Screenshot 20241026 141546 1

31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു.

 

 

 

നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാനും ഇന്നത്തെ യോഗം അനുമതി നൽകി.

 

 

 

 

മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവൻ എം പിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. ചെയർമാൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നങ്ങൾ അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി.

 

 

 

കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് പാർട്ടി പറഞ്ഞാൽ മാറും എന്നാൽ ഒരു ചർച്ചയും ഇപ്പോൾ നടന്നിട്ടില്ലെന്നും കെ സുധാകരൻ. ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കെ പി സിസി നേതൃ മാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു.

 

 

 

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്നും എ കെ ബാലന്‍റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമർശനമുണ്ട്. കൂടാതെ പദവികൾ നൽകുന്നതിൽ പാർട്ടിയിൽ രണ്ട് നീതിയാണെന്നും ആരോപണമുയർന്നു.

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചുവെന്നും ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം 11 കേസുകളുടെത്തിട്ടുണ്ടെന്നും എസ് ഐ ടി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഹർജികൾ ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

 

 

 

കോൺഗ്രസ് നേതൃത്വത്തിനെതിരായ തുറന്ന് പറച്ചിൽ വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്‍റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്നും ഇനി പറയാനുള്ളതെല്ലാം പാർട്ടി വേദിയിൽ മാത്രമേ പറയുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

 

 

സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് കയ്യേറി സമരപന്തലുമായി സിപിഐ സംഘടന. ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്‍റെ വേദിയാണ് റോഡ് കയ്യേറി പന്തൽ കെട്ടിയത്. നടപ്പാത കെട്ടി അടച്ചതോടെ കാല്‍നടയാത്രക്കാര്‍ വലഞ്ഞു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

 

 

 

ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. എത്രയും വേഗം കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ്‌ കോടതിയോട്‌ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്.

 

 

 

എറണാകുളം പടിയാര്‍ മെമ്മോറിയല്‍ കോളജ്, തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് കോളജുകള്‍ക്കെതിരെയാണ് നടപടി. നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ബിഎച്ച്എംഎസ് കോഴ്സിലേക്ക് രണ്ട് കോളജുകളും നടത്തിയ അഡ്മിഷനുകൾ റദ്ദാക്കി. പൊതുവായ കൗൺസിലിങ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയാണ് നടപടി.

 

 

 

സുപ്രീംകോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകി. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ഹർഷദ് വി ഹമീദ്. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. 2021 ലാണ് ഹർഷദ് വി ഹമീദിനെ സ്റ്റാന്റിംഗ് കോണ്‍സലായി നിയമിച്ചത്. കഴിഞ്ഞ 23 വർഷമായി സുപ്രീംകോടതി അഭിഭാഷകനാണ് ഹര്‍ഷദ് വി ഹമീദ്.

 

 

 

 

 

നടിയെ ആക്രമണ കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹർജി നൽകി. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം.

 

 

 

മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞാൽ അത് വഖഫ് ഭൂമി അല്ലാതാകില്ലെന്നുമുള്ള കെ.എം. ഷാജിയുടെ നിലപാടിനെ പിന്തുണച്ച് കോഴിക്കോട്ടെ മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ. കെ.എം. ഷാജിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾക്കൊപ്പം കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചും പോസ്റ്ററുകളുണ്ട്.

 

 

 

 

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആർഎസ്എസ്, ബിജെപി പ്രവർത്തകരായ പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് തീരുമാനം. എന്നാൽ മറ്റ് 5 പ്രതികൾക്ക് ജാമ്യം നൽകിയത് ഹൈക്കോടതി ശരിവെച്ചു.

 

 

 

 

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹ‍ർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യം.

 

 

 

 

കണ്ണൂർ തോട്ടട ഐടിഐയിൽ കെ എസ് യു എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

 

 

 

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയത്. വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.

 

 

 

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജോറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങൾക്ക് മറുപടിയായിട്ടാണ് ചിന്ത ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്.

 

 

 

സ്വന്തമായി അരവണ കണ്ടെയ്ന‍‍ർ നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവിൽ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി. ചെലവ് ചുരുക്കി ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിലക്കലിൽ അരവണ കണ്ടെയ്ന‍ർ പ്ലാൻ്റ് എന്ന ആശയത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയത്. നിലയ്ക്കലിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഭൂമിയിലാകും മൂന്നുകോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പ്ലാൻ്റ് വരികയെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

 

 

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെൻസ് കാർ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

 

 

കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി (70)യാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിൽ പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം നടന്നത്.

 

 

തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

 

ചോലനായിക്ക വിഭാഗത്തിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് ശബ്ദസന്ദേശം. കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ മാതി (27)ആണ് കഴിഞ്ഞ മാസം 30ന് പാറയിൽ നിന്ന് വീണ് മരിച്ചത്. എന്നാൽ ഈ മാസം രണ്ടിനാണ് വിവരം പുറത്തറിയുന്നത്. ശബ്ദസന്ദേശത്തെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. നെടുങ്കയം ഉൾവനത്തിലാണ് സംഭവം. എന്നാൽ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ട്.

 

 

 

ഇന്ത്യ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസ്സിന് പിന്തുണ അറിയിച്ച് ഡിഎംകെ. മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ്‌ ഇളങ്കോവൻ പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ലെന്നും ഇളങ്കോവൻ പറഞ്ഞു.

 

 

കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കാറില്‍ നിന്നിറങ്ങി ലോക്സഭയിലേക്ക് കയറി വരുമ്പോൾ പ്രതിഷേധ സൂചകമായി റോസാപ്പൂവും ത്രിവര്‍ണ പതാകയും നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നവംബര്‍ 20 ന് ലോക്സഭാ സെഷന്‍ ആരംഭിച്ചതു മുതല്‍ അദാനി വിഷയമാണ് കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ജോര്‍ജ് സോറോസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ബി ജെ പി പ്രതിരോധം തീര്‍ക്കുന്നത്.

 

 

 

 

മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ. ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിലായിരുന്നു എംഎൽഎയുടെ പ്രസംഗം. ബെൽദംഗയിലെ ഒരു മദ്രസയിലായിരുന്നു പരിപാടി.

 

 

 

ദക്ഷിണകൊറിയൻ മുൻ പ്രതിരോധ മന്ത്രി അറസ്റ്റിന് തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പട്ടാളനിയമം നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുൻ ആണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ച പ്രതിരോധമന്ത്രി ഞായറാഴ്ച മുതൽ കസ്റ്റഡിയിലാണ്.

 

 

 

ഉത്തർപ്രദേശിലെ 185 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കി. ഫത്തേപൂർ ജില്ലയിൽ ബന്ദ-ബഹ്‌റൈച്ച് ഹൈവേക്ക് സമീപത്ത് കൈയേറ്റമാരോപിച്ചാണ് പള്ളിയുടെ ഒരുഭാഗം അധികൃതർ പൊളിച്ചത്. പൊളിച്ച ഭാഗം നിയമവിരുദ്ധമായി സ്ഥലം കൈയേറി നിർമിച്ചതാണെന്ന് രേഖയുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി പരാതി ഉയർന്നുവന്നതാണെന്നും ജില്ലാ ഭരണകൂടം അവകാശപ്പെട്ടു.

 

 

രാജ്യത്തെ സ്ത്രീകളുടെ വസ്ത്ര

സ്വാതന്ത്ര്യത്തിനുമേൽ മതനിയമം

അടിച്ചേൽപ്പിക്കില്ലെന്ന് ഉറപ്പ് നൽകി സിറിയയിലെ വിമതർ. സിറിയയിൽ അസദിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത ശേഷമാണ് സ്ത്രീകൾക്ക്

മതപരമായ വസ്ത്രധാരണം നിർബന്ധമാക്കില്ലെന്നും എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം

ഉറപ്പുവരുത്തുമെന്നും വിമതസേനയുടെ ജനറൽ

കമാൻഡർ അറിയിച്ചത്.

 

 

സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്നും എല്ലാവരും ലെബനൺ അതിർത്തി കടന്നു എന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവരെ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പർക്കത്തിലിരിക്കാനും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *