നില്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

 

 

 

ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ നിരവധി ഹൈവേകൾ അടച്ചു.ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതി കഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.

 

 

ഇന്ത്യക്കെതിരായ സിഡ്നി ടെസ്റ്റനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ നാലു ടെസ്റ്റുകളിലും കളിച്ച മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ പുതുമുഖ ഓള്‍ റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്റര്‍ നാളെ ഓസീസ് ടീമില്‍ അരങ്ങേറും. ഓപ്പണര്‍മാരായ യുവതാരം സാം കോണ്‍സ്റ്റാസും ഉസ്മാന്‍ ഖവാജയും തന്നെയാണ് സിഡ്നിയിലും ഇറങ്ങുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *