മണിയാർ കരാർ കാർബൊറണ്ടം ഗ്രൂപ്പിൻ്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കം കെഎസ്ഇബിയുടെ എതിർപ്പ് മറികടന്നാണെന്ന് റിപ്പോർട്ട്. കരാർ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉൽപ്പാദന നഷ്ടമെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കരാർ പുതുക്കുന്നത് സർക്കാർ താൽപര്യത്തിന് വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കെഎസ്ഇബി സമർപ്പിച്ച റിപ്പോർട്ടാണ് പുറത്ത് വന്നത്.
മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം ഗ്രൂപ്പിന് നീട്ടി നൽകാൻ സർക്കാർ കള്ളക്കളി നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും രമേശ് ചെന്നിത്തല. കാർബൊറണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഒരു യൂണിറ്റിന് 50 പൈസക്കാണ് അവസരം നൽകിയതെന്നും ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത് ഈ മാസം 30 ന് കരാർ കാലാവധി കഴിയും അതിനാൽ ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത് എന്നാൽ അത് ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്മാരകത്തിൽ ഇരുനേതാക്കന്മാരും പുഷ്പാർച്ചന നടത്തി തുടർന്ന് ഇരുവരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിൽ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെ മാധ്യമ വിഭാഗം പാനലിൽ നിന്ന് ഒഴിവാക്കി. ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് നടപടി. ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം.
മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ മുസ്ലിം ലീഗിൻ്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വക്കേറ്റ് മുഹമ്മദ് ഷായ്ക്കെതിരെ പോസ്റ്ററുകൾ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാർട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുനമ്പം പ്രശ്നവും സമസ്ത തർക്കവും അടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.
തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തോട്ടട ഐ ടി ഐ സംഘർഷത്തിൽ പരുക്കേറ്റ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരുക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ 6 കെ എസ് യു പ്രവർത്തകർക്ക് എതിരെയും കേസെടുത്തു. സംഭവത്തിൽ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷിയോഗം ചേരും. സംഘർഷത്തെ തുടർന്ന് കെഎസ്യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കരിങ്ങാലി വെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിന്ത ജെറോം. പ്രചരിപ്പിച്ചത് അസംബന്ധമായ കാര്യങ്ങളാണെന്നും സമ്മേളനത്തിൽ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളിലുള്ളത് താൻ മാത്രമല്ല, ഒപ്പമുള്ള സഖാക്കളും അതിൽ വെള്ളം കുടിച്ചെന്നും ചിന്ത പറഞ്ഞു. സൈബർ ആക്രമണത്തിലെ തുടർനടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത അറിയിച്ചു.
നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയത് ഗൗരവതരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും സംഭവത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മറ്റ് ഭക്തർക്ക് തടസം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.
കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയിലെ ആചാരങ്ങൾ, ഉത്സവങ്ങൾ, പൂജാ വിവരങ്ങൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റിൽ ലഭ്യമാണ്. ശബരിമലയിലേയ്ക്ക് എരുമേലി, ചാലക്കയം, വണ്ടിപ്പെരിയാർ തുടങ്ങിയ റൂട്ടുകളിലൂടെ എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നുമാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.
വീട് നിർമ്മാണത്തിന് വനംവകുപ്പ് എൻഒസി നൽകിയില്ലെന്ന പരാതിയുമായി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ സമരവുമായി ആദിവാസി കുടുംബം. ഇടുക്കി കണ്ണംപടി വലിയമൂഴിക്കല്‍ രാജപ്പനും ഭാര്യ ലൈലാമ്മയും ആണ് ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്. ലൈഫ് മിഷനിൽ ലഭിച്ച വീട് നിർമ്മിക്കുന്നതിന് വനംവകുപ്പ് തടസ്സം നിൽക്കുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബ് ഗവ.ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്രൗണ്ടില്‍ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തിൻ്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിക്കയറിയ സൂപ്പർ സ്റ്റുഡിയോ താരമായ സാമുവലിന് വിലക്ക് ഏർപ്പെടുത്തി സെവൻസ് ഫുട്ബോൾ അസോസിയേഷൻ. സാമുവലിനെ കളിപ്പിച്ചാൽ കളിക്കളങ്ങൾ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് ഈ സീസണിൽ കളിക്കുന്നതില്‍ നിന്ന് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ പൂവച്ചൽ സ്വദേശിയായ മുഹമ്മദ് അനസിനെ ആക്രമിച്ച കേസിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് കേസിലെ നാല് പ്രതികള്‍.
ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിലുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ ബീച്ചിന് സമീപത്തെ വാഹന പാർക്കിങ് മേഖലയിലേക്കും ബീച്ചിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കടലേറിയതിനെ തുടർന്ന് മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചിലേക്കുള്ള സന്ദർശകരേയും താത്ക്കാലികമായി വിലക്കിയിട്ടുണ്ട്.
തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ സ്കേറ്റിങ് അഭ്യാസം നടത്തിയ സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തൃശ്ശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ വന്‍ചര്‍ച്ചയാകുന്നതിനിടെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടു വെച്ച് സുപ്രീം കോടതി. രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഈ വ്യവസ്ഥകള്‍ ജീവനാംശം വിധിക്കുന്നതിനുള്ള മാര്‍ഗരേഖയായി കണക്കാക്കണമെന്നും. ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുതെന്നും എന്നാല്‍ ഭാര്യയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലർട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
കേരള ഹൗസിലെ കൊച്ചിൻ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന കേരള ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ ദില്ലിയിലെ സംസ്ഥാനത്തിന്റെ ലോ ഓഫീസറായ ഗ്രാൻസിയുടെ വാഹനം ഇടിച്ചു. ഇടിയുടെ ആഘോതത്തിൽ ഗവർണറുടെ ഔദ്യോഗിക വാഹനത്തിന്റെ ബംബർ പൂർണ്ണമായി തകർന്നു. സംഭവം ചോദ്യം ചെയ്ത സുരക്ഷ ജീവനക്കാരോട് ലോ ഓഫീസർ കയർത്തുവെന്നാണ് വിവരം. വാഹനത്തിന്റെ കേടുപാടുകൾ തീർത്തെങ്കിലും ഗവർണറുടെ സുരക്ഷ ചുമതലയുള്ള സിആർപിഎഫ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ദില്ലിയിൽ അതിശൈത്യം. ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ദില്ലിയിൽ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില.
പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട ബംഗ്ലാദേശിലെ ഒരു വിഭാഗം രാഷ്ട്രീയക്കാർക്കും സൈനികർക്കും മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പിടിച്ചെടുക്കാൻ വരുമ്പോൾ ഇന്ത്യക്കാരുടെ കയ്യിൽ ലോലിപോപ്പ് ആയിരിക്കുമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ മറുപടി. അതോടൊപ്പം ബംഗ്ലാദേശ് നടത്തിയ പ്രസ്താവനകളിൽ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും മമത ജനങ്ങളോട് അഭ്യർത്ഥിച്ചു.
പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അർജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. ചിത്രം റിലീസ് ചെയ്ത തിയ്യറ്ററിൽ ഉണ്ടായ ദുരന്തത്തിൽ ഒരു സ്ത്രീ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അല്ലു അർജുനെ കൂടാതെ തീയേറ്റർ ഉടമകൾക്കും സുരക്ഷാജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു.
അമേരിക്കയിലെ ടെക്സസിലെ ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു.
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്. 48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്. സിറിയയുടെ തന്ത്രപ്രധാനമായ സൈനിക സംവിധാനങ്ങളില്‍ ഭൂരിഭാഗവും തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അവകാശപ്പെട്ടു.